News - 2024

കോവിഡ് 19: ഫിലിപ്പീന്‍സ് മുന്‍ ആര്‍ച്ച് ബിഷപ്പ് അന്തരിച്ചു

പ്രവാചക ശബ്ദം 27-08-2020 - Thursday

മനില: കോവിഡ് 19 രോഗബാധയെ തുടര്‍ന്നു ഫിലിപ്പീന്‍സിലെ ലിംഗായൻ ഡാഗുപ്പാൻ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ വി ക്രൂസ് അന്തരിച്ചു. ഇന്നലെ ഓഗസ്റ്റ് 26ന് മനിലയിലെ സാന്‍ ജുവാന്‍ നഗരത്തിലെ കര്‍ദ്ദിനാള്‍ സാന്റോസ് മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലില്‍വെച്ചായിരുന്നു എണ്‍പത്തിയഞ്ചുകാരനായ മെത്രാപ്പോലീത്തയുടെ അന്ത്യം. ദേശീയ മെത്രാന്‍ സമിതിയുടെ (സി.ബി.സി.പി) മുന്‍ പ്രസിഡന്റ്, ഏഷ്യന്‍ മെത്രാന്‍ സമിതി ഫെഡറേഷന്‍ (എഫ്.എ.ബി.സി) പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 2009-ലെ വിരമിക്കലിന് ശേഷം സി.ബി.സി.പി നാഷ്ണല്‍ ട്രിബ്യൂണലിന്റെ ജഡീഷ്യല്‍ വികാരിയായി സേവനം ചെയ്തുവരികയായിരുന്നു.

മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ ഫിലിപ്പീന്‍സ് മെത്രാന്‍ സമിതി അനുശോചനം രേഖപ്പെടുത്തി. വിശ്വസ്തനായ ആട്ടിടയനും, ധീരനായ പ്രവാചകനുമായിരിന്നു അദ്ദേഹമെന്ന് ലിംഗായൻ ഡാഗുപ്പാൻ അതിരൂപതയുടെ നിലവിലെ മെത്രാപ്പോലീത്തയായ സോക്രട്ടീസ് വില്ലേഗാസ് പറഞ്ഞു. സി.ബി.സി.പി പ്രസിഡന്റായി രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടതും, എഫ്.എ.ബി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും മെത്രാപ്പോലീത്ത ക്രൂസിന്റെ യോഗ്യതകള്‍ക്കുള്ള അംഗീകാരമാണെന്ന്‍ ബിഷപ്പ് അര്‍ട്ടുറോ ബാസ്റ്റെസ് പറഞ്ഞു.

റോമിലെ ലാറ്ററന്‍ സര്‍വ്വകലാശാലയില്‍ നിന്നും കാനോനിക നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ആര്‍ച്ച് ബിഷപ്പ് ക്രൂസ് മുന്‍നിര കാനോനിക നിയമജ്ഞരില്‍ ഒരാളായിരിന്നു. ഫിലിപ്പീന്‍സ് പ്രസിഡന്റ്മാരുടെ തെറ്റായ നടപടികളെ പരസ്യമായി വിമര്‍ശിച്ചിട്ടുള്ള വ്യക്തികൂടിയായിരിന്നു അദ്ദേഹം. 2015-ല്‍ ഒരു അഭിമുഖത്തില്‍ റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടെ ഫിലിപ്പീന്‍സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്വേച്ഛാധിപതിയേക്കാള്‍ മോശമായിരിക്കുമെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരിന്നു.

ഗര്‍ഭനിരോധനോപാധികളുടെ ശേഖരണവും വിതരണവും നിയമപരമാക്കിയ മുന്‍ പ്രസിഡന്റ് ‘ബെനിഗ്നോ നൊയ്നോയ് അക്വിനോ’യെ ‘ക്രൈസ്തവ വിരുദ്ധനും, വിവേകശൂന്യനും’ എന്നാണ് മെത്രാപ്പോലീത്ത വിശേഷിപ്പിച്ചത്. ഓഗസ്റ്റ് 28നു സെന്റ്‌ ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ വി ക്രൂസിന്റെ മൃതസംസ്കാരം നടക്കും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »