News - 2024

'അബോര്‍ഷന് ഫണ്ട് ലഭ്യമാക്കും': പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ഭീഷണിയുമായി ജോ ബൈഡന്‍

പ്രവാചക ശബ്ദം 30-07-2020 - Thursday

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഗര്‍ഭഛിദ്ര വ്യവസായത്തിനുള്ള ആഭ്യന്തര വിദേശ ഫണ്ട് ലഭ്യമാക്കുമെന്നും, ട്രംപിന്റെ പ്രോലൈഫ് നയങ്ങള്‍ മാറ്റുമെന്നും ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ച സ്ത്രീകളെ സംബന്ധിച്ച തന്റെ അജണ്ടയിലൂടെയാണ് ബൈഡന്‍ തന്റെ ജീവന്‍ വിരുദ്ധ നിലപാട് പരസ്യമാക്കിയത്. നികുതിദായകരുടെ പണംകൊണ്ട് തന്നെ സ്ത്രീകളെ ഗര്‍ഭഛിദ്ര മഹാപാതകത്തിന് സഹായിക്കുമെന്നതാണ് ബൈഡന്റെ നയത്തിലൂടെ വ്യക്തമാകുന്നത്. അതേസമയം പ്രസ്താവന അമേരിക്കയിലെ പ്രോലൈഫ് സമൂഹത്തിനു ഇടയില്‍ വലിയ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. ഗര്‍ഭഛിദ്ര അനുകൂല നിലപാട് ഉണ്ടായിരിന്നെങ്കിലും തുറന്നടിച്ചുള്ള പ്രസ്താവന രാജ്യത്തെ പ്രോലൈഫ് പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

1973-ല്‍ അബോര്‍ഷന്‍ നിയമപരമാക്കിക്കൊണ്ടുള്ള ‘റോയ് വി. വേഡ്’ കേസിലെ സുപ്രീംകോടതി വിധി ക്രോഡീകരിക്കുമെന്നും, വിധിയെ ലംഘിക്കുന്ന സംസ്ഥാന നിയമങ്ങളെ തടയുവാന്‍ വേണ്ടതെല്ലാം തന്റെ നീതിന്യായ വകുപ്പ് ചെയ്യുമെന്നും ബൈഡന്റെ അജണ്ടയില്‍ പറയുന്നു. ‘പ്ലാന്‍ഡ് പാരന്റ്ഹുഡ്’നുള്ള ഫണ്ട് തടയുന്നതില്‍ നിന്നും സംസ്ഥാനങ്ങളെ വിലക്കുന്ന ഹൈഡെ ഭേദഗതി താന്‍ തിരികെ കൊണ്ടുവരുമെന്നും, അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്കുള്ള ടൈറ്റില്‍ എക്സ് ഫണ്ട് നിരോധിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നിയമം പിന്‍വലിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. ഏതാണ്ട് 3,45,000-ത്തോളം ഗര്‍ഭഛിദ്രങ്ങളാണ് പ്ലാന്‍ഡ് പാരന്റ്ഹുഡ് വര്‍ഷംതോറും നടത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 5,93,000 ഗര്‍ഭനിരോധന കിറ്റുകളും സംഘടന വിതരണം ചെയ്തിട്ടുണ്ട്.

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ഫെഡറല്‍ സഹായം ലഭിക്കുന്നതിനുള്ള വ്യവസ്ഥയെന്നനിലയില്‍ അബോര്‍ഷനെ കുടുംബാസൂത്രണ രീതിയായി പ്രചരിപ്പിക്കുന്നത് വിലക്കിക്കൊണ്ടുള്ള മെക്സിക്കോ സിറ്റി നയത്തേയും റദ്ദാക്കുമെന്ന് ബൈഡന്റെ അജണ്ടയില്‍ സൂചിപ്പിക്കുന്നു. അമേരിക്കയുടെ പ്രോലൈഫ് മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കമായാണ് ബൈഡന്റെ ഈ നയത്തെ എല്ലാവരും നോക്കികാണുന്നത്. അതേസമയം ഇത് പ്രോലൈഫ് സമീപനമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രണ്ടാം വട്ട പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിന് ഗുണം ചെയ്യുമെന്നു നിരീക്ഷിക്കുന്നവരും നിരവധിയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »