Life In Christ
'നിത്യമായ സന്തോഷം ക്രിസ്തുവിൽ മാത്രം': പ്രമുഖ വയലിനിസ്റ്റ് ആന്ദ്രേജ് മറ്റിസ് തിരുപ്പട്ടം സ്വീകരിച്ചു
പ്രവാചക ശബ്ദം 07-09-2020 - Monday
റോം/ ബ്രാറ്റിസ്ലാവ: യൂറോപ്യന്‍ രാജ്യമായ സ്ലോവാക്യയിലെ പ്രമുഖ വയലിനിസ്റ്റ് ആന്ദ്രേജ് മറ്റിസ് പൗരോഹിത്യത്തെ പുല്‍കി. സെപ്റ്റംബര്‍ അഞ്ചിന് കത്തോലിക്ക സഭയിലെ ‘ഒപ്പൂസ് ദേയി’യ്ക്കു വേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനിൽ നിന്നാണ് മറ്റിസ് തിരുപ്പട്ടം സ്വീകരിച്ചത്. 28 പേരോടൊപ്പമാണ് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചത്. ധനവും അധികാരവും പ്രശസ്തിയുമായി ബന്ധപ്പെടുത്തിയാണ് മാധ്യമങ്ങളടക്കമുള്ളവ സന്തോഷത്തെ നിർവചിക്കുന്നതെന്നും എന്നാൽ, ആ സന്തോഷമെല്ലാം താൽക്കാലികമായിരിക്കുമെന്നും നിത്യമായ സന്തോഷം ക്രിസ്തുവിൽ മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് പതിനഞ്ചു വയസ്സുള്ളപ്പോഴാണ് വയലിൻ പ്രൊഫഷണലായി വായിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽ താമസിക്കാൻ പോയി. അവിടെ, വയലിൻ പാഠങ്ങൾ സ്വീകരിക്കുന്നതിനു പുറമേ ‘ഒപ്പൂസ് ദേയി’യിൽ നിന്നുള്ള ആളുകളെ കണ്ടുമുട്ടിയെന്നും അദ്ദേഹം പറയുന്നു. ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോഴാണ് ആന്ദ്രേജ് ഒപ്പൂസ് ദേയിയിൽ ചേരുന്നത്. സംഗീതത്തിലൂടെ ദൈവത്തെ പകർന്നു നൽകാമെന്ന ബോധ്യം, താൻ അംഗമായ ‘ഒപ്പൂസ് ദേയി’യിൽ നിന്നാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ധാരാളം സമയം വയലിനായി വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ഇത് ഉപേക്ഷിക്കുന്നത് ശരിയായ തീരുമാനമായി കരുതുന്നുവോയെന്നു നിരവധി സുഹൃത്തുക്കള്‍ ചോദിച്ചിട്ടുണ്ടെന്നും ദൈവഹിത പ്രകാരം ജീവിച്ചാൽ മാത്രമേ ജീവിതത്തിൽ സന്തോഷം കണ്ടെത്താനാകൂയെന്നും അദ്ദേഹം പറഞ്ഞു. സ്പാനിഷ് വൈദികനായ വിശുദ്ധ ജോസ് മരിയ എസ്‌ക്രീവ സ്ഥാപിച്ച ‘ഒപ്പൂസ് ദേയി’യില്‍ 2018-ലെ കണക്കുകള്‍ പ്രകാരം 93,203 അല്‍മായരും 2115 വൈദികരുമുണ്ട്. 1950-ൽ പയസ് പന്ത്രണ്ടാമന്‍ പാപ്പയാണ് സംഘടനയ്ക്ക് അംഗീകാരം നൽകിയത്.