News - 2025

കടൽ യാത്രികർക്ക് വേണ്ടിയുള്ള ക്രിസ്ത്യൻ സന്നദ്ധ സംഘടനയുടെ പേര് പരിഷ്കരിച്ചു

പ്രവാചക ശബ്ദം 29-09-2020 - Tuesday

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കടൽ യാത്രികർക്ക് സേവനം ചെയ്യുന്ന കത്തോലിക്ക സന്നദ്ധ സംഘടന അപ്പോസ്തോൽഷിപ്പ് ഓഫ് ദി സീ ഇനി മുതൽ സ്റ്റെല്ലാ മേരിസ് (സമുദ്ര താരം) എന്നറിയപ്പെടും. സംഘടനയുടെ ഇന്റർനാഷ്ണൽ ഡയറക്ടറായ ഫാ. ബ്രൂണോ സിസേറി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കത്തിലാണ് വിവിധ രാജ്യങ്ങളിൽ വ്യത്യസ്ഥ നാമങ്ങളിൽ സംഘടന അറിയപ്പെട്ടിരുന്നതിനാലുണ്ടായ തെറ്റിദ്ധാരണകൾ നീക്കുന്നതിനായി ഈ പേരുമാറ്റം നടത്തിയതെന്ന് പറഞ്ഞു. അൻപത്തിയഞ്ച് രാജ്യങ്ങളിൽ പരന്നുകിടക്കുന്ന സംഘടനയിലൂടെ പ്രതിവർഷം ഒരു ദശലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികളും നാവികരും അടക്കമുള്ള കടൽ യാത്രികർക്ക് സേവനം ലഭിക്കുന്നുണ്ട്. പേരു മാറ്റത്തോടൊപ്പം പുതിയ ലോഗോയും പ്രകാശനം ചെയ്തു.

1920ൽ സ്കോട്ട്ലാൻഡിൽ ആരംഭിച്ച തുറമുഖ ശുശ്രൂഷ അപ്പോസ്തോൽഷിപ്പ് ഓഫ് ദി സീ എന്നാണറിയപ്പെട്ടതെങ്കിലും പിന്നീട് വിവിധ രാജ്യങ്ങളിലേക്ക് ശുശ്രൂഷ വളർന്നപ്പോൾ സ്റ്റെല്ലാ മേരിസ് എന്നാണ് അവിടങ്ങളിൽ വിളിക്കപ്പെട്ടത്. ക്രിസ്തുവിലേക്ക് നയിക്കുന്ന താരമായി മറിയത്തെ പരിഗണിച്ച് പരമ്പരാഗതമായി നൽകിവരുന്ന നാമമാണ് സ്റ്റെല്ലാ മേരിസ്. അപ്പോസ്തോൽഷിപ്പ് ഓഫ് ദി സീ എന്നതിനേക്കാൾ സ്വീകാര്യത ലാറ്റിൻ ഭാഷയിലെ സ്റ്റെല്ലാ മാരിസ് എന്നതിനായിരിക്കുമെന്ന് ഫാ. സിസറോ അഭിപ്രായപ്പെട്ടു. സംഘടനയുടെ സഹസ്ഥാപകനായ പീറ്റർ എഫ് ആൻഡേഴ്സൺ രൂപകൽപന ചെയ്ത പഴയ ലോഗോയിലെ നങ്കൂരവും ലൈഫ് സേവറും തിരുഹൃദയവും രശ്മികളും പുതിയ ലോഗോയിൽ കൂടുതൽ മിഴിവോടെ നിലനിർത്തിയിട്ടുണ്ട്. പരിസ്ഥിതിക്ക് ഊന്നൽ നൽകുന്നതിനായി തിരമാലകളുടെ ചിത്രവും ലോഗോയിൽ കൂട്ടിച്ചേർത്തിരിക്കുന്നു. കത്തോലിക്ക വിശ്വാസത്തിന്റെ പാരമ്പര്യത്തെ എടുത്തു കാട്ടുന്നതാണ് പുതിയ സ്‌റ്റെല്ലാ മേരിസ് ലോഗോയെന്ന് നൂറാം വാർഷികം ആഘോഷിക്കുന്ന സംഘടനയ്ക്കയച്ച കത്തിൽ കർദ്ദിനാൾ പീറ്റർ ടർക്സൺ പറഞ്ഞു.


Related Articles »