News - 2024

ക്രൈസ്തവ നേതാക്കളെ ഉൾക്കൊള്ളിച്ച് സിറിയയിൽ പുതിയ രാഷ്ട്രീയ മുന്നണി രൂപംകൊണ്ടു

പ്രവാചക ശബ്ദം 03-08-2020 - Monday

ഡമാസ്ക്കസ്: ഭിന്നിച്ചു നിൽക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി 'ദി പീസ് ആൻഡ് ഫ്രീഡം ഫ്രണ്ട്' എന്ന പുതിയ രാഷ്ട്രീയ മുന്നണി സിറിയയിൽ പിറവിയെടുത്തു. ക്രൈസ്തവ നേതാക്കൾ നേതൃത്വം നൽകുന്ന പ്രസ്ഥാനങ്ങളും പുതിയ മുന്നണിയുടെ ഭാഗമാണെന്നത് ശ്രദ്ധേയമാണ്. ഖാമിഷ്ലി നഗരത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. ആരംഭ ഘട്ടത്തില്‍ പ്രധാനമായും സിറിയയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലായിരിക്കും ദി പീസ് ആൻഡ് ഫ്രീഡം ഫ്രണ്ട് മുന്നണിയുടെ പ്രവർത്തനങ്ങൾ സജീവമാകുക.

അസീറിയൻ ഡെമോക്രാറ്റിക് ഓർഗനൈസേഷൻ, അറബ് കൗൺസിൽ ഓഫ് ജസീറ ആൻഡ് യൂഫ്രറ്റ്സ്, സിറിയ ടുമാറോ മൂവ്മെന്റ്, കുർദിഷ് നാഷ്ണൽ കൗൺസിൽ ഇൻ സിറിയ തുടങ്ങിയ സംഘടനകൾ മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കും. പാശ്ചാത്യരാജ്യങ്ങളുടെ, പ്രത്യേകിച്ച് അമേരിക്കയുടെയും, ഫ്രാൻസിന്റെയും പിന്തുണയോടുകൂടി ആയിരിക്കും പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. വലിയ പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന അവസരത്തിലാണ് മുന്നണിയ്ക്കു രൂപം നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഭരണത്തിൽ പിടിച്ചുനിൽക്കാൻ സൈന്യത്തെയാണ് ആസാദ് ഭരണകൂടം ആശ്രയിക്കുന്നത്. സിറിയൻ, അസീറിയൻ കൈസ്തവ പോരാളികൾ രൂപീകരിച്ച അസീറിയൻ ഡെമോക്രാറ്റിക് ഓർഗനൈസേഷൻ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ മുന്നണിയായാണ് അറിയപ്പെടുന്നത്.

പ്രതിപക്ഷ സംഘടനകളുടെ ഒപ്പമാണ് ഇതിലെ അംഗങ്ങൾ ആസാദ് ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തി വന്നിരുന്നത്. ഇടയ്ക്കുവെച്ച് ഇവർ പ്രബലരായ കുർദിഷ് സേനയുമായി ഇടഞ്ഞുവെങ്കിലും പ്രശ്നങ്ങളെല്ലാം ചർച്ചകളിലൂടെ പരിഹരിച്ചിട്ടുണ്ട്. പത്തു പ്രഖ്യാപിത ലക്ഷ്യങ്ങളാണ് ദി പീസ് ആൻഡ് ഫ്രീഡം ഫ്രണ്ട് മുന്നണിക്കുള്ളത്. വിവിധ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകുന്ന വിധത്തിൽ ജനാധിപത്യ സംവിധാനം രൂപപ്പെടുത്തി എടുക്കുകയെന്നത് പ്രധാനപ്പെട്ട ലക്ഷ്യമായി നിരീക്ഷിക്കപ്പെടുന്നു. ബഹുസ്വരത അംഗീകരിക്കണമെന്നും പുതിയ ഒരു ഭരണഘടന രൂപീകരിക്കണമെന്നും മുന്നണി ആവശ്യപ്പെടുന്നുണ്ട്.

ആഭ്യന്തരയുദ്ധം ആരംഭിച്ചതിനുശേഷം സിറിയയിൽ തകര്‍ക്കപ്പെട്ടത് 120 ക്രൈസ്തവ ദേവാലയങ്ങളെന്ന് സിറിയൻ നെറ്റ്‌വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്സിന്‍റെ റിപ്പോര്‍ട്ടില്‍ നേരത്തെ വ്യക്തമായിരിന്നു. യുദ്ധത്തിനു മുമ്പ് സിറിയയിലെ രണ്ടു കോടി 30 ലക്ഷം ജനസംഖ്യയുടെ പത്തു ശതമാനം ക്രൈസ്തവ വിശ്വാസികളായിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »