News

തുര്‍ക്കിയോടുള്ള പ്രതിഷേധം: ക്രിസ്ത്യന്‍ ആശ്രമത്തിന്റെ വികസനത്തിനായി 40 മില്യണ്‍ പൗണ്ടിന്റെ പദ്ധതിയുമായി ഈജിപ്ത്

പ്രവാചക ശബ്ദം 10-08-2020 - Monday

കെയ്റോ: ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന ഇസ്താംബൂളിലെ ബൈസന്റൈന്‍ കത്തീഡ്രലായ ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ തുര്‍ക്കി നടപടിയോടുള്ള പ്രതിഷേധമെന്ന നിലയില്‍ പുരാതന ക്രിസ്ത്യന്‍ ആശ്രമത്തിന്റെ വികസനത്തിനു സഹായവുമായി ഈജിപ്ത്. ലോകത്തെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ ആശ്രമങ്ങളിലൊന്നായ ഈജിപ്തിലെ തെക്കന്‍ സീനായി മേഖലയിലുള്ള സെന്റ്‌ കാതറിന്‍ ആശ്രമത്തിന്റെ പുനരുദ്ധാരണവും, വികസനവും നടത്തുമെന്ന പ്രഖ്യാപനവുമായാണ് ഈജിപ്ത് രംഗത്ത് വന്നിരിക്കുന്നത്. നാലു കോടി ഈജിപ്ഷ്യന്‍ പൗണ്ട് (25 ലക്ഷം ഡോളര്‍) ചിലവഴിക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

ഹാഗിയ സോഫിയയുടെ ചെറുപതിപ്പ് നിര്‍മ്മിക്കുമെന്ന്‍ സിറിയന്‍ ഭരണകൂടം പ്രഖ്യാപിച്ച് അധികം ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പാണ് മറ്റൊരു ഇസ്ലാമിക രാഷ്ട്രമായ ഈജിപ്തും തുര്‍ക്കിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 24ന് സെന്റ്‌ കാതറിന്‍ ആശ്രമം സന്ദര്‍ശിച്ച ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മൊസ്തഫ മാഡ്ബൗലി സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി ആശ്രമത്തിന്റേയും തൊട്ടടുത്തുള്ള പട്ടണത്തിന്റേയും വികസന പ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കി.

ആശ്രമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജൂലൈ 28ന് മാഡ്ബൗലി ഹൗസിംഗ് & സിവില്‍ ഏവിയേഷന്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിന്റെ പിന്നാലെ ഓഗസ്റ്റ് ഒന്നിന് ഈജിപ്ത് ആന്റിക്വിറ്റീസ് മന്ത്രാലയം ആശ്രമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടു. നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട സെന്റ്‌ കാതറിന്‍ ദേവാലയം ലോക പ്രശസ്ത ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. നിരവധി ക്രിസ്ത്യന്‍ ചരിത്ര സ്മാരകങ്ങളുടെ കേന്ദ്രമാണ് ഈ ആശ്രമം. ആശ്രമത്തിലെ ദേവാലയങ്ങള്‍ക്ക് പുറമേ, പ്രസിദ്ധമായ ലൈബ്രറിയുടേയും, ആശ്രമത്തിനടുത്തുള്ള സെന്റ്‌ കാതറിന്‍ എയര്‍പോര്‍ട്ടിന്റേയും വികസനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹെറോദേസിന്റെ പട്ടാളക്കാരെ ഭയന്ന്‍ ഈജിപ്തിലെത്തിയ തിരുക്കുടുംബം സഞ്ചരിച്ച പാത വീണ്ടെടുക്കുവാനുള്ള മറ്റൊരു പദ്ധതിയും ഈജിപ്ത് സര്‍ക്കാരിനുണ്ട്. മതത്തെ കൂട്ടുപിടിച്ച് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെപ്പോലും അട്ടിമറിച്ച തുര്‍ക്കി ഭരണകൂടത്തിന്റെ നടപടിക്കെതിരെ കടുത്തവിമര്‍ശനവുമായി ഈജിപ്തിലെ മാധ്യമങ്ങളും രംഗത്തുണ്ടായിരുന്നു. 'ഇസ്ലാമിന്റെ പ്രതിച്ഛായയും, പ്രബോധനങ്ങളും നശിപ്പിച്ചു' എന്ന കടുത്ത ആരോപണമാണ് ഈജിപ്തിലെ പ്രമുഖ ടിവി അവതാരകനായ അഹമദ് മൗസാ തുര്‍ക്കി പ്രസിഡന്റിനെതിരെ ഉന്നയിച്ചത്. ഇസ്ലാമിക സംബന്ധിയായ കാര്യങ്ങളില്‍ ഈജിപ്ത് സര്‍ക്കാരിന്റെ ഉപദേശക സമിതിയായ ദാര്‍ അല്‍-ഇഫ്തയും ഹാങ്ങിയ സോഫിയ വിഷയത്തില്‍ തുര്‍ക്കിയുടെ നടപടിയെ അപലപിച്ചുകൊണ്ട് രംഗത്ത് വന്നിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »