Faith And Reason

ഞായറാഴ്ച ഇളവില്ല: കടമുള്ള ദിവസമായി പുനഃസ്ഥാപിച്ച് അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പ്

പ്രവാചക ശബ്ദം 16-09-2020 - Wednesday

മിൽവോക്കി: കൊറോണ വൈറസ് നിയന്ത്രണങ്ങൾ മൂലം ഞായറാഴ്ച ബലിയര്‍പ്പണത്തിന് ഇളവ് നല്‍കിയ നടപടി പിന്‍വലിച്ച് അമേരിക്കയിലെ വിസ്കോണ്‍സിനിലെ മിൽവോക്കി അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജെറോം ലിസ്റ്റേക്കി. ഇനി മുതല്‍ ഞായറാഴ്ച കടമുള്ള ദിവസമായി തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനത്തെ തുടര്‍ന്നു കഴിഞ്ഞ ആറുമാസമായി ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിൽ നിന്ന് അതിരൂപതയിലെ ജനങ്ങൾക്ക് ഇളവുണ്ടായിരുന്നു. വിശ്വാസികൾക്ക് നൽകിയിരുന്ന ഇളവുകൾ കുരിശിന്റെ പുകഴ്ചയുടെ തിരുനാളായിരുന്ന സെപ്റ്റംബർ പതിനാലാം തീയതിയാണ് അവസാനിച്ചത്.

ഞായറാഴ്ച കടമുള്ള ദിവസമായി പുനഃസ്ഥാപിച്ചുള്ള നിര്‍ദ്ദേശം തന്റെ ബ്ലോഗിലും അതിരൂപതയുടെ യൂട്യൂബ് പേജിലും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിശ്വാസികളുടെ സുരക്ഷയെ കരുതിയാണ് കൊറോണ വൈറസ് ശക്തിപ്രാപിച്ച സമയത്ത് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് ആർച്ച് ബിഷപ്പ് ജെറോം പറഞ്ഞു. സെപ്റ്റംബർ 14നു ശേഷം ആരെങ്കിലും ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാതിരുന്നാൽ അവർ ഗുരുതര പാപമായിരിക്കും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രായാധിക്യം ഉള്ളവർക്കും, ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും രോഗപ്രതിരോധ ശേഷി കുറവുള്ളവർക്കും ഇളവ് അനുവദിക്കാം. സ്വന്തം മനഃസാക്ഷിയോട് ചോദിച്ച് വിശ്വാസികൾക്ക് ഇളവുകൾ തങ്ങൾക്കും ബാധകമാണോയെന്ന് തീരുമാനമെടുക്കാമെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി. ഞായറാഴ്ചയിലെ ആരാധന ആന്ദകരമായ ഒരു കടമയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് നമ്മുടെ ജീവിതത്തിൽ ദൈവത്തിനാണ് നാം ഏറ്റവും പ്രാധാന്യം നൽകുന്നതെന്നതിന്റെ നേർസാക്ഷ്യമാണ്. നാം ദൈവത്തിലും ദൈവത്തിന്റെ സഭയിലും പ്രത്യാശ വയ്ക്കുന്നു. വിശുദ്ധ കുർബാനയിൽ അവന്റെ നാമത്തിൽ പരസ്പരം സ്നേഹിക്കാനായി അവൻ തന്നെ നമുക്കായി നൽകുന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കുന്നുവെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 42