Arts
97 വര്‍ഷങ്ങള്‍ക്ക് ശേഷം തുർക്കിയിലെ ആദ്യ ക്രൈസ്തവ ദേവാലയം അടുത്ത വര്‍ഷം തുറക്കും
പ്രവാചക ശബ്ദം 07-10-2020 - Wednesday
ഇസ്താംബൂള്‍: 97 വര്‍ഷങ്ങള്‍ക്ക് ശേഷം ആധുനിക തുർക്കിയുടെ ചരിത്രത്തിൽ നിര്‍മ്മിക്കുന്ന ആദ്യത്തെ ക്രൈസ്തവ ദേവാലയം അടുത്ത വര്‍ഷം വിശ്വാസികൾക്കുവേണ്ടി തുറന്നു നൽകും. യിസിൽകോയി ജില്ലയില്‍ സിറിയൻ ഓർത്തഡോക്സ് സഭ പണികഴിപ്പിക്കുന്ന ദേവാലയം 2021 ഓഗസ്റ്റ് മാസം തുറന്നു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 1923-ല്‍ റിപ്പബ്ലിക്കായി മാറിയശേഷം മുസ്ലീം ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയില്‍ നിര്‍മ്മിക്കുന്ന ആദ്യ ക്രിസ്ത്യന്‍ ദേവാലയം വിശുദ്ധ എഫ്രേമിന്റെ നാമത്തിലാണ് അറിയപ്പെടുക.
ലത്തീൻ കത്തോലിക്ക സഭയുടെ കീഴിലുള്ള സ്ഥലത്തു നിര്‍മ്മിക്കുന്ന ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലാണ്. 2019 ഓഗസ്റ്റ് മാസം ദേവാലയത്തിന് തറക്കല്ലിടുന്ന ചടങ്ങിൽ തുർക്കി പ്രസിഡന്റ് തയിബ് എർദോഗനും പങ്കെടുത്തിരുന്നു. അടുത്തിടെ ക്രൈസ്തവ ദേവാലയങ്ങളായിരുന്ന ഹാഗിയ സോഫിയയും, കോറയിലുളള ദി ചർച്ച് ഓഫ് സേവ്യറും മുസ്ലിം പള്ളിയാക്കി തുർക്കി മാറ്റിയത് അന്താരാഷ്ട്രതലത്തിൽ വലിയ വിവാദമായിരുന്നു. ഇതിനിടെയാണ് അടുത്ത വര്‍ഷം ആഗസ്റ്റില്‍ ദേവാലയം തുറന്നു നല്‍കുമെന്ന് സ്ഥിരീകരിക്കുന്നത്.
തുർക്കി ഭരണകൂടം രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ തുര്‍ക്കി രണ്ടാം തരം പൗരന്മാരെ പോലെയാണ് കണക്കാക്കുന്നതെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. 0.2 ശതമാനം മാത്രമാണ് തുർക്കിയിലെ ക്രൈസ്തവ ജനസംഖ്യ. രാജ്യ തലസ്ഥാനമായ ഇസ്താംബൂളിൽ പതിനെട്ടായിരത്തോളം സിറിയൻ ഓർത്തഡോക്സ് വിശ്വാസികളുണ്ട്. പുതിയ ദേവാലയത്തിനുള്ള വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക