News
മരിയ ഷഹ്ബാസ് തടങ്കലില്‍ നിന്ന് രക്ഷപ്പെട്ടതായി വെളിപ്പെടുത്തല്‍: ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ചെന്നും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചെന്നും മൊഴി
പ്രവാചക ശബ്ദം 26-08-2020 - Wednesday
ലാഹോര്‍: തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തയാളുടെ ഒപ്പം പോകുവാന്‍ ലാഹോര്‍ ഹൈക്കോടതി വിധിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പതിനാലുകാരിയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസ് തടങ്കലില്‍ നിന്നും രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്നാഴ്ച നീണ്ട ക്രൂരതകള്‍ക്കൊടുവില്‍ മൈറ (മരിയ) ഷഹ്ബാസ്, ഭര്‍ത്താവെന്ന് കോടതി വിധിച്ച മൊഹമ്മദ് നാകാഷിന്റെ ഫൈസലാബാദിന് സമീപമുള്ള വീട്ടില്‍ നിന്നുമാണ് രക്ഷപ്പെട്ടതെന്നു ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) റിപ്പോര്‍ട്ട് ചെയ്യുന്നു. നാകാഷിന്റെ പിടിയില്‍ അകപ്പെടാതിരിക്കുവാന്‍ മാതാവായ നിഘാട്ടിനും, മൂന്നു സഹോദരങ്ങള്‍ക്കുമൊപ്പം മരിയ നിരന്തരം സ്ഥലങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മയക്കുമരുന്ന്‍ കലര്‍ത്തിയ ജ്യൂസ് നല്‍കി നാകാഷ് തന്നെ ബലാല്‍സംഗം ചെയ്തുവെന്നും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും രക്ഷപ്പെട്ട ശേഷം മരിയ പോലീസിനയച്ച പ്രസ്താവനയില്‍ പറയുന്നു. ഇതിന്റെ പകര്‍പ്പ് മരിയയുടെ മാതാപിതാക്കളുടെ അഭിഭാഷകനായ ഖലീല്‍ താഹിര്‍ സന്ധുവില്‍ നിന്നും ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്'ന് ലഭിച്ചിട്ടുണ്ട്. വേശ്യാവൃത്തിക്ക് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചെന്നും മൊഴിയുണ്ട്. ചതിയിലൂടെ മതം മാറ്റുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ശൂന്യമായ പേപ്പറില്‍ ഒപ്പിടുവാനുള്ള നാകാഷിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിലാണ് വേശ്യാവൃത്തിയിലേര്‍പ്പെടുവാന്‍ നിര്‍ബന്ധിച്ചത്.
തങ്ങളുടെ ആവശ്യം നിരസിച്ചാല്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ പുറത്തുവിടുമെന്നും, തന്നേയും കുടുംബത്തേയും കൊല്ലുമെന്നും നാകാഷ് ഭീഷണിപ്പെടുത്തിയതായും മരിയയുടെ പ്രസ്താവനയില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമത്തിന്റെ പേരില്‍ നാകാഷിനെ അറസ്റ്റ് ചെയ്യണമെന്ന് മരിയയുടെ കുടുംബം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് നാകാഷും രണ്ട് അനുയായികളും മദീന പട്ടണത്തിലെ വീട്ടില്‍ നിന്നും മരിയയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുന്നത്. പകല്‍ വെളിച്ചത്തില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന ദൃക്സാക്ഷികളുടെ മൊഴിപോലും വിലയ്ക്കെടുക്കാതെയാണ് ലാഹോര്‍ ഹൈകോടതി പതിനാലുകാരിയായ നാകാഷിനൊപ്പം വിട്ടത്.
നാകാഷ് ഹാജരാക്കിയ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ വിവാഹം നടത്തിക്കൊടുത്തതായി പറയുന്ന മുസ്ലീം പുരോഹിതന്റെ തനിക്കിതില്‍ പങ്കൊന്നുമില്ലെന്ന മൊഴിയും, പെണ്‍കുട്ടിയെ മറ്റൊരു സ്ത്രീക്കൊപ്പം വിടുവാനുള്ള ഫൈസലാബാദ് ജില്ലാ കോടതി വിധിയേയും മറികടന്നുകൊണ്ടായിരുന്നു ലാഹോര്‍ ഹൈകോടതിയുടെ വിചിത്രമായ വിധി. മരിയ ഷഹ്ബാസിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ പ്രചരണം നടക്കുന്നുണ്ട്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് മലയാളി സമൂഹമാണെന്നതും ശ്രദ്ധേയമാണ്. പാക്കിസ്ഥാനില്‍ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകപ്പെടുന്ന നൂറുകണക്കിന് ക്രിസ്ത്യന്‍ പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് മരിയ ഷഹ്ബാസ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക