News - 2025
ക്രൈസ്തവ ദേവാലയത്തിൽ അഭയാർത്ഥികളുടെ അതിക്രമം: ഇസ്ലാമിക തീവ്രവാദത്തെ ഉന്മൂലനം ചെയ്യുമെന്ന് ഓസ്ട്രിയ
പ്രവാചക ശബ്ദം 01-11-2020 - Sunday
വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നായിലുള്ള ആൻറ്റോൺ വോൺ പാദുവ ദേവാലയത്തിൽ തുർക്കി വംശജരായ യുവാക്കൾ അതിക്രമം നടത്തിയതിനു പിന്നാലെ ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമർത്താൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ഓസ്ട്രിയൻ ചാന്‍സലര്‍ സെബാസ്റ്റ്യൻ കർസ് രംഗത്തെത്തി. അള്ളാഹു അക്ബർ എന്ന് ഉറക്കെ വിളിച്ച് അമ്പതോളം യുവാക്കളാണ് ദേവാലയത്തിൽ പ്രവേശിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികൾ ദേവാലയത്തിന്റെ കുമ്പസാരക്കൂടും, ഇരിപ്പിടങ്ങളും കാലുകൊണ്ട് തൊഴിച്ചു നശിപ്പിക്കുവാന്‍ ശ്രമിച്ചു. ദേവാലയത്തിന്റെ ചുമതലയുണ്ടായിരുന്ന വൈദികൻ പോലീസിനെ ബന്ധപ്പെട്ടയുടന്‍ അവർ സ്ഥലം കാലിയാക്കി.
രാജ്യത്തെ എല്ലാ ക്രൈസ്തവർക്കും സ്വതന്ത്രവും, സുരക്ഷിതവുമായി തങ്ങളുടെ വിശ്വാസമനുസരിച്ച് ജീവിക്കാൻ സാധിക്കണമെന്ന് ഓസ്ട്രിയൻ ചാന്‍സലര്‍ ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രീയ ഇസ്ലാമിനെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേവാലയ അതിക്രമത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. അന്വേഷണ ഏജൻസികൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. നഗരത്തിലെ ഒരു ചത്വരത്തിൽ ഇസ്ലാമിക മുദ്രാവാക്യങ്ങൾ വിളിച്ചതിനു ശേഷമാണ് യുവാക്കൾ ദേവാലയത്തിലെത്തിയതന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സർക്കാരിനെ കൊണ്ട് സാധിക്കുന്ന രീതിയിലെല്ലാം ക്രൈസ്തവ സമൂഹത്തിന് സുരക്ഷിതത്വം നൽകുമെന്ന് ഓസ്ട്രിയൻ ആഭ്യന്തരമന്ത്രി കാൾ നെഹ്മാൻ ഉറപ്പുനൽകി.
ഫ്രാൻസിൽ നടന്ന തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു വരികയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഫ്രാൻസിലെ നൈസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന നോട്ര ഡാം ബസിലിക്കയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച ടുണീഷ്യയിൽ നിന്നെത്തിയ ഒരു അഭയാർത്ഥി നടത്തിയ കത്തി ആക്രമണത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. അക്രമി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ ഫ്രാന്‍സില്‍ ഒരു വൈദികന് വെടിയേറ്റിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക