News

നാമകരണ പാതയില്‍ ഫാ. മാര്‍ട്ടിന്‍ പോറസ് മരിയ വാര്‍ഡ്

പ്രവാചകശബ്ദം 10-12-2024 - Tuesday

വത്തിക്കാന്‍ സിറ്റി: മിഷ്ണറി, അധ്യാപകന്‍, വൊക്കേഷന്‍ പ്രൊമോട്ടര്‍, ആത്മീയ നിയന്താവ്, ചാപ്ലൈന്‍ എന്നീ നിലകളില്‍ നാല് പതിറ്റാണ്ടിലേറെ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിച്ച അമേരിക്കന്‍ കത്തോലിക്ക വൈദികന്‍ ഫാ. മാര്‍ട്ടിന്‍ ഡെ പോറസ് മരിയ വാര്‍ഡിന്റെ നാമകരണ നടപടികള്‍ക്ക് ഫ്രാന്‍സിസ് പാപ്പ അംഗീകാരം നല്‍കി. ഇതുസംബന്ധിച്ച നാമകരണ നടപടികളുടെ ചുമതലയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ അറിയിപ്പ് ബ്രസീലിയന്‍ ഹിസ്റ്റോറിക്കല്‍ കമ്മീഷന്‍ മുഖാന്തിരം തങ്ങള്‍ക്ക് ലഭിച്ചുവെന്ന് 'ബ്ലാക്ക് കാത്തലിക് മെസഞ്ചര്‍' ഫൗണ്ടേഷനിലെ ബ്രദര്‍ ഡഗ്ലസ് മക്മില്ലന്‍ സ്ഥിരീകരിച്ചു. അമേരിക്കയിലെ ബോസ്റ്റണില്‍ ജനിച്ച ഫാ. വാര്‍ഡ്‌ 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മരണപ്പെടുന്നത്. ബ്രസീല്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രേഷിതമേഖല.

1918-ല്‍ ബോസ്റ്റണിലെ ചാള്‍സ്ടൌണിലെ ഒരു മെത്തഡിസ്റ്റ് കുടുംബത്തിലാണ് മത്തിയാസ് ഡെവിറ്റെ വാര്‍ഡ്‌ എന്ന മാര്‍ട്ടിന്‍ ഡെ പോറസ് മരിയ വാര്‍ഡ് ജനിച്ചത്. 11 സഹോദരങ്ങളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ചെറുപ്പകാലത്തു കുടുംബം വാഷിംഗ്‌ടണിലേക്ക് ചേക്കേറി. കൗമാരക്കാലത്ത് വാര്‍ഡ്‌ തന്റെ ഒരു സുഹൃത്തിനൊപ്പം ആദ്യമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. പതിനേഴാമത്തെ വയസ്സില്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. 1940-ല്‍ സെന്‍റ് മാത്യു കത്തീഡ്രലില്‍വെച്ചായിരുന്നു വിശ്വാസ സ്ഥിരീകരണം.

ബ്രൂക്ലിനില്‍ എത്തിയ ശേഷമാണ് അദ്ദേഹം ഫ്രാന്‍സിസ്കന്‍ കണ്‍വെന്‍ച്വല്‍ ഫ്രിയാര്‍സ് മൈനര്‍ സമൂഹത്തില്‍ ചേരുന്നത്. 1955-ല്‍ തിരുപ്പട്ടം സ്വീകരിച്ചുവെങ്കിലും അക്കാലത്ത് അമേരിക്കയിലെ പല മെത്രാന്‍മാരും തങ്ങളുടെ രൂപതകളില്‍ ഒരു ആഫ്രോ-അമേരിക്കന്‍ വൈദികനെ വെക്കുവാന്‍ തയ്യാറായിരുന്നില്ല. ഇതാണ് വാര്‍ഡിനെ ബ്രസീലില്‍ എത്തിച്ചത്. മിഷ്ണറി, അധ്യാപകന്‍, വൊക്കേഷന്‍ പ്രൊമോട്ടര്‍, ആത്മീയ നിയന്താവ്, ചാപ്ലൈന്‍ എന്നീ നിലകളില്‍ 40 വര്‍ഷത്തിലേറെയായി സേവനം ചെയ്ത അദ്ദേഹത്തെ ബ്രസീലില്‍ ഒരു വിശുദ്ധനായ വ്യക്തിയായിട്ടാണ്‌ ആളുകള്‍ കണക്കാക്കിയിരിന്നത്.

തന്റെ പൗരോഹിത്യ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് തെക്ക്-കിഴക്കന്‍ ബ്രസീലിലെ ആന്‍ഡ്രിലാന്‍ഡിയ മുന്‍സിപ്പാലിറ്റിയിലായതിനാല്‍ 1995-ല്‍ അദ്ദേഹത്തെ ‘സിറ്റിസണ്‍ ഓഫ് ആന്‍ഡ്രിലാന്‍ഡിയ’ പദവി നല്‍കി ആദരിച്ചിരിന്നു. അതിനും നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ 81-മത്തെ വയസ്സില്‍ അദ്ദേഹം നിത്യതയിലേക്ക് യാത്രയാകുന്നത്. നാമകരണ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന 4 ആഫ്രോ-അമേരിക്കന്‍ വൈദികരുടെ ഗണത്തില്‍ ഇനി ഫാ. മാര്‍ട്ടിന്‍ ഡെ പോറസ് മരിയ വാര്‍ഡിന്റെ നാമവും എഴുതപ്പെടും.

ഡിക്കാസ്റ്ററിക്ക് വേണ്ട രേഖകളുടെ അന്തിമ പകര്‍പ്പ് തയ്യാറാക്കുന്ന തിരക്കിലാണ് സാവോ ജോവോ ഡെല്‍ റെയി രൂപത. ഫാ. വാര്‍ഡിന്റെ പൂര്‍ണ്ണ ജീവചരിത്രവും തയ്യാറാക്കി നല്‍കുവാനുള്ള ഉത്തരവാദിത്തം ഈ രൂപതക്കാണ്. അതിനുശേഷം വത്തിക്കാന്‍ ഈ ജീവചരിത്രം മുഴുവന്‍ വിശകലനം ചെയ്ത് വീരോചിത സുകൃതങ്ങള്‍ക്കനുസരിച്ച് ജീവിച്ചിരുന്നവനാണോ എന്ന് തീരുമാനിക്കും. അതിനു ശേഷമാണ് ‘ധന്യ’ പദവിയിലേക്ക് ഉയര്‍ത്തുക.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »