News - 2025
വിശ്വാസ തിരുസംഘത്തിന്റെ തലവനു നന്ദി പറയുവാന്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 07-09-2023 - Thursday
വത്തിക്കാന്‍ സിറ്റി: വിശ്വാസ തിരുസംഘത്തിന്റെ തലവനായി ആറു വർഷക്കാലം പ്രവർത്തിച്ചതിനുശേഷം സ്ഥാനമൊഴിയുന്ന ജെസ്യൂട്ട് വൈദികനായ കർദ്ദിനാൾ ലൂയിസ് ലഡാരിയയ്ക്കു നന്ദി അർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ നേരിട്ട് എത്തി. സെപ്റ്റംബർ അഞ്ചാം തീയതി രാവിലെ ഒന്‍പതു മണിക്കാണ് പാപ്പ ഡിക്കാസ്റ്ററിയുടെ ഓഫീസിൽ എത്തിച്ചേർന്നത്. കർദ്ദിനാളിനൊപ്പം പ്രവർത്തിച്ചവർക്കും പാപ്പ നന്ദി പറഞ്ഞു. ജൂലൈ ഒന്നാം തീയതിയാണ് 79 വയസ്സുള്ള കർദ്ദിനാൾ ലൂയിസ് ലഡാറിയയക്ക് പകരക്കാരനായി അർജന്റീന സ്വദേശി വിക്ടർ മാനുവൽ ഫെർണാണ്ടസിനെ ഫ്രാൻസിസ് മാർപാപ്പ നിയമിക്കുന്നത്. നേരത്തെ 2017 ജൂലൈ ഒന്നാം തീയതി ജർമ്മൻ കർദ്ദിനാൾ ആയിരുന്ന ജറാർദ്ദ് മുളളറിന് പകരക്കാരനായിട്ടാണ് ലഡാറിയ വിശ്വാസ തിരുസംഘത്തിന്റെ തലവനായി നിയമിതനാകുന്നത്.
2008 മുതൽ തിരു സംഘത്തിന്റെ സെക്രട്ടറി പദവിയിൽ അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു. 1966 മുതൽ ജെസ്യൂട്ട് സമൂഹത്തിലെ അംഗമായ കർദ്ദിനാൾ ലഡാരിയ ദൈവശാസ്ത്രത്തിൽ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 1975ൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരുന്നു. യൂണിവേഴ്സിറ്റിയുടെ വൈസ് റെക്ടറായി 1986 മുതൽ 1994 വരെ പ്രവർത്തിച്ചു. വിശ്വാസ തിരു സംഘത്തിന്റെ തലവൻ എന്ന നിലയിൽ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്റെയും, പൊന്തിഫിക്കൽ ബൈബിൾ കമ്മീഷന്റെയും അധ്യക്ഷനും കര്‍ദ്ദിനാള്‍ ലഡാരിയയായിരുന്നു. 2018ലെ കൺസിസ്റ്ററിയിലാണ് ഫ്രാൻസിസ് മാർപാപ്പ, ലഡാരിയയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.