News - 2025
ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടത്തിയവരെ വിചാരണ ചെയ്യുമെന്ന് വൈറ്റ്ഹൗസിന്റെ ഉറപ്പ്
പ്രവാചക ശബ്ദം 21-07-2020 - Tuesday
വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയില്‍ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധങ്ങളുടെ മറവില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെയും വിശുദ്ധരുടെ രൂപങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും, വിചാരണ ചെയ്ത് ശിക്ഷ ഉറപ്പാക്കുമെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ കെന്‍ ഫര്‍ണാസോയുടെ ഉറപ്പ്. ഡെയിലി കോളര്‍ ന്യൂസ് ഫൗണ്ടേഷനാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മിയാമിയിലെ യേശുക്രിസ്തുവിന്റെ രൂപവും ബോസ്റ്റണിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപവും ഉള്‍പ്പെടെയുള്ള കത്തോലിക്ക സ്മാരകങ്ങള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളെ 'തികച്ചും ഭയാനകം' എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണവിഭാഗം ഡെപ്യൂട്ടി പ്രസ്സ് സെക്രട്ടറി കൂടിയായ ഫര്‍ണാസോ വിശേഷിപ്പിച്ചത്.
കത്തോലിക്ക സഭക്ക് പ്രസിഡന്റിന്റെ പിന്തുണയുണ്ടെന്ന്‍ അറിയിച്ച ഫര്‍ണാസോ, ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കിയതായും, അമേരിക്കന്‍ ചരിത്രത്തെ തിരുത്തിയെഴുതുവാനുള്ള ശ്രമങ്ങളെ പ്രസിഡന്റ് വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂണ്‍ 26ന് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മതപരമായ വസ്തുവകകളെ നശിപ്പിക്കുന്നവരെ വിചാരണ ചെയ്യണമെന്നും, പൊതു സ്മാരകങ്ങളേയും പ്രതിമകളേയും നശിപ്പിക്കുന്നത് തടയുന്നതില്‍ പരാജയപ്പെടുന്ന സംസ്ഥാനങ്ങള്‍ക്കോ പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ ഫെഡറല്‍ ഗവണ്‍മെന്റിന്റെ യാതൊരു സഹായവും ലഭിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ അരാചകത്വത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഫര്‍ണാസോ ആരോപിച്ചു.
ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധങ്ങളുടെ മറവില്‍ അമേരിക്കയില്‍ കത്തോലിക്ക ആരാധനാലയങ്ങളും വിശുദ്ധരുടെ പ്രതിമകളും ആക്രമിക്കപ്പെടുന്നത് പതിവു സംഭവമായി മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ശക്തമായ ഇടപെടലുമായി അമേരിക്കന്‍ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കത്തോലിക്ക സെമിത്തേരിയിലെ ശവക്കല്ലറകളില്‍ വരെ ക്രൈസ്തവ വിരുദ്ധ പ്രസ്താവനകള്‍ പ്രക്ഷോഭകര്‍ എഴുതിയിരിന്നു. ദേവാലയത്തിലേക്ക് വാഹനമോടിച്ചു കയറ്റി ദേവാലയത്തിന് തീകൊളുത്തുവാന്‍ ശ്രമിച്ച യുവാവിനെ സമീപകാലത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 250 വര്‍ഷങ്ങളുടെ പഴക്കമുള്ള സാന്‍ ഗബ്രിയേല കത്തോലിക്കാ മിഷന്‍ കേന്ദ്രത്തിലുണ്ടായ തീപിടുത്തവും, വിശുദ്ധ ജൂനിപെറോയുടെ രൂപങ്ങള്‍ തകര്‍ത്തതും ഇതിനോട് ബന്ധപ്പെടുത്തി പോലീസ് അന്വേഷിച്ച് വരികയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക