News

നാലു ക്രിസ്ത്യന്‍ സംഘടനകള്‍ക്കുള്ള വിദേശ ധനസഹായം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി

പ്രവാചക ശബ്ദം 08-09-2020 - Tuesday

ന്യൂഡല്‍ഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിനുള്ള ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്റ്റ് (എഫ്.സി.ആര്‍.എ) ലൈസന്‍സ് റദ്ദാക്കപ്പെട്ട ആറ് സംഘടനകളില്‍ നാല് ക്രിസ്ത്യന്‍ സംഘടനകളും. ജാര്‍ഖണ്ഡിലെ എക്രിയോസോകുലിസ് വടക്ക് പടിഞ്ഞാറന്‍ ഗോസ്സ്നര്‍ ഇവാഞ്ചലിക്കല്‍, മണിപ്പൂരിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് അസോസിയേഷന്‍ (ഇ.സി.എ), ജാര്‍ഖണ്ഡിലെ തന്നെ നോര്‍ത്തേണ്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്, മുംബൈയിലെ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് അസോസിയേഷന്‍ (എന്‍.എല്‍.എഫ്.എ) എന്നീ സംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം അമേരിക്ക ആസ്ഥാനമായുള്ള രണ്ടു ക്രിസ്ത്യന്‍ സംഘടനകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിദേശസഹായം സ്വീകരിക്കുന്നതിനുള്ള ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് എഫ്‌സിആര്‍ഐ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ എന്താണു ചട്ടലംഘനമെന്ന് സര്‍ക്കാരോ എഫ്‌സിആര്‍ഐ വെബ്‌സൈറ്റോ വ്യക്തമാക്കിയിട്ടില്ല. വിദേശസഹായം നിലച്ചതും കോവിഡും ലോക്ക്ഡൗണും മൂലമുള്ള പ്രതിസന്ധിയും കുഷ്ഠരോഗികളെയും ആദിവാസികളെയും കൂടുതല്‍ കഷ്ടത്തിലാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ എഫ്.സി.ആര്‍.എ ലൈസന്‍സ് ഇല്ലാതെ ഒരു സംഘടനക്കോ, എന്‍.ജി.ഒക്കോ വിദേശ സംഭാവനകള്‍ സ്വീകരിക്കുവാന്‍ ഇന്ത്യയില്‍ അനുമതിയില്ല.

22,457 എന്‍.ജി.ഒ സംഘടനകളാണ് എഫ്.സി.ആര്‍.എയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 20,674 സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടുകഴിഞ്ഞു. 6702 സംഘടനകളുടെ ലൈസന്‍സ് തീരാറായികൊണ്ടിരിക്കുകയുമാണ്‌. അമേരിക്ക ആസ്ഥാനമായുള്ള സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ് ചര്‍ച്ച്, ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്നിവയുടെ സംഭാവനകളെ കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ച വിവരം.

കഴിഞ്ഞ ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ മുംബൈയില്‍ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ തീവ്ര ഹിന്ദു സംഘടനയായ ബജ്രംഗ്ദള്‍ തടസ്സപ്പെടുത്തിയിരുന്നു. തങ്ങളുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടതിനെക്കുറിച്ച് സംഘടനകള്‍ പ്രതികരണം നടത്തിയിട്ടില്ല. 1952ല്‍ മണിപ്പൂരിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് അസോസിയേഷന്‍ (ഇ.സി.എ) പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ എന്‍.എല്‍.എഫ്.എ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് 1960ലാണ്.

നോര്‍ത്തേണ്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് ഇന്ത്യയിലെത്തുന്നത് 1987-ലും. രാജ്നന്ദഗാവോണ്‍ ലെപ്രസി ഹോസ്പിറ്റല്‍, ഡോണ്‍ബോസ്കോ ട്രൈബല്‍ ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയാണ് ലൈസന്‍സ് റദ്ദാക്കപ്പെറ്റ് മറ്റ് രണ്ടു സംഘടനകള്‍. കംപാഷന്‍ ഇന്റര്‍നാഷ്ണല്‍ എന്ന മറ്റൊരു അമേരിക്കന്‍ ക്രിസ്ത്യന്‍ അസോസിയേഷന്റെ സംഭാവനകള്‍ 2017-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു. ബ്ലൂംബര്‍ഗ് ഫിലാന്ത്രോപ്പീസ് എന്ന അമേരിക്കന്‍ സംഘടനയില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച രണ്ടു സംഘടനകളുടെ ലൈസന്‍സും ഇതേ വര്‍ഷം തന്നെ റദ്ദാക്കപ്പെട്ടിരുന്നു.

ഹിന്ദുത്വ നിലപാടുള്ള ബി‌ജെ‌പി ഭരണകൂടം അധികാരത്തിലേറിയതിന് ശേഷം ക്രിസ്ത്യന്‍ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള വിദേശസഹായം തടയുന്നത് രൂക്ഷമായിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014 മുതല്‍ 20,457 സര്‍ക്കാരിതര സംഘടനകളുടെ എഫ്‌സിആര്‍ഐ രജിസ്‌ട്രേഷനുകള്‍ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്താകെ 49,000ത്തോളം സര്‍ക്കാരിതര സംഘടനകള്‍ക്കാണ് എഫ്‌സിആര്‍ഐ രജിസ്‌ട്രേഷന്‍ നല്‍കിയിരുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »