India - 2025
വിശുദ്ധ അൽഫോൻസാമ്മയുടെ ശിഷ്യഗണത്തിലെ അവസാന കണ്ണിയും യാത്രയായി
പ്രവാചകശബ്ദം 19-07-2022 - Tuesday
മൂലമറ്റം: വിശുദ്ധ അൽഫോൻസാമ്മയുടെ ശിഷ്യഗണത്തിലെ അവസാന കണ്ണിയായ വാകക്കാട് പുന്നത്താനിയില്‍ പരേതരായ തൊമ്മന്‍ ഏലിക്കുട്ടി ദന്പതികളുടെ ഏഴു മക്കളില്‍ നാലാമത്തെ മകളായ ഏലിക്കുട്ടി അമ്മച്ചി നിത്യതയിലേക്ക് യാത്രയായി. നൂറ്റിനാല് വയസായിരിന്നു. വാകക്കാട് സെന്റ് പോള്‍സ് സ്‌കൂളില്‍ മൂന്നാം ക്ലാസിലാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയില്‍ നിന്ന്‍ ഏലിക്കുട്ടി അടക്കമുള്ള കുട്ടികള്‍ നല്ല പാഠങ്ങള്‍ കേട്ടിരിന്നത്. പള്ളിയുടെ താഴത്തെ നടയിലും തെങ്ങിന്‍ ചുവട്ടിലുമായിട്ടായിരിന്നു അൽഫോൻസാമ്മയുടെ അധ്യാപനം. അന്നത്തെ സ്‌കൂള്‍ ഇന്ന് സെന്റ് അല്‍ഫോന്‍സ സ്‌കൂളായി മാറി. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അല്‍ഫോന്‍സാമ്മയുടെ അധ്യാപനത്തെ കുറിച്ചു അമ്മച്ചി ഓര്‍മ്മകള്‍ പങ്കുവെയ്ക്കുമായിരിന്നു.
അന്നത്തെ ചങ്ങനാശേരി ബിഷപ്പ് മാര്‍ ജെയിംസ് കളാശേരി സ്‌കൂളില്‍ സന്ദര്‍ശനം നടത്തുന്നതിനു മുന്പായി അന്നക്കുട്ടി (അല്‍ഫോന്‍സമ്മ) ടീച്ചര്‍ തന്റെ തലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ച കാര്യം അമ്മച്ചി പങ്കുവെച്ചിരിന്നു. സ്‌കൂള്‍ പഠനം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഭരണങ്ങാനം മഠത്തിലെത്തി അല്‍ഫോന്‍സാമ്മയെ കണ്ടപ്പോഴും ഗുരു ശിഷ്യ ബന്ധത്തിന് ചെറുതായി പോലും മങ്ങലേറ്റിയിരുന്നില്ല. 2018-ല്‍ വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ വീട്ടിലെത്തി അദ്ദേഹം ജപമാലയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ രൂപവും ഏലിക്കുട്ടി അമ്മച്ചിക്കു സമ്മാനിച്ചിരിന്നു.