News - 2024

എമിരിറ്റസ് ബെനഡിക്ട് പാപ്പയുടെ ആരോഗ്യ നില അതീവ ഗുരുതരം?

പ്രവാചക ശബ്ദം 03-08-2020 - Monday

മ്യൂണിച്ച്/ വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ മുന്‍ പരമാധ്യക്ഷന്‍ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. മുന്‍ പാപ്പയുടെ മുഖത്ത് ചുവന്ന പാടിനും കടുത്ത വേദനക്കും കാരണമായേക്കാവുന്ന വൈറസ് രോഗബാധ ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യ നില ദുര്‍ബലമാണെന്നും പാപ്പയുടെ ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡ് പറഞ്ഞതായിട്ടാണ് ജര്‍മ്മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ട്രെപ്റ്റോകൊക്കസ് ബാക്റ്റീരിയ മൂലമുണ്ടാകുന്നതും വളരെയധികം ശാരീരിക വേദന ഉണ്ടാകുന്നതുമായ സാംക്രമിക ത്വക്കുരോഗം എറിസിപ്പെലസാണ് പാപ്പയ്ക്കു ബാധിച്ചിരിക്കുന്നതെന്ന് ജര്‍മ്മന്‍ പത്രമായ ‘പാസ്സൌര്‍ ന്യൂനെ പ്രസ്സെ’യുടെ ഇന്നത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവചരിത്രം കൈമാറാനായി സീവാള്‍ഡ് ഇക്കഴിഞ്ഞ ശനിയാഴ്ച ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ നിലയെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കും, ബുദ്ധിക്കും യാതൊരു കുഴപ്പവുമില്ലെങ്കിലും ശബ്ദം വളരെയധികം നേര്‍ത്തുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ ആരോഗ്യം മെച്ചപ്പെടുകയാണെങ്കില്‍ താന്‍ വീണ്ടും പേന കയ്യിലെടുക്കുമെന്ന് മുന്‍ പാപ്പ പറഞ്ഞതായും സീവാള്‍ഡിനെ ഉദ്ധരിച്ച് ‘പാസ്സൌര്‍ ന്യൂനെ പ്രസ്സെ’ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മുന്‍ പാപ്പയുടെ ആരോഗ്യ നിലയെ കുറിച്ച് വത്തിക്കാന്‍ പ്രതികരണം നടത്തിയിട്ടില്ല.

2013-ല്‍ മാര്‍പാപ്പ പദവിയില്‍ നിന്നും വിരമിച്ച ബെനഡിക്ട് പതിനാറാമന്‍ പാപ്പ വത്തിക്കാനിലെ മാറ്റര്‍ എക്ലേസിയ ആശ്രമത്തില്‍ വിശ്രമ ജീവിതം നയിച്ചുവരികയാണ്. രണ്ടാഴ്ച മുന്‍പ് സഹോദരനായ മോൺ. ജോര്‍ജ്ജ് റാറ്റ്സിംഗറിനെ സന്ദര്‍ശിക്കുവാന്‍ അദ്ദേഹം ജര്‍മ്മനിയിലേക്ക് പോയിരിന്നു. സന്ദര്‍ശനത്തിന് ഒരാഴ്ചയ്ക്കു ശേഷം മോൺ. ജോര്‍ജ്ജ് അന്തരിച്ചു. 2013ൽ പാപ്പാ സ്ഥാനത്തുനിന്ന് രാജിവെച്ചശേഷം ആദ്യമായി ബെനഡിക്ട് 16-ാമൻ ഇറ്റലിക്ക് പുറത്തേക്ക് നടത്തിയ യാത്രയായിരിന്നു ഇത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »