News - 2024

ആ പുണ്യസ്വരം ഇപ്പോഴും കാതുകളിലുണ്ടെന്ന് അല്‍ഫോന്‍സാമ്മയുടെ ശിഷ്യ അന്നമ്മ

ദീപിക 28-07-2020 - Tuesday

പേരാവൂര്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ നാടെങ്ങും ആഘോഷിക്കുമ്പോള്‍ പുണ്യവതിയുടെ ശിഷ്യയാകാന്‍ ഭാഗ്യം ലഭിച്ചതിന്റെ നിര്‍വൃതിയിലാണ് അന്നമ്മ. അല്‍ഫോന്‍സാമ്മയെക്കുറിച്ചു പറയുമ്പോള്‍ നൂറു വയസിന്റെ അവശതകളൊന്നും ഈ വല്യമ്മച്ചിക്കില്ല. അല്‍ഫോന്‍സാമ്മയില്‍നിന്നു നേരിട്ട് വിദ്യഅഭ്യസിച്ച അന്നമ്മ ഇപ്പോള്‍ പേരാവൂരിനടുത്ത എടത്തൊട്ടിയിലാണ് താമസിക്കുന്നത്. പരേതനായ ആക്കല്‍ മത്തായിയുടെ ഭാര്യയായ അന്നമ്മ 1928ല്‍ ഭരണങ്ങാനത്തിനടുത്തുള്ള വാകക്കാട് സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അല്‍ഫോന്‍സാമ്മയുടെ ശിഷ്യയായിരുന്നത്. മലയാളവും കണക്കുമാണ് അല്‍ഫോന്‍സാമ്മ പഠിപ്പിച്ചിരുന്നതെന്ന് അന്നമ്മ ദീപികയോടു പറഞ്ഞു.

പുണ്യവതി കണക്കു പഠിപ്പിച്ചതുകൊണ്ടാവണം അമ്മ മികച്ച മനക്കണക്കുകാരിയാണെന്ന് മകന്‍ ജോസ് പറയുന്നു. സാധാരാണക്കാര്‍ എഴുതിക്കൂട്ടുന്ന പലകണക്കുകളും അമ്മ മനക്കണക്കായി ചെയ്യും. മാത്രമല്ല മൊബൈല്‍ഫോണ്‍ നമ്പറുകള്‍ ഒരിക്കല്‍ പറഞ്ഞുകൊടുത്താല്‍ അമ്മയ്ക്ക് ഹൃദ്യസ്ഥമാണെന്നും ജോസ് പറഞ്ഞു. അല്‍ഫോന്‍സ ടീച്ചറുടെ ശബ്ദം ഇപ്പോഴും തന്റെ കാതുകളില്‍ കേള്‍ക്കാമെന്നാണ് അന്നമ്മ പറയുന്നുത്. കുട്ടികളോട് ദേഷ്യപ്പെടാതെ സൗമ്യമായി അക്ഷരങ്ങളും അക്കങ്ങളും പറഞ്ഞുപഠിപ്പിച്ചിരുന്ന അല്‍ഫോന്‍സ ടീച്ചര്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ട അധ്യാപികയായിരുന്നു എന്നും അന്നമ്മ ഓര്‍മിക്കുന്നു. അല്‍ഫോന്‍സാമ്മ പഠിപ്പിച്ച പാട്ടുകളൊക്കെ കുറച്ചുകാലം മുമ്പുവരെ അമ്മ പാടുമായിരുന്നുവെന്നും ഇപ്പോള്‍ കേള്‍വിക്കുറവ് ഉള്ളതുകൊണ്ട് പാടാറില്ലെന്നുമാണ് ജോസ് പറയുന്നത്.

1920 ഏപ്രില്‍ മൂന്നിനാണ് കോലിക്കുന്നേല്‍ പരേതരായ കുരുവിളയുടേയും അന്നാമ്മയുടേയും മകളായി അന്നമ്മ ജനിച്ചത്. വാകക്കാട് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തിലാണ് അല്‍ഫോന്‍സാമ്മയുടെ ശിഷ്യയാകാന്‍ ഭാഗ്യം ലഭിച്ചത്. അല്‍ഫോന്‍സാമ്മ സമ്മാനിച്ച തങ്കം പൂശിയ ബൈബിള്‍ എന്ന് അന്നമ്മ വിശേഷിപ്പിക്കുന്ന ബൈബിള്‍ കൈമോശം വന്ന വിഷമം പലപ്പോഴും അമ്മ പങ്കുവയ്ക്കുമെന്നും ജോസ് പറഞ്ഞു. കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ നിധിപോലെ കൊണ്ടുനടന്നിരുന്ന ബൈബിള്‍ വിടുകള്‍ മാറിത്താമസിക്കുന്നതിനിടെ എവിടെയോ നഷ്ടമാവുകയായിരുന്നു.


Related Articles »