Life In Christ - 2024

"ഗോത്ര ദേവതയെ ആരാധിക്കുക, അല്ലെങ്കില്‍ ഗ്രാമം വിടുക": ഭീഷണിയുടെ നടുവില്‍ ഛത്തീസ്ഗഢിലെ ക്രൈസ്തവര്‍

പ്രവാചക ശബ്ദം 25-09-2020 - Friday

റായ്പൂര്‍: ദക്ഷിണ ഛത്തീസ്‌ഗഢിലെ കൊണ്ടഗാവോണ്‍ ജില്ലയില്‍ ക്രൈസ്തവ കുടുംബങ്ങളോട് ഗ്രാമം വിട്ടുപോകുവാന്‍ സംഘടിതരായ പ്രദേശവാസികളുടെ ഭീഷണി. ജില്ലയിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള ആളുകള്‍ ഒരുമിച്ച് മേഖലയിലെ ക്രൈസ്തവ കുടുംബങ്ങളോട് ഗ്രാമം വിട്ടുപോകുവാന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രദേശത്ത് താമസിക്കുന്ന ക്രൈസ്തവര്‍ ഭീതിയിലാഴ്ന്നിരിക്കുന്നത്. ക്രിസ്ത്യന്‍ ഭവനങ്ങള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളോടൊപ്പം താമസിക്കണമെങ്കില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് പഴയ വിശ്വാസത്തിലേക്ക് മടങ്ങി ഗോത്ര ദേവതയെ ആരാധിക്കണമെന്നും അല്ലെങ്കില്‍ ഗ്രാമം വിട്ടുപോകണമെന്നുമാണ് ഭീഷണി.

പ്രമുഖ ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊണ്ടഗാവോണിലെ സിങ്ങാന്‍പൂരില്‍ ഒരുമിച്ച് കൂടിയ ആയിരത്തിയഞ്ഞൂറോളം ഗ്രാമവാസികളാണ് ക്രൈസ്തവര്‍ക്കെതിരെ സംഘടിച്ചിരിക്കുന്നത്. ഇവരെ അനുനയിപ്പിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമം നടത്തിയെങ്കിലും വിഫലമായെന്നാണ് വിവരം. തങ്ങള്‍ക്കൊപ്പം താമസിക്കണമെങ്കില്‍ തങ്ങളുടെ ഗോത്ര വഴികളിലേക്ക് തിരികെപ്പോകുകയും, പ്രാദേശിക ദേവതകളെ പൂജിക്കുകയും വേണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം. സമീപനാളുകളില്‍ പത്തോളം ക്രിസ്ത്യന്‍ കുടുംബങ്ങളാണ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പോലീസിനെ സമീപിച്ചത്.

പൂര്‍ണ്ണമായും നിസ്സഹായവസ്ഥയിലാണ് കൊണ്ടഗാവോണിലെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ജീവിതമെന്നു ഛത്തീസ്ഗഢ്‌ ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രസിഡന്റായ അരുണ്‍ പന്നാലാല്‍ വെളിപ്പെടുത്തി. ക്രൈസ്തവ കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന കൊണ്ടഗാവോണ്‍ ജില്ലാ കളക്ടര്‍ പുഷ്പേന്ദ്ര മീന നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ തയാറായിട്ടില്ല. ഭരണഘടനയില്‍ മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കിയിട്ടുള്ള ഭാരതത്തില്‍ യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ സ്വന്തം ഗ്രാമം വിടേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നതു അത്യന്തം ഗൌരവവുള്ള വിഷയമായി അധികാരികള്‍ പരിഗണിക്കണമെന്നാണ് പൊതു സമൂഹത്തില്‍ നിന്നുയരുന്ന ആവശ്യം. ആഗോള തലത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »