News
കമ്യൂണിസ്റ്റ് പീഡനം സഹിച്ച അര്‍മാണ്‍ഡോയ്ക്ക് ഈ വര്‍ഷത്തെ ക്യാന്റംബറി അവാര്‍ഡ്
സ്വന്തം ലേഖകന്‍ 16-05-2016 - Monday
ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ മതസ്വാതന്ത്ര്യത്തിനു വേണ്ടി ത്യാഗം സഹിച്ചവര്‍ക്കു നല്‍കുന്ന ക്യാന്റംബറി-2016 അവര്‍ഡ് അര്‍മാണ്‍ഡോ വലാഡറസിനു ലഭിച്ചു. ക്യൂബയില്‍ രാഷ്ട്രീയ തടവുകാരനായിരുന്ന അര്‍മാണ്‍ഡോ 22 വര്‍ഷങ്ങളാണു ജയിലില്‍ കിടന്നത്. ഫിഡല്‍ കാസ്‌ട്രോയെ പിന്തുണയ്ക്കാത്തതിന്റെ പേരിലാണു അര്‍മാണ്‍ഡോയേ ഇത്രയും കാലം ഭരണകൂടം ജയിലില്‍ അടച്ചത്. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ നിരവധി ബിഷപ്പുമാരുടെയും കന്യാസ്ത്രീകളുടെയും സാനിധ്യത്തിലാണ് അര്‍മാണ്‍ഡോ അവാര്‍ഡ് സ്വീകരിച്ചത്. വേദിയില്‍ അര്‍മാന്‍ഡോ പറഞ്ഞ വാക്കുകള്‍ ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി.
"വ്യക്തി ബന്ധങ്ങളും സ്വത്തും അങ്ങനെ എല്ലാം നമുക്കു നഷ്ടപ്പെട്ടാലും നമ്മുടെ ഉള്ളില്‍ ചില ബോധ്യങ്ങള്‍ ഉണ്ട്. ആ മനസാക്ഷിയുടെ ബോധ്യങ്ങള്‍ക്കായി നമുക്കു നിലനില്‍ക്കുവാന്‍ സാധിക്കണം. മനസാക്ഷിയാണു നമ്മുടെ ഏറ്റവും വലിയ കൊട്ടാരം. ഇത്തരത്തില്‍ മനസാക്ഷിയുടെ ബോധ്യങ്ങള്‍ക്കായി നമ്മള്‍ നിലകൊള്ളുമ്പോള്‍ നമ്മള്‍ സമ്പന്നരായി മാറും. ലോകത്തിലെ ഏതൊരു രാജാവിലും രാജ്ഞിയിലും കൂടുതല്‍ നമ്മള്‍ സമ്പന്നരായി മാറും". അര്‍മാന്‍ഡോ പറയുന്നു.
'ഞാന്‍ കാസ്‌ട്രോയേ പിന്തുണയ്ക്കുന്നു'വെന്ന കാര്‍ഡുകള്‍ കൈയില്‍ ഉയര്‍ത്തിപിടിക്കുവാന്‍ വിസമ്മതിച്ചതിനാണ് അര്‍മാന്‍ഡോയെ ജയിലില്‍ അടച്ചത്. എട്ടു വര്‍ഷങ്ങള്‍ അദ്ദേഹത്തിനെ വിവസ്ത്രനാക്കിയാണു കമ്യൂണിസ്റ്റ് ഭരണകൂടം ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ അര്‍മാന്‍ഡോയുടെ ഉള്‍കരുത്തിനേയും ദൈവവിശ്വാസത്തേയും തളര്‍ത്തുവാന്‍ ഭരണകൂടത്തിന്റെ പീഡനങ്ങള്‍ക്കായിരുന്നില്ല. ജയിലില്‍ നിന്നും അര്‍മാന്‍ഡോ കവിതകളും ലേഖനങ്ങളുമെഴുതി ഭാര്യക്കു നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഇവ രഹസ്യമായി ക്യൂബക്ക് പുറത്തുകൊണ്ടുപോയി പ്രസിദ്ധീകരിച്ചു. ഈ കൃതികൾ പിന്നീട് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റി. ദീര്‍ഘനാളുകള്‍ ജയിലില്‍ കിടന്ന അര്‍മാണ്‍ഡോയുടെ മോചനത്തിന് ഇത് വഴിതെളിച്ചു.
ഇപ്പോള്‍ ക്യൂബയില്‍ സേവനം ചെയ്യുന്ന ലിറ്റില്‍ സിസ്‌റ്റേഴ്‌സ് എന്ന സംഘടനയ്ക്കു രാജ്യത്തു നേരിടേണ്ടിവരുന്നതു വലിയ പ്രതിസന്ധിയാണെന്നും അര്‍മാണ്‍ഡോ പറഞ്ഞു. വന്ധീകരണവും ഗര്‍ഭഛിദ്രവും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കന്യാസ്ത്രീകള്‍ ശബ്ദമുയര്‍ത്തുന്നു. തെറ്റായ രേഖകളുണ്ടാക്കിയ ശേഷം മഠങ്ങള്‍ക്കു വന്‍തുക പിഴയായി നല്‍കണമെന്ന നോട്ടീസ് നല്‍കിയാണു കന്യാസ്ത്രീകളുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ നേരിടുന്നത്. എന്നാല്‍ സഹനത്തിന്റെ വഴിയില്‍ ഉറച്ചു നില്‍ക്കുന്ന കന്യാസ്ത്രീകളെ തോല്‍പ്പിക്കുവാന്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിനു കഴിയുകയില്ലെന്നും അര്‍മാണ്‍ഡോ വലാഡറസിന്‍ പറയുന്നു.