News - 2025
ദൈവീക ഇടപെടല്‍ യാചിച്ച് നാളെ മുതല്‍ കെസിബിസിയുടെ പ്രാര്‍ത്ഥനായത്നം
പ്രവാചക ശബ്ദം 23-07-2020 - Thursday
കൊച്ചി: ഈ കാലഘട്ടത്തിന്റെ സങ്കീര്‍ണതകള്‍ക്ക് ദൈവീകമായ പരിഹാരം തേടി വിവിധ ധ്യാനകേന്ദ്രങ്ങളുടെ സഹകരണത്തോടെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രാര്‍ത്ഥനായത്നം നാളെ ആരംഭിക്കും. നാളെ ജൂലൈ 24-ാം തീയതി ആരംഭിച്ച് ഓഗസ്റ്റ് 2-ന് അവസാനിക്കുന്ന വിധത്തിലാണ് പ്രാര്‍ത്ഥനായത്നം ക്രമീകരിച്ചിരിക്കുന്നത്. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ ആസ്ഥാനകാര്യാലയമായ കളമശ്ശേരി എമ്മാവൂസില്‍ നാളെ വെള്ളിയാഴ്ച വൈകീട്ട് 6.30-ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ സന്ദേശം നല്‍കി ഉദ്ഘാടനം ചെയ്യും.
മാനസാന്തരത്തിന്റെയും വിശുദ്ധീകരണത്തിന്റെയും പരസ്പരമുള്ള കരുതലിന്റെയും സന്ദര്‍ഭമാണിതെന്നും മഹാമാരിയുടെ സങ്കീര്‍ണതകള്‍ക്കു മധ്യേ വിഹ്വലരായി നില്ക്കുന്ന ജനസാമാന്യത്തിന് പ്രത്യാശ പകരാനും ദൈവികമായ സമാശ്വാസം ലഭിക്കാനും ഈ പ്രാര്‍ത്ഥനായത്നം ഇടയാക്കുമെന്നും കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ കുടുംബപ്രാര്‍ത്ഥനയ്ക്ക് ഏവരും കൂടുതല്‍ പ്രാധാന്യം നല്കണമെന്ന് അദ്ദേഹം പറഞ്ഞു.
പത്തു ദിവസങ്ങളിലായി വൈകീട്ട് 6.30 മുതല്‍ 9.30 വരെ വിവിധ ധ്യാനകേന്ദ്രങ്ങളില്‍നിന്ന് പത്തു ധ്യാനഗുരുക്കന്മാര്‍ നേതൃത്വം നല്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷകളുടെ സംപ്രേഷണം ഷെക്കെയ്ന ചാനലിലൂടെ തത്സമയം ലഭ്യമാക്കും. ഫാ. ജോസഫ് താമരവെളി, ഫാ. ജോസ് ഉപ്പാണി, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ വിസി, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ. ഡേവിസ് പട്ടത്ത്, സിസ്റ്റര്‍ എല്‍സിസ് മാത്യു, ബ്രദര്‍ സന്തോഷ് കരുമാത്ര, ഫാ. ഡൊമിനിക് വാളമ്‌നാല്‍, ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ജോസഫ് വലിയവീട്ടില്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക