News - 2025

4 ബംഗ്ലാദേശി കത്തോലിക്കര്‍ക്ക് മാര്‍പാപ്പയുടെ പരമോന്നത ബഹുമതി

പ്രവാചക ശബ്ദം 24-10-2020 - Saturday

ധാക്ക: കത്തോലിക്കാ സഭയുടേയും, ബംഗ്ലാദേശി സമൂഹത്തിന്റേയും പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നാലു ബംഗ്ലാദേശി കത്തോലിക്കര്‍ക്ക് മാര്‍പാപ്പയുടെ പരമോന്നത ബഹുമതി. പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ തോമസ്‌ റൊസാരിയോ, മേരി ക്വീന്‍ ഓഫ് ദി അപ്പോസ്റ്റല്‍സ് (എം.ആര്‍.എ) സഭാംഗമായ സിസ്റ്റര്‍ മേരി ലില്ലിയന്‍, വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജ്യോതി എഫ്. ഗോമസ്, മൈക്കേല്‍ ബോട്ട്ലാരു എന്നീ കത്തോലിക്കര്‍ക്കാണ് ‘ക്രോസ് ഓഫ് ഹോണര്‍’ എന്നറിയപ്പെടുന്ന പരമോന്നത പേപ്പല്‍ ബഹുമതിയായ ‘പ്രൊ എക്ലേസ്യ എറ്റ് പൊന്തിഫിസ് ക്രോസ്’ അവാര്‍ഡ് ലഭിച്ചത്. സഭക്കും സമൂഹത്തിനും വേണ്ടി സേവനം ചെയ്യുന്ന കത്തോലിക്കര്‍ക്ക് മാര്‍പാപ്പ നല്‍കുന്ന ഏറ്റവും ഉന്നതമായ ബഹുമതിയാണിത്‌.

ധാക്ക മെത്രാപ്പോലീത്തയുടെ അരമനയില്‍വെച്ച് അവാര്‍ഡ് ദാന ചടങ്ങില്‍ കര്‍ദ്ദിനാള്‍ പാട്രിക് ഡി. റൊസാരിയോയും, ബംഗ്ലാദേശിലെ അപ്പസ്തോലിക പ്രതിനിധിയും മലയാളിയുമായ ആർച്ച് ബിഷപ്പ് ജോര്‍ജ്ജ് കോച്ചേരിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. 38 വര്‍ഷക്കാലത്തോളം യൂണിയന്‍ ‘പരിഷദ്’ന്റെ ചെയര്‍മാനായി സേവനം ചെയ്ത വ്യക്തിയാണ് അവാര്‍ഡിനര്‍ഹനായ തോമസ്‌ റൊസാരിയോ എന്ന അറുപതിയൊൻപതുകാരന്‍. നീണ്ട കാലമത്രയും മതമോ, ജാതിയോ പരിഗണിക്കാതെ പ്രദേശത്തിന്റെ വളര്‍ച്ചക്ക് വേണ്ടി അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണ് പേപ്പല്‍ ബഹുമതിയിലൂടെ തോമസ്‌ റൊസാരിയോയെ തേടി എത്തിയിരിക്കുന്നത്.

നാലായിരത്തോളം ഗ്രാമീണ സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ചതിനാണ് മേരി ലില്ലിയന്‍ എന്ന തൊണ്ണൂറുകാരിയായ കന്യാസ്ത്രീയെ തേടി പേപ്പല്‍ ബഹുമതി എത്തിയത്. ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് ചണം കൊണ്ടുള്ള ബാഗുകള്‍, ബാസ്കറ്റുകള്‍, കളിമണ്‍ ശില്‍പ്പങ്ങള്‍ പോലെയുള്ള തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും, വിറ്റഴിക്കുവാന്‍ സഹായിക്കുന്ന ജാഗോറാണി പരിശീലന കേന്ദ്രം ഈ കന്യാസ്ത്രീയാണ് നടത്തുന്നത്. ബംഗ്ലാദേശി കത്തോലിക്കാ വിദ്യാഭ്യാസ ബോര്‍ഡിന്റെ സെക്രട്ടറിയും, അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന ആളുമാണ് അറുപത്തിയേഴുകാരനായ ജ്യോതി എഫ്. ഗോമസ്. അവാര്‍ഡിന് വേണ്ടിയല്ല താന്‍ സേവനം ചെയ്തതെന്നും, തുടര്‍ന്ന്‍ പ്രവര്‍ത്തിക്കാനുള്ള പ്രോത്സാഹനമാണ് തന്നെ സംബന്ധിച്ചിടത്തോളം ഈ അവാര്‍ഡെന്നും അദ്ദേഹം പ്രതികരിച്ചു. കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ട സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കുവാന്‍ സഹായിച്ച വ്യക്തിയാണ് 76 കാരനായ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മൈക്കേല്‍ ബോട്ട്ലാരു. അവാർഡ് ലഭിച്ച 4 പേരേയും കര്‍ദ്ദിനാള്‍ പാട്രിക് ഡി. റൊസാരിയോ പ്രത്യേകം അനുമോദിച്ചു.


Related Articles »