News

വീണ്ടും അധിനിവേശം: തുര്‍ക്കിയിലെ ഹോളി സേവ്യർ ക്രിസ്ത്യന്‍ ദേവാലയവും മോസ്കാക്കി ഏര്‍ദ്ദോഗന്റെ ഉത്തരവ്

പ്രവാചക ശബ്ദം 21-08-2020 - Friday

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്തതിനെതിരെ ആഗോളതലത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ അലയടികള്‍ അവസാനിക്കുന്നതിനു മുന്‍പ് തുര്‍ക്കിയിലെ മറ്റൊരു പുരാതന ക്രിസ്ത്യന്‍ ദേവാലയം കൂടി മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്തു. ഇസ്താംബൂളിലെ പ്രശസ്ത ബൈസന്റൈന്‍ നിര്‍മ്മിതിയായ കോറയിൽ സ്ഥിതിചെയ്യുന്ന ഹോളി സേവ്യർ ഓർത്തഡോക്സ് ദേവാലയമാണ് മുസ്ലീം പള്ളിയായി പരിവര്‍ത്തനം ചെയ്തുകൊണ്ടു തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദോഗന്‍ ഇന്നു പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

ലോക പൈതൃക പട്ടികയിലുള്‍പ്പെട്ട ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയതിനെ തുടര്‍ന്ന്‍ ക്രൈസ്തവ ലോകത്തിനുണ്ടായ വേദന തീരും മുന്‍പ്, കേവലം ഒരു മാസത്തിനകമാണ് ഹോളി സേവ്യർ ദേവാലയവും മോസ്കാക്കി മാറ്റിയിരിക്കുന്നത്. ഇതിന്റെ നടത്തിപ്പ് ചുമതല റിലീജിയസ് അഫയേഴ്സിലേക്ക് മാറ്റുന്നുവെന്നും, ഈ മോസ്ക് മുസ്ലീം ആരാധനക്കായി തുറക്കുന്നുവെന്നുമാണ് എര്‍ദോര്‍ഗന്റെ പ്രഖ്യാപനത്തില്‍ പറയുന്നത്. എന്നാല്‍ ഇസ്ലാമിക ആരാധനകള്‍ എന്ന് ആരംഭിക്കുമെന്ന് പ്രഖ്യാപനത്തിലില്ല.

കോണ്‍സ്റ്റാന്റിനോപ്പിളിലെ പുരാതന നഗര മതിലിന് സമീപം പതിനാലാം നൂറ്റാണ്ടിലാണ് ഹോളി സേവ്യര്‍ ദേവാലയം പണികഴിപ്പിച്ചതെങ്കിലും, ഈ ദേവാലയം നിന്നിരുന്നിടത്തെ ആദ്യ ദേവാലയം നിര്‍മ്മിക്കുന്നത് നാലാം നൂറ്റാണ്ടിലാണ്. ഭൂകമ്പത്തെ തുടര്‍ന്ന്‍ ഭാഗികമായി തകര്‍ന്ന ദേവാലയം 200 വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍നിര്‍മ്മിക്കുകയായിരുന്നു. ബൈസന്റൈന്‍ കാലഘട്ടത്തിലെ മനോഹരമായ മൊസൈക്കും, ബൈബിള്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന ചുമര്‍ ചിത്രങ്ങള്‍ക്കൊണ്ടും പ്രശസ്തമാണ് ഹോളി സേവ്യര്‍ ദേവാലയം.

1453ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാന്‍റിനോപ്പിൾ കീഴടക്കി അരനൂററാണ്ട് പിന്നിട്ടപ്പോഴേക്കും കോറയിലെ ക്രൈസ്തവ ദേവാലയവും അവർ മുസ്ലിംപള്ളിയാക്കി മാറ്റുകയായിരുന്നു. ഇസ്ലാമിൽ ദൈവിക ചിത്രങ്ങൾ അനുവദനീയമല്ലാത്തതിനാല്‍ അവ ഓട്ടോമൻ തുർക്കികൾ മറച്ചു. ഹാഗിയ സോഫിയയില്‍ സംഭവിച്ചത് പോലെ എഴുപതില്‍പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്കാലത്തെ മതനിരപേക്ഷ സര്‍ക്കാര്‍ കോറയിലെ ദേവാലയവും മ്യൂസിയമാക്കി മാറ്റിയതിന് ശേഷമാണ് ഈ ചുവര്‍ചിത്രങ്ങള്‍ വീണ്ടും വെളിച്ചം കണ്ടത്. ദേവാലയത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള മ്യൂസിയമാക്കിയ 1945-ലെ സര്‍ക്കാര്‍ ഉത്തരവ് തുര്‍ക്കിയിലെ ഒരു കോടതി കഴിഞ്ഞ വര്‍ഷം റദ്ദ് ചെയ്തിരുന്നു.

ഹാഗിയ സോഫിയ ദേവാലയം മോസ്കാക്കി മാറ്റിയതോടെ ഹോളി സേവ്യര്‍ ദേവാലയവും മോസ്കാക്കി മാറ്റുമെന്നു സൂചനകളുണ്ടായിരിന്നു. ഇതാണ് ഏര്‍ദ്ദോഗന്‍ ഭരണകൂടം ഇന്നു നടപ്പിലാക്കിയിരിക്കുന്നത്. ഇസ്ലാമിക രാഷ്ട്രീയം കളിക്കുന്ന എ.കെ പാര്‍ട്ടി തലവനായ എര്‍ദോഗന്‍ ഇസ്ലാമിക വാദികളുടെ സംരക്ഷകനെന്ന്‍ വരുത്തിതീര്‍ക്കുവാനുള്ള രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമാണ് ഈ നടപടികളെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. മോസ്കാക്കി മാറ്റിയതോടെ ഹാഗിയ സോഫിയ ദേവാലയത്തിലെ ക്രിസ്തീയ ചിത്രങ്ങള്‍ തുണി ഉപയോഗിച്ച് മറച്ചിരിന്നു. ഇതിന് സമാനമായി ഹോളി സേവ്യർ ക്രിസ്ത്യന്‍ ദേവാലയത്തിലെയും പുരാതന പെയിന്‍റിങ്ങുകളും പ്രതീകങ്ങളും മറയ്ക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »