News - 2024

നാന്റെസിലെ കത്തീഡ്രല്‍ തീപിടിത്തത്തിന് പിന്നില്‍ റുവാണ്ടന്‍ അഭയാര്‍ത്ഥി

പ്രവാചക ശബ്ദം 27-07-2020 - Monday

പാരീസ്: ഫ്രാന്‍സിലെ നാന്‍റെസിലെ പുരാതന കത്തോലിക്കാ കത്തീഡ്രലിനു തീപിടിച്ച സംഭവത്തില്‍ റുവാണ്ടന്‍ അഭയാര്‍ത്ഥി കുറ്റം സമ്മതിച്ചതായി ഫ്രഞ്ച് മാധ്യമങ്ങള്‍. കത്തീഡ്രലിന്റെ മേല്‍നോട്ടച്ചുമതല വഹിച്ചിരുന്ന ഇയാളെ തീപിടുത്തമുണ്ടായതിനു പിറ്റേന്ന് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. ഇയാളുടെ പേരു പുറത്തുവിട്ടിട്ടില്ല. 39 വയസുള്ള അക്രമി പള്ളിയില്‍ സന്നദ്ധസേവനം ചെയ്തിരുന്നു. തീപിടുത്തത്തിന്റെ തലേന്ന് പള്ളി പൂട്ടാനുള്ള ചുമതല ഇയാള്‍ക്കായിരുന്നുവെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും നാമധേയത്തില്‍ ഗോത്തിക് മാതൃകയില്‍ നിര്‍മിച്ച കത്തീഡ്രലിലെ തീപിടിത്തം മനപ്പൂര്‍വമുള്ള കൊള്ളിവയ്ക്കലാണെന്ന നിരീക്ഷണം ശക്തമായിരിന്നു.

ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രലിന് പിന്നാലെ നാന്റെസ് നഗരത്തിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള സെയിന്റ് പിയറെ-എറ്റ്-സെയിന്റ് പോള്‍ കത്തീഡ്രലിലും തീപിടുത്തം ഉണ്ടായത്. പ്രാദേശിക സമയം രാവിലെ ഏഴരയോടെ ഉണ്ടായ തീപിടുത്തത്തില്‍ കത്തീഡ്രലിലെ 400 വര്‍ഷം പഴക്കമുള്ള ഓര്‍ഗനും, ചില്ല് ജാലകങ്ങളും കത്തിനശിച്ചിരിന്നു. ദേവാലയത്തില്‍ മൂന്നു തീപിടുത്തമുണ്ടായത് സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രോസിക്യൂട്ടര്‍ പിയറെ സെന്നസ് നേരത്തെ വെളിപ്പെടുത്തി. എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായിരിക്കുന്നത്.

1434ൽ നിർമ്മാണമാരംഭിച്ച നാന്റെസ് കത്തീഡ്രലിന്റെ നിർമാണം 450 വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. 1944-ല്‍ രണ്ടാം ലോകമഹായുദ്ധത്തിനിടയില്‍ സഖ്യകക്ഷികളുടെ ബോംബ് ആക്രമണത്തില്‍ ദേവാലയത്തിനു തീപിടിച്ചിരുന്നു. പിന്നീട് 1972-ലും ദേവാലയത്തിന്റെ മേല്‍ക്കൂര ഭാഗികമായി നശിച്ചിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേവാലയത്തിന്റെ തടിയില്‍ തീര്‍ത്ത മേല്‍ക്കൂര മാറ്റിയത്. പാരീസിലെ നോട്രഡാം കത്തീഡ്രലില്‍ തീപിടുത്തമുണ്ടായി ഒരു വര്‍ഷത്തിനു ശേഷമാണ് നാന്റെസിലെ കത്തീഡ്രലിലും തീപിടിത്തമുണ്ടായതെന്ന വസ്തുത ആഗോള തലത്തില്‍ വലിയ ചര്‍ച്ചയ്ക്കു കാരണമാകുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »