Faith And Reason - 2024

മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി വിശുദ്ധ കൊറോണയുടെ മാധ്യസ്ഥം തേടി മിഷിഗണിലെ വിശ്വാസികള്‍

പ്രവാചക ശബ്ദം 14-09-2020 - Monday

മിഷിഗണ്‍: കോവിഡ് 19 വൈറസ് പടരുന്നതിനിടെ വിശുദ്ധ കൊറോണയോട് മാധ്യസ്ഥം തേടാൻ ഒരുങ്ങുകയാണ് അമേരിക്കയിലെ മിഷിഗണിലെ സേക്രട്ട് ഹാർട്ട് ബൈസന്റൈൻ കത്തോലിക്ക ദേവാലയം. വിശുദ്ധ കൊറോണയുടെയും, ഭർത്താവ് വിശുദ്ധ വിക്ടറിന്റെയും തിരുശേഷിപ്പ് ദേവാലയത്തിൽ വണക്കത്തിനായിവെച്ചാണ് വിശ്വാസി സമൂഹം മാധ്യസ്ഥം യാചിക്കുക. മാസാവസാന ശനിയാഴ്ച പുലർച്ചെയുള്ള വിശുദ്ധ കുർബാനയ്ക്കു ശേഷം രണ്ട് മണിക്കൂർ വിശുദ്ധരോടുള്ള മധ്യസ്ഥ പ്രാർത്ഥന നടത്താനാണ് തീരുമാനം. സേക്രട്ട് ഹാർട്ട് ദേവാലയത്തിലെ തീർത്ഥാടന കേന്ദ്രത്തിലേക്കായിരിക്കും തിരുശേഷിപ്പുകൾ എത്തിക്കുക. 149 വിശുദ്ധരുടെ ഇരുന്നൂറോളം തിരുശേഷിപ്പുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ജോസഫ് മാർക്കുസ് എന്ന വൈദികനാണ് ഇത് ശേഖരിക്കുന്നത്. പ്രതിസന്ധിയുടെ ഈ നാളുകളിൽ വൈറസിനെതിരെ മധ്യസ്ഥം അപേക്ഷിക്കാൻ രക്തസാക്ഷിയും, വിശുദ്ധയുമായ ഒരാളെ നൽകിയത് ദൈവഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധരോടുള്ള സ്നേഹം നന്നേ ചെറുപ്പത്തിൽ തുടങ്ങിയ ജോസഫിന് ആദ്യമായി ലഭിച്ചത് വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പാണ്. പിന്നാലെ അദ്ദേഹം കൂടുതൽ തിരുശേഷിപ്പുകൾ ശേഖരിക്കാനായി ആരംഭിക്കുകയായിരിന്നു. അടുത്തിടെയാണ് റോമൻ സാമ്രാജ്യത്തിലെ സൈനികനായിരുന്ന വിശുദ്ധ വിക്ടറിന്റെ തിരുശേഷിപ്പ് അദ്ദേഹത്തിന് ലഭിക്കുന്നത്.

എഡി 170ല്‍ മാർക്കസ് ഔറേലിയസിന്റെ ഭരണകാലയളവിലാണ് വിക്ടറും, ഭാര്യ കൊറോണയും രക്തസാക്ഷിത്വം വരിക്കുന്നത്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായിരുന്ന വിക്ടറിനെ സഹ സൈന്യാധിപൻ സെബാസ്റ്റ്യൻ എന്ന ക്രിസ്തു വിരുദ്ധനായ ന്യായാധിപന് ഒറ്റി കൊടുക്കുകയായിരുന്നു. ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടും വിശുദ്ധൻ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ല. ഇതേസമയംതന്നെ കൊറോണയെയും ഭർത്താവിന്റെ മരണം കാണിക്കാനായി അവർ കൊണ്ടുവന്നു. വളച്ചു കെട്ടിയ രണ്ട് എണ്ണപ്പനകളില്‍ ബന്ധിക്കപ്പെട്ടിരുന്ന വിശുദ്ധ, എണ്ണപ്പനകള്‍ സ്വതന്ത്രമാക്കിയപ്പോള്‍ രണ്ടായി കീറിപ്പോവുകയായിരുന്നെന്നാണ് ചരിത്രം. 1910-ല്‍ ജർമനിയിലെ ആച്ചൻ കത്തീഡ്രലിൽ നിന്ന് ഇരുവരുടെയും തിരുശേഷിപ്പുകൾ ലഭിക്കുന്നത്. 2002ൽ സാർസ് വൈറസ് വ്യാപിച്ച നാളുകളില്‍ രോഗബാധയില്‍ നിന്ന്‍ വിടുതല്‍ യാചിച്ച് വിശ്വാസികള്‍ വിശുദ്ധയുടെ മാധ്യസ്ഥം തേടിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »