News - 2024

ക്രിസ്തുമസിന് ഉത്തർപ്രദേശിലെ സെന്‍റ് ജോസഫ് കത്തീഡ്രലിന് മുന്നില്‍ "ഹരേ കൃഷ്ണ" വിളിയോ?; സത്യാവസ്ഥ ഇങ്ങനെ

പ്രവാചകശബ്ദം 28-12-2024 - Saturday

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവില്‍ ക്രിസ്തുമസ് ദിനത്തില്‍ സെന്‍റ് ജോസഫ് കത്തീഡ്രലിന് മുന്നില്‍ "ഹരേ കൃഷ്ണ, ഹരേ റാം" എന്ന വിളികളോടെ ഹിന്ദുത്വ പ്രവർത്തകർ തടിച്ചുകൂടിയെന്ന വ്യാഖ്യാനത്തോടെ പ്രചരിക്കുന്നത് വ്യാജ വീഡിയോ. ക്രൈസ്തവ പ്രാർത്ഥനകളും ആഘോഷങ്ങളും തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ കത്തീഡ്രൽ പള്ളിക്ക് മുന്നിൽ വനിതകള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ തീവ്രവാദികള്‍ എത്തിയെന്ന വിശേഷണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ക്രൈസ്തവര്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ഇടയില്‍ നിന്നു തുടര്‍ച്ചയായി ഭീഷണിയും ആക്രമണവും നേരിടുന്നുണ്ടെങ്കിലും മേല്‍ പ്രചരിക്കുന്ന വ്യാജമാണെന്ന്‍ തെളിഞ്ഞിരിക്കുകയാണ്.

തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ടി‌ആര്‍‌ടി വേള്‍ഡ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും വ്യാജ വീഡിയോ പങ്കുവെച്ചിരിന്നു. ക്രിസ്തുമസ് ആഘോഷം തടസ്സപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യമേ ഇവര്‍ക്ക് ഉണ്ടായിരിന്നുള്ളൂവെയെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു. എന്നാല്‍ പ്രസ്തുത വീഡിയോയുടെ ദൃശ്യങ്ങളില്‍ നിന്നു തന്നെ ഇത് വ്യാജമാണെന്ന് വ്യക്തമാണ്. കത്തീഡ്രൽ പള്ളിയിൽ നിന്ന് 100 മീറ്ററിലധികം അകലെ ഷോപ്പിംഗ് കെട്ടിടങ്ങളുടെ പരിസരത്ത് നിന്നാണ് ഡ്രമ്മുകളും കൈത്താളങ്ങളും ഉപയോഗിച്ച് "ഹരേ രാമ-ഹരേ കൃഷ്ണ" ആലപിക്കുന്നത്. ഇസ്‌കോൺ ഗ്രൂപ്പാണ് ആലാപനം നടത്തിയിരിക്കുന്നത്.

ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരൻ, പള്ളിയിൽ നിന്ന് അകലെയുള്ള ഷോറൂമിന് പുറത്ത് ഹിന്ദുത്വ ഗാനങ്ങൾ നടത്താറുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. അതേസമയം കത്തീഡ്രൽ പള്ളിയില്‍ വിശ്വാസി സമൂഹം ക്രിസ്തുമസ് ആഘോഷിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോയിൽ, പള്ളിക്ക് മുന്നിൽ വലിയ ജനക്കൂട്ടം ക്രിസ്തുമസ് ആഘോഷിക്കുന്നത് ദൃശ്യമായിരുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ ആര്‍‌എസ്‌എസിന് കീഴിലുള്ള ബജ്രംഗ്ദള്‍, വി‌എച്ച്‌പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും സമീപദിവസങ്ങളില്‍ നടക്കുന്ന ഈ പ്രചരണം തെറ്റാണെന്ന് വായനക്കാരെ അറിയിയ്ക്കുന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »