Arts - 2025

യു‌എസ് മെത്രാന്‍ സമിതി തലവന് ഹാഗിയ സോഫിയയിലെ കുരിശ് സമ്മാനിച്ച് ഗ്രീക്ക് മെത്രാപ്പോലീത്ത

പ്രവാചകശബ്ദം 22-11-2021 - Monday

ബാള്‍ട്ടിമോര്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍വെച്ച് നവംബര്‍ 15 മുതല്‍ 18 വരെ നടന്ന അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ശൈത്യകാല ജനറല്‍ അസ്സംബ്ലിയില്‍ പങ്കെടുത്ത അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്ത എല്‍പ്പിഡോഫോറോസ് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ലോസ് ആഞ്ചലസ് മെത്രാപ്പോലീത്തയുമായ ജോസ് എച്ച് ഗോമസിന് ഐക്യത്തിന്റെ അടയാളമെന്ന നിലയില്‍ വിശേഷപ്പെട്ട കുരിശ് സമ്മാനിച്ചു. ഹാഗിയ സോഫിയയിലെ കുരിശ് എന്നറിയപ്പെടുന്ന ജസ്റ്റീനിയന്‍ കുരിശിന്റെ മാതൃകയിലുള്ള ഒരു വെള്ളി കുരിശാണ് സമ്മാനമായി നല്‍കിയത്. ഇസ്താംബൂളിലെ ഒരു ഓര്‍ത്തഡോക്സ് ക്രൈസ്തവ വിശ്വാസിയായ ആഭരണ നിര്‍മ്മാതാവാണ് ഈ കുരിശ് നിര്‍മ്മിച്ചത്. അമേരിക്കന്‍ മെത്രാന്‍സമിതിയുടെ ശൈത്യകാല ജനറല്‍ അസ്സംബ്ലിയെ അഭിസംബോധന ചെയ്തതിനു ശേഷം തന്റെ സ്നേഹത്തിന്റേയും ഐക്യത്തിന്റേയും അടയാളമായ കുരിശ് കൈമാറുകയായിരിന്നു.

‘ക്രോസ് ഓഫ് ഹാഗിയ സോഫിയ’ എന്നറിയപ്പെടുന്ന ജസ്റ്റീനിയന്‍ കുരിശിന്റെ ആകൃതിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നിര്‍മ്മിച്ച കുരിശാണ് ഇസ്താംബൂള്‍ സ്വദേശി കൂടിയായ മെത്രാപ്പോലീത്ത എല്‍പ്പിഡോഫോറോസ് വ്യക്തിപരമായ സമ്മാനമായി നല്‍കിയതെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്സ് വക്താവ് പറഞ്ഞു. തനിക്ക് സമ്മാനമായി ലഭിച്ച കുരിശ് അപ്പോള്‍ തന്നെ മെത്രാപ്പോലീത്ത ഗോമസ് കഴുത്തില്‍ അണിഞ്ഞു. കുരിശ് സമ്മാനമായി നല്‍കിയതിനും മെത്രാന്‍ സമിതിയുടെ ജനറല്‍ അസ്സംബ്ലിയില്‍ പങ്കെടുത്തതിനും അദ്ദേഹം മെത്രാപ്പോലീത്ത എല്‍പ്പിഡോഫോറോസിന് നന്ദി അറിയിച്ചു. സഭക്കും ലോകത്തിനും വേണ്ടി തങ്ങളുടെ സൌഹൃദവും, ബന്ധവും തുടരുവാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

അമേരിക്കയിലെ കാനോനിക്കല്‍ ഓര്‍ത്തഡോക്സ് മെത്രാന്മാരുടെ അസംബ്ലിയുടെ ചെയര്‍മാന്‍ എന്ന നിലയിലാണ് അന്‍പത്തിമൂന്നുകാരനായ മെത്രാപ്പോലീത്ത എല്‍പ്പിഡോഫോറോസ് അമേരിക്കന്‍ മെത്രാന്‍സമിതിയുടെ ജനറല്‍ അസ്സംബ്ലിയില്‍ പങ്കെടുത്തത്. വടക്കന്‍ അമേരിക്കയിലെ മറ്റ് ഓര്‍ത്തഡോക്സ് സഭകളില്‍ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുസഭകളും തമ്മിലുള്ള ഐക്യത്തിന്റേയും പരസ്പര സഹകരണത്തിന്റേയും ആവശ്യകതയെക്കുറിച്ചും മെത്രാപ്പോലീത്ത എല്‍പ്പിഡോഫോറോസ് പറഞ്ഞു. അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാരും, ഓര്‍ത്തഡോക്സ് മെത്രാന്‍മാരും സംയുക്തമായാണ് ഓരോ വര്‍ഷത്തേയും ‘മാര്‍ച്ച് ഫോര്‍ ലൈഫ് റാലി’യുടെ പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലുന്നത്.

ക്രൈസ്തവ സമൂഹത്തിന്റെ ആഗോള ദേവാലയം എന്ന് അറിയപ്പെടുന്ന തുര്‍ക്കിയുടെ പൈതൃകം കൂടിയായ ഹാഗിയ സോഫിയ മുസ്ലീം പള്ളി ആക്കി മാറ്റിയ തുര്‍ക്കി സര്‍ക്കാര്‍ നടപടി ആഗോളതലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമാവുകയും തുര്‍ക്കിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിലെ കുരിശിന്റെ മാതൃക തന്നെ സമ്മാനിച്ചതോടെ ഹാഗിയ സോഫിയ വിഷയം വീണ്ടും മാധ്യമ ശ്രദ്ധ നേടുകയാണ്.


Related Articles »