News - 2025

ആംസ്റ്റർഡാമില്‍ യഹൂദര്‍ക്കു നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ഓസ്ട്രിയന്‍ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 09-11-2024 - Saturday

ആംസ്റ്റർഡാം: നെതർലൻഡ്‌സിലെ ആംസ്റ്റർഡാം നഗരത്തിൽ ഇസ്രയേലിൽ നിന്നെത്തിയ യഹൂദര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഓസ്ട്രിയന്‍ മെത്രാന്‍ സമിതി. വ്യാഴാഴ്‌ച രാത്രി ഫുട്ബോള്‍ കളി കാണാനെത്തിയ യഹൂദരെ നഗരമധ്യത്തിൽ അക്രമികൾ ഓടിച്ചിട്ടു മർദിക്കുകയായിരുന്നു. ചരിത്രത്തിലെ ഇരുണ്ടതും ലജ്ജാകരവുമായ ദിവസമെന്നു ഓസ്ട്രിയന്‍ ആർച്ച് ബിഷപ്പും ഓസ്ട്രിയൻ ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡന്‍റുമായ ഫ്രാൻസ് ലാക്നർ വിശേഷിപ്പിച്ചു.

ഭയാനകമായ അടയാളമാണിതെന്നും ആർച്ച് ബിഷപ്പ് ലാക്നർ പറഞ്ഞു. ഇസ്രയേലിലും പലസ്തീനിലും സമാധാനത്തിനായി പ്രാർത്ഥിക്കാൻ ലാക്നർ ആഹ്വാനം ചെയ്തു. യഹൂദർക്കെതിരായ അക്രമം അനുവദിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്ന മതപരമോ രാഷ്ട്രീയമോ ആയ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ള ഒരു പ്രത്യയശാസ്ത്രത്തിനും സമൂഹത്തിൽ സ്ഥാനമില്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.



ഇസ്രായേലിലെ മക്കാബി ടെൽ അവീവ് ഫുട്‌ബോൾ ക്ലബ്ബും നെതർലൻഡ്‌സിലെ അയാക്സ് ആംസ്റ്റർഡാം ക്ലബ്ബും തമ്മിലുള്ള മത്സരത്തിനു ശേഷമായിരുന്നു ആക്രമണം നടന്നത്. കളി കാണാനായി മൂവായിരത്തോളം യഹൂദർ ആംസ്റ്റർഡാമിലെത്തിയിരുന്നു. മത്സരശേഷം ആംസ്റ്റർഡാം നഗരമധ്യത്തിൽ യഹൂദരെ അക്രമികൾ ഓടിക്കുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ഒട്ടനവധി വീഡിയോകൾ പുറത്തുവന്നു. ഡച്ച് പോലീസ് ഇടപെട്ടാണ് അക്രമികളെ തുരത്തിയത്. സംഭവത്തില്‍ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.


Related Articles »