News - 2024

നൈജീരിയയിലെ ക്രൈസ്തവ വിരുദ്ധ പീഡനത്തിൽ ഇടപെടണം: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് സന്നദ്ധ സംഘടന

പ്രവാചക ശബ്ദം 31-08-2020 - Monday

അബൂജ: നൈജീരിയയിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനത്തിൽ ഇടപെടാൻ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗണിനോട് ബ്രിട്ടനിലെ സന്നദ്ധ സംഘടന അഭ്യർത്ഥന നടത്തി. കഴിഞ്ഞയാഴ്ച നൈജീരിയയിലെ കടുണ സംസ്ഥാനത്തെ പ്രിൻസ് അക്കാദമി സ്കൂളിൽ നിന്നും നാലു കുട്ടികളെയും ഒരു അധ്യാപികയെയും ആയുധധാരികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഇതേത്തുടർന്നാണ് ഗോർഡൻ ബ്രൗൺ നൈജീരിയ സന്ദർശിക്കണമെന്ന് പീസ് ആൻഡ് സോഷ്യൽ ജസ്റ്റിസ് യുകെ എന്ന സംഘടന ആവശ്യമുന്നയിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ആഗോള വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പ്രത്യേക പ്രതിനിധിയാണ് ഗോർഡൻ ബ്രൗൺ. അതേസമയം മധ്യ നൈജീരിയയിൽ നിരവധി അതിക്രമങ്ങൾ നടത്തിയിരിക്കുന്ന മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന് കരുതപ്പെടുന്നു.

അക്രമികള്‍ സ്കൂളിന് സമീപം താമസിച്ചിരുന്ന ബെഞ്ചമിൻ ഓട്ട എന്നൊരാളെ കൊലപ്പെടുത്തുകയും, ഒരു ബാപ്റ്റിസ്റ്റ് ദേവാലയം നശിപ്പിക്കുകയും ചെയ്തു. ആയുധധാരികളെ ഗ്രാമവാസികൾ ചിലർ പിന്തുടർന്നതിനേ തുടര്‍ന്നു ഏതാനും വിദ്യാർത്ഥികളെ രക്ഷിക്കാന്‍ സംഘടനയ്ക്കു കഴിഞ്ഞിട്ടുണ്ട്. സ്കൂളിൽ നടന്ന അതിക്രമത്തെ പറ്റിയുള്ള പ്രാരംഭഘട്ട റിപ്പോർട്ട് പീസ് ആൻഡ് സോഷ്യൽ ജസ്റ്റിസ് യുകെ സംഘടനയ്ക്ക് കൈമാറി. നൈജീരിയയിലെ സ്കൂളുകൾ വലിയ സുരക്ഷാ ഭീഷണിയാണ് നേരിടുന്നത്. 2014ൽ ചിബോക്കിലെ ഒരു സ്കൂളിൽ നിന്നും മുന്നൂറോളം പെൺകുട്ടികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചാവിഷയമായിരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ ഒരു ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികളാണ് നൈജീരിയയിൽ കൊല്ലപ്പെട്ടത്. പൗരന്മാരെ സംരക്ഷിക്കാൻ നൈജീരിയൻ സർക്കാരിന്റെ മേൽ അന്താരാഷ്ട്രതലത്തിൽ പീസ് ആൻഡ് സോഷ്യൽ ജസ്റ്റിസ് യുകെ സംഘടന സമ്മര്‍ദ്ധം ശക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് അടുത്തിടെ യുകെയിൽ നടത്തിയ സർവ്വേയിൽ വലിയൊരു ശതമാനം ആളുകളും ആവശ്യപ്പെട്ടിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »