News - 2024

പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദം പകര്‍ന്ന് മെക്സിക്കന്‍ സുപ്രീം കോടതിയുടെ വിധി

പ്രവാചക ശബ്ദം 01-08-2020 - Saturday

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഗര്‍ഭഛിദ്രം നിയമപരമാകുന്നതിന് വഴിവെച്ചേക്കാവുന്ന നിയമഭേദഗതിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് സുപ്രീം കോടതിയുടെ ഉത്തരവ്. വെരാക്രൂസ് സംസ്ഥാനത്തിലെ ഭ്രൂണഹത്യ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ അനുവാദം നല്‍കുന്ന സംസ്ഥാന കോടതിയുടെ വിധി പുനപരിശോധിക്കണമെന്നാണ് മെക്സിക്കോയിലെ ഉന്നത നീതിപീഠമായ സുപ്രീം കോടതി ഇക്കഴിഞ്ഞ ജൂലൈ 29ന് ഉത്തരവിട്ടത്. ഇതോടെ വെരാക്രൂസ് സംസ്ഥാനത്തില്‍ ആദ്യ പന്ത്രണ്ടു ആഴ്ച വരെയുള്ള അബോര്‍ഷനുകള്‍ നിയമപരമാകുന്നതിനുമുള്ള സാധ്യത ഒരു പരിധിയോളം ഇല്ലാതായിരിക്കുകയാണ്.

രാജ്യത്തെ പ്രോലൈഫ് പ്രവര്‍ത്തകരുടെ വിജയമായിട്ടാണ് വിധിയെ പരിഗണിച്ചുവരുന്നത്. ജൂലൈ 29ന് നടന്ന വോട്ടെടുപ്പില്‍ വെരാക്രൂസ് കോടതി വിധിയെ അനുകൂലിച്ച് വോട്ട് ചെയ്തത് അഞ്ചംഗ ബെഞ്ചിലെ ഒരു ജഡ്ജി മാത്രമായിരുന്നു. നാഷണല്‍ ഫ്രണ്ട് ഫോര്‍ ദി ഫാമിലിയുടെ പ്രസിഡന്റായ റോഡ്രിഗോ ഇവാന്‍ കോര്‍ട്ടെസ് “ഇന്ന്‍ ജീവിതം വിജയിച്ചു” എന്നാണ് കത്തോലിക്കാ വാര്‍ത്താമാധ്യമമായ ‘എ.സി.ഐ പ്രസ്നാ’യോട് പ്രതികരിച്ചത്. കോടതിവിധി നിര്‍ണ്ണായക വിജയമാണെങ്കിലും, മെക്സിക്കോയിലെ ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ ജീവനുള്ള ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ജീവനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കോര്‍ട്ടെസ് പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനു ചുമതലയുള്ള നാഷ്ണല്‍ കമ്മീഷനും ‘നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിമനും സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് 2016-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ അബോര്‍ഷന്‍ അനുകൂല നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടായിരുന്നു വെരാക്രൂസ് കോടതിയുടെ വിധി. വിധി പുനഃപരിശോധിക്കുവാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മെക്സിക്കോയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അബോര്‍ഷനുമായി ബന്ധപ്പെട്ട ബില്ലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുവാനിരിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ വിധി മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാവും എന്ന പ്രതീക്ഷയിലാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍. മെക്സിക്കോയിലെ 32 സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »