News - 2024

കോവിഡ് കാലത്ത് ദേവാലയങ്ങൾ അടച്ചിട്ടത് ആളുകളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചു; സര്‍വ്വേ റിപ്പോർട്ട്

പ്രവാചകശബ്ദം 21-12-2023 - Thursday

ലണ്ടന്‍: കോവിഡ് കാലത്ത് ദേവാലയങ്ങൾ അടച്ചിട്ടത് ആളുകളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ റിപ്പോർട്ട് പുറത്ത്. ആയിരത്തോളം വരുന്ന യുകെയിലെ കത്തോലിക്കാ വിശ്വാസികളുടെ ഇടയിൽ 'കാത്തലിക്ക് യൂണിയൻ ഓഫ് ഗ്രേറ്റ് ബ്രിട്ടൻ' ആണ് സര്‍വ്വേ നടത്തിയത്. മൂന്നിൽ രണ്ട് കത്തോലിക്കരും, - 62 ശതമാനം ആളുകളും, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാത്തത് മൂലം കോവിഡ് കാലത്ത് മാനസിക, ആത്മീയ സംഘർഷം അനുഭവിച്ചതായി വെളിപ്പെടുത്തി.

തങ്ങൾക്ക് ഡിപ്രഷൻ അടക്കം അനുഭവപ്പെട്ടതായും, തങ്ങളുടെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗം നഷ്ടമായെന്ന തോന്നൽ ഉണ്ടായെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. ദേവാലയങ്ങൾ, ആശുപത്രികൾ പോലെ അത്യാവശ്യ വിഭാഗത്തില്‍പ്പെട്ടതു പോലെ പ്രധാനപ്പെട്ടതാണെന്നു സർവേയിൽ പങ്കെടുത്ത 90% പേരും പറഞ്ഞു. ദേവാലയങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തപ്പോൾ വിശ്വാസികളുടെ ഭാഗം രാഷ്ട്രീയക്കാർ കണക്കിലെടുത്തില്ലായെന്ന അഭിപ്രായമാണ് 93% പേർക്കും ഉള്ളത്.

സർവേയിലെ കണ്ടെത്തൽ ഞെട്ടല്‍ ഉള്ളവാക്കുന്നതാണെന്നു കാത്തലിക്ക് യൂണിയന്റെ അധ്യക്ഷ പദവി വഹിക്കുന്ന ബാരോണസ് ഹോളിൻസ് പറഞ്ഞു. വിശ്വാസത്തെയും, വിശ്വാസി സമൂഹങ്ങളെയും തീരുമാനങ്ങൾ എടുത്ത സമയത്ത് മാറ്റിനിർത്തിയെന്ന തോന്നൽ പ്രബലമാണെന്ന് പറഞ്ഞ അവർ, കോവിഡ്-19 എൻക്വയറി റിപ്പോര്‍ട്ടില്‍ നിന്നും പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ടെന്ന് കൂട്ടിച്ചേർത്തു. അതേസമയം കോവിഡ് കാലഘട്ടത്തിനുശേഷം, വിശുദ്ധ കുർബാനയിൽ നേരത്തെ പങ്കെടുത്തുകൊണ്ടിരുന്ന എല്ലാ കത്തോലിക്കരും തന്നെ തിരികെ ദേവാലയങ്ങളിൽ എത്തിത്തുടങ്ങിയെന്നാണ് സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നത്.


Related Articles »