News - 2024
മെക്സിക്കോയില്‍ മൂന്ന് പതിറ്റാണ്ടിനിടെ കൊല്ലപ്പെട്ടത് 80 കത്തോലിക്ക വൈദികര്‍
പ്രവാചകശബ്ദം 12-12-2024 - Thursday
മെക്സിക്കോ സിറ്റി: ലോകത്ത് വൈദികര്‍ ഏറ്റവും അധികം സുരക്ഷ ഭീഷണി നേരിടുന്ന രാജ്യമായ മെക്സിക്കോയില്‍ 34 വര്‍ഷത്തിനിടെ 80 കത്തോലിക്ക വൈദികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡിസംബർ 9ന് മെക്സിക്കോ കേന്ദ്രമാക്കിയ കാത്തലിക് മൾട്ടിമീഡിയ സെൻ്റർ (സിസിഎം ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 1990 മുതൽ രാജ്യത്ത് ഏകദേശം 80 കത്തോലിക്കാ വൈദികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സിസിഎം ഡയറക്ടർ ഫാ. ഒമർ സോറ്റെലോ അഗ്വിലാർ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി.
ഫെലിപ്പ് കാൽഡെറോണിൻ്റെ (2006-2012) ഭരണകാലത്ത് 17 കത്തോലിക്ക വൈദികരാണ് കൊല്ലപ്പെട്ടത്. എൻറിക് പെന നീറ്റോയുടെ ഭരണകാലത്ത് (2012-2018) ഈ കണക്ക് 19 ആയി ഉയർന്നു. മെക്സിക്കോ നിലവില്‍ ഭരിക്കുന്ന ലോപ്പസ് ഒബ്രഡോറിൻ്റെ ആറ് വർഷത്തെ ഭരണ കാലയളവിൽ, 10 വൈദികരാണ് കൊല്ലപ്പെട്ടത്. 14 വൈദികരും മെത്രാന്മാരും ആക്രമിക്കപ്പെട്ടു. പ്രതിവാരം ശരാശരി 26 പള്ളികൾ ആക്രമിക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെക്സിക്കോയുടെ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം, സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും അക്രമം ആശങ്കാജനകമായ തലത്തിൽ എത്തിയിരിക്കുകയാണെന്നും ഫാ. ഒമർ സോറ്റെലോ അഭിപ്രായപ്പെട്ടു. കത്തോലിക്ക വൈദികരുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ ഭീഷണികൾ, കവർച്ചകൾ, അക്രമങ്ങൾ തുടങ്ങിയ മറ്റ് തരത്തിലുള്ള ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. ഗ്വാഡലജാരയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജുവാൻ ജെസസ് പൊസാദാസ് ഒകാമ്പോ, 1993 മെയ് 24-ന് ഗ്വാഡലജാര വിമാനത്താവളത്തിൽവെച്ച് വെടിയേറ്റാണ് മരിച്ചത്. 31 വർഷമായി ഈ കൊലപാതക പരമ്പര പരിഹരിക്കപ്പെടാത്ത ഭീഷണിയായി നിലനില്‍ക്കുകയാണ്.
-------------------------------------------------------
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟