News
ഭീതിയുടെ നടുവില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ പങ്കുചേര്‍ന്ന് സിറിയയിലെ ക്രൈസ്തവര്‍
പ്രവാചകശബ്ദം 18-12-2024 - Wednesday
ഡമാസ്കസ്: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍- ആസാദിനെ അധികാരത്തില്‍ നിന്നും നാടകീയമായി പുറത്താക്കിയ സംഭവത്തിന് ശേഷം ഭാവിയെന്തെന്ന ആശങ്കകള്‍ക്കിടയില്‍ സിറിയന്‍ ക്രൈസ്തവര്‍ ഞായറാഴ്ച ദിവ്യബലിയ്ക്കായി ഒരുമിച്ച് കൂടി. ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്ക് ശേഷം ഇതാദ്യമായാണ് സിറിയന്‍ ക്രൈസ്തവര്‍ ഞായറാഴ്ച വിശുദ്ധ ബലിയര്‍പ്പണത്തില്‍ പങ്കെടുത്തത്. സിറിയയുടെ അധികാരം പിടിച്ചെടുത്ത ഹയാത്ത് ഹയാത്ത് തഹ്‌രീർ അൽ-ഷാം (എച്ച്.ടി.എസ്) എന്ന ഇസ്ലാമിക് സംഘടന മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ആശങ്ക സജീവമാണ്.
ഡമാസ്കസിന് ചുറ്റും ശക്തമായ ക്രിസ്ത്യന്‍ സാന്നിധ്യമുള്ള മേഖലകളിലെ തെരുവുകളില്‍ ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് മടങ്ങിവരുന്ന ക്രൈസ്തവരാല്‍ നിറഞ്ഞ കാഴ്ചയാണ് കാണുവാന്‍ ഉണ്ടായിരുന്നതെന്നു അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂളുകള്‍ തുറക്കുകയും വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലേക്ക് മടങ്ങുകയും ചെയ്തതും ജനജീവിതം സാധാരണഗതിയിലാകുന്നതിന്റെ സൂചനയായാണ് പ്രതിഫലിക്കുന്നത്. പല സ്കൂളുകളിലും പുതിയ ഭരണകൂടത്തിന്റെ പതാകകള്‍ പ്രദര്‍ശിപ്പിക്കുവാനും തുടങ്ങിയിട്ടുണ്ട്. “ഞങ്ങള്‍ പേടിച്ചിരിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് ഇപ്പോഴും പേടിയുണ്ട്” എന്നാണ് വിശുദ്ധ കുര്‍ബാന കഴിഞ്ഞ് മടങ്ങിവരും വഴിക്ക് പ്രദേശവാസിയായ മഹാ ബര്‍സ മാധ്യമങ്ങളോട് പറഞ്ഞത്.
എച്ച്.ടി.എസ് അധികാരം പിടിച്ചെടുത്ത ശേഷം താന്‍ വിരളമായേ വീട്ടില്‍ നിന്നും പുറത്തിറങ്ങാറുണ്ടായിരുന്നുള്ളു എന്ന് പറഞ്ഞ ബര്‍സ ഇതുവരെ ആശങ്കാജനകമായതൊന്നും സംഭവിച്ചിട്ടില്ലെങ്കിലും തങ്ങളുടെ ഭയം ഇനിയും വിട്ടുമാറിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ആസാദിന്റെ പതനത്തിനു മുന്‍പ് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ സ്വതന്ത്രമായി ആരാധനകള്‍ നടത്തിയിരുന്നു. വിശ്വാസ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ അസദിന്റെ ഭരണകാലത്ത് ക്രിസ്ത്യാനികള്‍ക്ക് യാതൊരു കുഴപ്പവും നേരിടേണ്ടി വന്നിരുന്നില്ലെന്നു ആസാദിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ലഡാകിയ എന്ന തീരദേശ മേഖലയിലെ സെന്റ് ജോര്‍ജ്ജ് ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയിലെ പാരിഷ് കൗണ്‍സില്‍ അംഗമായ ലിന ആഖ്രാസ് പറയുന്നു.
ക്രൈസ്തവര്‍ക്ക് പുറമേ, അര്‍മേനിയക്കാര്‍, കുര്‍ദ്ദുകള്‍, ഷിയാ മുസ്ലീംങ്ങള്‍ തുടങ്ങി നിരവധി മതന്യൂനപക്ഷങ്ങളും ഗോത്രങ്ങളും ഉള്ള നാടാണ് സിറിയ. പുതിയ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ഭയന്ന് പതിനായിരകണക്കിന് ഷിയാ മുസ്ലീങ്ങളാണ് സുന്നി ഭൂരിപക്ഷ സിറിയയില്‍ നിന്നും കഴിഞ്ഞയാഴ്ച പലായനം ചെയ്തതെന്നു ഒരു മുതിര്‍ന്ന ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയിരിന്നു. ‘തീവ്രവാദികളുടെ താവളമാകാതെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ബഹുമാനിക്കുകയും എല്ലാവരേയും ഉള്‍കൊള്ളുവാന്‍ കഴിയുന്നതുമായ ഒരു സര്‍ക്കാരിനെ തങ്ങള്‍ പിന്തുണക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രസ്താവിച്ചിരിന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟