News - 2025
വിശുദ്ധരുടെ നാമകരണ തിരുസംഘത്തിന്റെ തലവന്‍ കർദ്ദിനാൾ ആഞ്ചലോ ബെച്യു രാജിവെച്ചു
പ്രവാചക ശബ്ദം 25-09-2020 - Friday
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിൻ്റെ തലവനായിരുന്ന കർദ്ദിനാൾ ആഞ്ചലോ ബെച്യു രാജിവെച്ചു. വത്തിക്കാന്റെ അഭ്യന്തര ചുമതല വഹിക്കുന്ന സ്റ്റേറ്റ് സെക്രട്ടറിയുടെ പകരക്കാരിൽ രണ്ടാമനായി ചുമതല വഹിച്ചിരുന്ന 2011-18 കാലഘട്ടത്തിൽ ലണ്ടനില്‍ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള അഴിമതിയിൽ ആരോപണ വിധേയനായിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു. അതേസമയം രാജിയ്ക്കു പിന്നിലെ കാരണമെന്തെന്ന് വത്തിക്കാന്‍ വിശദീകരിച്ചിട്ടില്ല.
കര്‍ദ്ദിനാളിന്റെ രാജി പാപ്പ സ്വീകരിച്ചുവെന്ന വിശദീകരണം മാത്രമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ വത്തിക്കാനില്‍ നിന്ന് പുറത്തുവന്നിരിക്കുന്ന വിവരം. രാജിയോടൊപ്പം കർദ്ദിനാൾ പദവിയുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും, കർദ്ദിനാൾ പദവിയും അദ്ദേഹം സ്വയം ഉപേക്ഷിച്ചിട്ടുണ്ട്. ഇതോടെ കോണ്‍ക്ലേവില്‍ പങ്കെടുക്കാനുണ്ടായിരിന്ന അവകാശവും കർദ്ദിനാൾ ആഞ്ചലോ ബെച്യുവിന് നഷ്ട്ടമായി. ഇറ്റലിയിലെ സര്‍ധിനിയായിലെ പട്ടാട സ്വദേശിയായ അദ്ദേഹം 1984ലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മധ്യ ആഫ്രിക്ക, ന്യൂസീലന്‍ഡ്, ലൈബീരിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്കന്‍ ഐക്യനാടുകള്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. 2009-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ക്യൂബയിലെ അപ്പോസ്‌തോലിക് നുണ്‍ഷ്യോ ആയി നിയമിച്ചു. പിന്നീട് വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലേക്കു അദ്ദേഹത്തെ തിരികെ വിളിച്ചു. 2018 ജൂണിലാണ് ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. അധികം വൈകാതെ വിശുദ്ധരുടെ നാമകരണ സംഘത്തിന്റെ തലവനായും അദ്ദേഹത്തെ പാപ്പ ഉയര്‍ത്തുകയായിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക