News - 2024

ലെബനോന് പാപ്പയുടെ കൈത്താങ്ങ്: 2,50,000 യൂറോ സംഭാവന നല്‍കി

പ്രവാചക ശബ്ദം 08-08-2020 - Saturday

റോം: ഇരട്ട സ്ഫോടനത്തെ തുടർന്ന് ദുരിതത്തിലായ ലെബനോന്‍ ജനതയ്ക്കു സഹായവുമായി ഫ്രാൻസിസ് മാർപാപ്പ. 2,50,000 യൂറോയാണ് ആദ്യഘട്ട സംഭാവനയായി പാപ്പ കൈമാറിയിരിക്കുന്നത്. പാപ്പയ്ക്കു വേണ്ടി സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി ബെയ്റൂട്ടിലെ അപ്പസ്തോലിക കാര്യാലയത്തിനാണ് തുക കൈമാറിയിരിക്കുന്നത്. ദുരിതബാധിതരായ ജനങ്ങളോടുള്ള കരുതലിന്റെയും അടുപ്പത്തിൻറെയും അടയാളമായിട്ടാണ് ധനസഹായം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചു.

കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ദുരന്തമുഖത്ത് ഭക്ഷണവും വസ്ത്രവും മരുന്നും ഉള്‍പ്പെടെയുള്ള ആവശ്യ സേവനങ്ങളുമായി സജീവമാണ്. ഇതോടൊപ്പമാണ് സഹായവുമായി പാപ്പയും രംഗത്ത് വന്നിരിക്കുന്നത്. ബുധനാഴ്ചത്തെ പൊതുദർശന പ്രഭാഷണത്തിനു ശേഷം ലെബനോന് വേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചിരുന്നു. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയും 250000 യൂറോയുടെ ഭക്ഷണപ്പൊതികൾ ലെബനോനിലെ ജനങ്ങളിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനം ഏറ്റവുമധികം ബാധിച്ച ക്രൈസ്തവ കുടുംബങ്ങൾക്ക് പ്രഥമ പരിഗണന നൽകിയായിരിക്കും സംഘടന സഹായം നൽകുന്നത്. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

തുറമുഖത്തു സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് ശേഖരത്തിനു തീപിടിച്ചാണു ചൊവ്വാഴ്ച സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 145 ആയി ഉയർന്നു. 5000 പേർക്കു പരുക്കേറ്റു. വീടുകൾ നഷ്ടമായ ലക്ഷക്കണക്കിനാളുകൾ പെരുവഴിയിലാണ്. നഗരത്തിന്റെ പകുതിയോളം തകർത്ത സ്ഫോടനത്തിൽ 1500 കോടി ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായാണു പ്രാഥമിക കണക്ക്. സ്ഫോടനം സംബന്ധിച്ചു സ്വതന്ത്രാന്വേഷണം വേണമെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ ആവശ്യപ്പെട്ടു. ആക്രമണസാധ്യത പൂർണമായി തള്ളുന്നില്ലെന്ന് യുഎസും പ്രസ്താവിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »