News - 2024

നൈജീരിയന്‍ ക്രൈസ്തവ വംശഹത്യ: സർക്കാർ നിശബ്ദത വെടിയണമെന്ന് ഇവാഞ്ചലിക്കൽ നേതാവ്

പ്രവാചക ശബ്ദം 24-07-2020 - Friday

അബൂജ: നൈജീരിയയിലെ കടൂണ സംസ്ഥാനത്തെയും, മറ്റ് സ്ഥലങ്ങളിലെയും ക്രൈസ്തവ വംശഹത്യ ഇനിയുംവെച്ചു പൊറുപ്പിക്കാൻ പറ്റില്ലായെന്നും സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും നൈജീരിയയിലെ ക്രൈസ്തവ നേതാവായ സ്റ്റീഫൻ ബാബ പൻയ. ഇവാഞ്ചലിക്കൽ ചർച്ച് വിന്നിങ് ഓൾ സഭയുടെ അധ്യക്ഷനായ റവ. സ്റ്റീഫൻ ബാബ വ്യാഴാഴ്ചയാണ് നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോടും, കടൂണ സംസ്ഥാന സർക്കാരിനോടും പത്രക്കുറിപ്പിലൂടെ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കടൂണ സംസ്ഥാനത്ത് ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് സ്വന്തം വീടുകളിൽ പോലും ക്രൈസ്തവർ ആക്രമിക്കപ്പെടുന്നതെന്ന് റവ. സ്റ്റീഫൻ ബാബ കുറിച്ചു. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ക്രൈസ്തവരുടെ മേൽ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന പീഡനങ്ങൾ ഈ കൃഷി കാലത്ത് മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുകയാണ്. ക്രൈസ്തവരായ കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കാൻ പോലും സാധിക്കുന്നില്ല. കടൂണ സംസ്ഥാനത്ത് പ്രത്യേകിച്ച്, തെക്കൻ പ്രദേശങ്ങളിൽ ദീർഘനാളായി നടക്കുന്ന കൊലപാതകങ്ങളെ പ്രതിരോധിക്കാനായി സർക്കാർ ഇടപെടൽ നടക്കുന്നില്ല.

ഗ്രാമങ്ങളുടെ ഉള്ളിൽ തന്നെ ഉള്ളവരാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് അവരുടെ പ്രവർത്തന രീതികളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018ൽ അഡാര സമൂഹത്തിന്റെ തലവനെ ഫുലാനി മുസ്ലിം ഗോത്രവർഗ്ഗക്കാരുടെ സഹായത്തോടെ സർക്കാർ പ്രതിനിധികൾ കൊലപ്പെടുത്തിയ സംഭവം സ്റ്റീഫൻ ബാബ കുറിപ്പില്‍ സ്മരിച്ചു. ജനങ്ങൾ ആക്രമിക്കപ്പെടുന്നതിന്റെ പേരിൽ സർക്കാരിനെ വിമർശിച്ചതിനു പിന്നാലെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അതേസമയം നൈജീരിയ ആസ്ഥാനമായുള്ള ഇന്‍റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഇക്കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്തു ആയിരത്തിഇരുന്നൂറ്റിരണ്ടു ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »