News - 2024

സ്പെഷല്‍ മാരേജ്‌ ആക്ടിന്റെ ദുരുപയോഗത്തിന്‌ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്: കെ‌സി‌ബി‌സി

പ്രവാചക ശബ്ദം 27-07-2020 - Monday

കൊച്ചി; സ്പെഷല്‍ മാരേജ്‌ ആക്ടിന്റെ ദുരുപയോഗത്തിന്‌ സര്‍ക്കാര്‍ കൂട്ടുനില്ക്കുന്നത്‌ നിര്‍ഭാഗ്യകരമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി ഡെപ്യൂട്ടി സ്രെകട്ടറി ജനറല്‍ റവ . ഫാ. വര്‍ഗീസ്‌ വള്ളിക്കാട്ട്‌. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ നോട്ടീസ്‌ രജിസ്ട്രേഷന്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന പതിവ്‌ അവസാനിപ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി അറിയിച്ചുകൊണ്ട്‌, പൊതുമരാമത്ത്‌, രജിസ്ട്രേഷന്‍ വകുപ്പ്‌ മന്ത്രിയുടെ ഓഫീസില്‍നിന്ന്‌ 24/07/2020 ന്‌ പത്രക്കുറിപ്പ്‌ ഇറങ്ങുകയുണ്ടായി. തികച്ചും അശാസ്ത്രീയവും വിവേക രഹിതവുമായ ഒരു നടപടിയായി മാത്രമേ ഇതിനെ വിലയിരുത്താന്‍ കഴിയൂയെന്ന് കെ‌സി‌ബി‌സി വ്യക്തമാക്കി.

രജിസ്‌ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍, വിവാഹിതരാകുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗിക്കുന്നത്‌ നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കണം എന്ന്‌ നിര്‍ദ്ദേശിച്ചിരുന്നതിന്റെ വെളിച്ചത്തിലാണ്‌ പ്രസ്തുത തീരുമാനം എന്നാണ്‌ പ്രതക്കുറിപ്പിലെ വിശദീകരണം. മിശ്രവിവാഹങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇടപെടാനിടയായ സംഭവവുമായി ബന്ധപ്പെട്ട്‌ ഒരു യുവാവിന്റെ പരാതിയിലാണ്‌ ഈ നടപടി എന്നാണ്‌ ചില മാധ്യമങ്ങള്‍ റിപ്പാര്‍ട്ടു ചെയ്തത്‌.

സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയുന്നു എന്ന ആരോപണത്തിന്‌ കൂടുതല്‍ വ്യക്തത നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ട്‌. അത്തരത്തില്‍ വൃക്തിവിവരങ്ങള്‍ ദുരുപയോഗിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന്‌ പകരം അനാവശ്യമായ രഹസ്യാത്മകത രജിസ്ട്രേഷന്‍ നടപടികള്‍ക്ക്‌ ആവശ്യമാണെന്ന്‌ വരുത്തുന്നതിന്റെ കാരണം ദുരൂഹമാണ്‌. കേരളത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹം എന്നത്‌ രഹസ്യമായ നടപടിയല്ല. മാതാപിതാക്കളോ ബന്ധുക്കളോ സുഹൃത്തുക്കളേ അറിയാതെ വിവാഹം നടത്തണം എന്ന്‌ ആരെങ്കിലും ചിന്തിക്കുന്നെങ്കില്‍ അതിനുപിന്നില്‍ നിഗൂഡമായ മറ്റുചില ലക്ഷ്യങ്ങള്‍ക്കൂടി ഉണ്ടായിരിക്കാനുള്ള സാധ്യതകളാണുളളത്‌. പ്രായപൂര്‍ത്തിയായി എന്ന ഒറ്റ കാരണത്താല്‍ വധുവരന്മാര്‍ക്ക്‌ ഇക്കാര്യത്തില്‍ വ്യക്തിസ്വാത്രത്ര്യമുണ്ടെന്നും അതിനാല്‍ വിവാഹ വിവരം രഹസ്യമായി സൂക്ഷിക്കുന്നത്‌ യുക്തമാണെന്നും അഭിപ്രായപ്പെടുന്നവര്‍, സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങളും പ്രണയക്കുരുക്കുകളും കാണാന്‍ കൂട്ടാക്കാത്തവരാണ്‌.

മുന്‍കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി, വിവിധ ജില്ലകളിലും ദേശങ്ങളിലുമുള്ളവര്‍ തമ്മിലുള്ള മിശ്ര വിവാഹങ്ങളും, രഹസ്യ സ്വഭാവത്തോടുകൂടിയ വിവാഹങ്ങളും, വിവാഹത്തിനുപിന്നില്‍ ദുരുദ്ദേശ്യങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യതകളും വളരെ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിവാഹ നോട്ടീസ്‌ ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുക എന്നുള്ളത്‌ അത്യന്താപേക്ഷിതമാണ്‌. മാറിയ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ കൂടുതല്‍ സുതാര്യമായ രീതിയിലേയ്ക്ക്‌ ഇത്തരം കാര്യങ്ങള്‍ പരിഷ്കരിക്കേണ്ട സ്ഥാനത്ത്‌ മറിച്ചു ചിന്തിക്കുന്നത്‌ ശരിയല്ല.

വിവാഹങ്ങള്‍ സുതാര്യമാണെന്നും, ദുരുദ്ദേശ്യപരമല്ലെന്നും ഉറപ്പുവരുത്തുന്നതിനായി വധു വരന്മാരുടെ മാതാപിതാക്കളെ / രക്ഷിതാക്കളെ വ്യക്തമായി വിവരം ധരിപ്പിക്കാനും, വധൂവരന്മാര്‍ക്ക്‌ കൗണ്‍സിലിംഗിനും മറ്റുമുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കാനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണ്‌ വേണ്ടത്‌. വിവാഹങ്ങള്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുടെ ഭാഗമായി ആസുത്രണം ചെയ്യപ്പെട്ടതാണോ എന്ന്‌ ശരിയായി നിരീക്ഷിക്കുകയും ആവശ്യമായ ചോദ്യാവലിയും സാക്ഷ്യപത്രവും രജിസ്ട്രേഷന്റെ ഭാഗമായി ഉള്‍പ്പെടുത്തുകയും വേണം. മിര്ര വിവാഹങ്ങള്‍ക്ക്‌ പോലീസ്‌ വെരിഫിക്കേഷനും റിപ്പോര്‍ട്ടും നിയമ വിധേയമായി നിര്‍ബ്ബന്ധിതമാക്കേണ്ടതും അനിവാര്യമാണ്‌. സ്പെഷ്യല്‍ മാര്യേജ്‌ ആക്ട്‌ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്ത്‌ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോമുകള്‍ കാലാനുസൃതമായി പരിഷ്കരിക്കാനും, കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ണ്ണമായി നടപ്പാക്കാനുമുള്ള നടപടികളും ആവശ്യമാണ്‌.

സ്പെഷ്യല്‍മാര്യേജ്‌ ആക്ട്‌ അനുസരിച്ചുള്ള വിവാഹങ്ങളുമായി ബന്ധപ്പെട്ട്‌ സ്വീകരിച്ച അനാരോഗ്യകരമായ തീരുമാനങ്ങള്‍ പുനപരിശോധിക്കുകയും കാലാനുസൃതവും സമൂഹം ആവശ്യപ്പെടുന്നതുമായ പരിഷ്കരണങ്ങള്‍ വരുത്താനുമുള്ള നടപടികള്‍ ഉണ്ടാകുകയും വേണമെന്ന് ഫാ. വര്‍ഗീസ്‌ വള്ളിക്കാട്ട്‌ പ്രസ്താവനയില്‍ കുറിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »