News

മരിയ ഷഹ്ബാസിന് പിന്നാലെ പാക്കിസ്ഥാനിൽ മറ്റൊരു ക്രിസ്ത്യന്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

പ്രവാചക ശബ്ദം 21-08-2020 - Friday

ഫൈസലാബാദ് : മരിയ ഷഹ്ബാസിനു പിന്നാലെ പാക്കിസ്ഥാനിൽ പതിനഞ്ചു വയസ് മാത്രം പ്രായമുള്ള ക്രിസ്ത്യന്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഫൈസലാബാദ് നസ്രത്ത് കോളനിയിലെ സനേഹ കിൻസ ഇക്ബാൽ എന്ന ക്രിസ്ത്യന്‍ പെൺകുട്ടിയെ ഇസ്ലാം മത വിശ്വാസിയും നാലു കുട്ടികളുടെ പിതാവുമായ സൈദ് അമനാദ് എന്നയാള്‍ തട്ടിക്കൊണ്ടു പോയെന്നാണ് ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 22നു കിൻസയെ തട്ടിക്കൊണ്ടു പോയെങ്കിലും ഇക്കഴിഞ്ഞ ബുധനാഴ്ച (ഓഗസ്റ്റ് 19) മാത്രമാണ് മാതാപിതാക്കളുടെ പരാതി സ്വീകരിക്കാൻ പോലീസ് തയാറായത്. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന ദി അസോസിയേഷൻ ഓഫ് വുമൺ ഫോർ അവയർനസ് എന്ന സംഘടന വഴിയാണ് ഫൈസലാബാദിലെ ജാൻ ബസാർ പോലീസ് സ്റ്റേഷനിൽ ഇപ്പോൾ പരാതി ഫയൽ ചെയ്തിരിക്കുന്നത്.

നസ്രത്ത് കോളനിയിൽ ജീവിക്കുന്ന മോറിസ് മാസിഹ് എന്ന പ്രൊട്ടസ്റ്റന്റ് സുവിശേഷ പ്രഘോഷകന്റെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവളാണ് സനേഹ കിൻസ. സ്കൂളിൽ നല്ല രീതിയിൽ പഠിച്ചിരുന്ന സനേഹയുടെ ആഗ്രഹം ഒരു സർക്കാർ ഉദ്യോഗസ്ഥയാകുക എന്നതായിരുന്നുവെന്ന് പെണ്‍കുട്ടിയുമായി ബന്ധമുള്ളവര്‍ പറഞ്ഞു. ഫൈസലാബാദിലെ അലീഡ് ആശുപത്രിയുടെ സെക്യൂരിറ്റി ജീവനക്കാരനായാണ് സൈദ് അമനാദ് ജോലിചെയ്തിരുന്നത്. ജൂൺ രണ്ടാം തീയതി സനേഹയുടെ അമ്മ റുക്സാന ബീവി നിലത്ത് വീണ് പരിക്കുപറ്റി ഏതാനും ദിവസം അലീഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെവച്ചാണ് സൈദ് പെണ്‍കുട്ടിയെ കാണുന്നത്.

ഇതിനിടയിൽ അവരുടെ അഡ്രസ്സും അയാൾ മനസ്സിലാക്കി. ജൂലൈ 22നു ദേവാലയത്തിൽ പോയ സനേഹ മടങ്ങി വരാതിരുന്നപ്പോഴാണ് കുടുംബം തിരച്ചിൽ ആരംഭിക്കുന്നത്. പെൺകുട്ടി ഒരു കാറിൽ ചില അജ്ഞാതരുടെ കൂടെ പോകുന്നത് കണ്ടതായി അയൽക്കാർ പറഞ്ഞു. കാറിനകത്ത് സൈദ് അമനാദിനെയും കണ്ടതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. തുടര്‍ന്നു സനേഹ കിൻസയുടെ ജേഷ്ഠ സഹോദരനായ വസീം മോറിസ് പോലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനുശേഷം വസീം, സൈദിന്റെ വീട്ടിലെത്തി അയാളുടെ പിതാവിനെ കണ്ടു.

തന്റെ മകൻ കുറ്റം ചെയ്തു എന്ന് അംഗീകരിച്ച പിതാവ് സനേഹയെ തിരികെ അയക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും പിന്നീട് മനസ്സ് മാറ്റി. മകളെ തിരികെ കൊണ്ടുപോകാൻ ശ്രമിക്കരുതെന്ന് പറഞ്ഞ് ജൂലൈ 28നു പെണ്‍കുട്ടിയുടെ കുടുംബത്തിനെ സൈദ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. സാഹചര്യം പ്രതികൂലമാണെങ്കിലും പെൺകുട്ടിയെ മോചിപ്പിക്കാൻ വേണ്ടി 'ദി അസോസിയേഷൻ ഓഫ് വുമൺ ഫോർ അവയർനസ്' സംഘടന എല്ലാ ശ്രമവും നടത്തുന്നുണ്ട്. തട്ടിക്കൊണ്ടുപോയി മതംമാറ്റി പീഡിപ്പിച്ച് നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോകാന്‍ പാക്ക് കോടതി വിധി പുറപ്പെടുവിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസിനു നീതി ലഭിക്കുന്നതിനായി വലിയ രീതിയിലുള്ള ക്യാംപെയിന്‍ നടക്കുന്നതിനിടെയാണ് സനേഹ കിൻസയുടെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »