News - 2024

ആരാധനാലയങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് പോളിഷ് മെത്രാൻ സമിതി

പ്രവാചക ശബ്ദം 04-09-2020 - Friday

വാര്‍സോ: ആരാധനാലയങ്ങൾക്കും ക്രിസ്തീയ രൂപങ്ങൾക്കും നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ പോളിഷ് മെത്രാൻ സമിതി ആശങ്ക രേഖപ്പെടുത്തി. വിശ്വാസികളുടെ വികാരത്തെ മാനിക്കാൻ മറ്റുള്ളവർ തയ്യാറാകണമെന്ന് ആഗസ്റ്റ് 29നു സമാപിച്ച ത്രിദിന പ്ലീനറി സമ്മേളനത്തിന്റെ ഒടുവിൽ മെത്രാൻ സമിതി പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. തുടർച്ചയായി നടക്കുന്ന അതിക്രമങ്ങൾ വിശ്വാസികളിൽ വേദനയുണ്ടാക്കി. മെത്രാന്മാർ ഉദാഹരണങ്ങള്‍ ഒന്നും ചൂണ്ടിക്കാണിച്ചില്ലെങ്കിലും ജൂലൈ മാസം രാജ്യ തലസ്ഥാനമായ വാര്‍സോയിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുവിന്റെ രൂപത്തില്‍ എൽജിബിടി പ്രവർത്തകർ തങ്ങളുടെ കൊടി കെട്ടിയ സംഭവത്തിന്റെ പിന്നാലെയാണ് മെത്രാൻ സമിതി പ്രസ്താവന ഇറക്കിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

ഹോളിക്രോസ് ദേവാലയത്തിന് പുറത്ത് നടന്ന അതിക്രമത്തെ വാര്‍സോ കർദ്ദിനാൾ കസിമീർസ് നൈസ് അടക്കമുള്ളവർ അപലപിച്ചിരുന്നു. വിശ്വാസികൾക്കും ഇടവകയിലെ ജനങ്ങൾക്കും രാജ്യ തലസ്ഥാനത്ത് ഉള്ളവർക്കും സംഭവം ദുഃഖമുണ്ടാക്കിയെന്നായിരിന്നു കര്‍ദ്ദിനാളിന്റെ പ്രസ്താവന. ജസ്ന ഗോരയിൽ നടന്ന സമ്മേളനത്തിൽ എൽജിബിടി വിഷയങ്ങളെ പറ്റി 27 പേജുകളുളള രേഖയും മെത്രാൻ സമിതി പുറത്തിറക്കി.

എൽജിബിടി ചിന്താഗതി പുലർത്തുന്ന ആളുകളെ ബഹുമാനിക്കണമെങ്കിലും, അവരുടെ നിലപാടിനെ അംഗീകരിക്കേണ്ട ആവശ്യമില്ലെന്ന് രേഖയിൽ പറയുന്നു. കമ്മ്യൂണിസത്തിന്റെ തകർച്ചക്ക് ശേഷം മതപഠനം പോളണ്ടിന്റെ സ്കൂളുകളിൽ ആരംഭിച്ചതിന്റെ മുപ്പതാം വാർഷികവും മെത്രാൻസമിതി ആചരിച്ചു. മതാധ്യാപകരുടെ പരിശീലനത്തെ സംബന്ധിച്ചും അവർ ചർച്ച നടത്തി. കത്തോലിക്ക വിശ്വാസത്തെ ഏറ്റവും ശക്തമായി മുറുകെ പിടിക്കുന്ന യൂറോപ്യന്‍ രാജ്യമാണ് പോളണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »