Faith And Reason - 2025

ഓസ്ട്രിയയില്‍ പൗരോഹിത്യ ദൈവവിളിക്ക് പ്രത്യുത്തരം നല്‍കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

പ്രവാചക ശബ്ദം 20-11-2020 - Friday

വിയന്ന: വൈദികരുടെ എണ്ണത്തില്‍ കുറവുണ്ടായിക്കൊണ്ടിരിക്കുന്നതിനിടെ ആശ്വാസം പകരുന്ന വാര്‍ത്തയുമായി ഓസ്ട്രിയയിലെ വിയന്നാ അതിരൂപത. പൗരോഹിത്യപ്പട്ടത്തിന് പഠിക്കുന്ന സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധനവുണ്ടായിരിക്കുന്നു എന്ന വാര്‍ത്തയാണ് വിയന്നായില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. അതിരൂപതയിലെ മൂന്ന്‍ സെമിനാരികളിലായി 14 പുതിയ വിദ്യാര്‍ത്ഥികളാണ് ചേര്‍ന്നിരിക്കുന്നത്. പുതിയ സെമിനാരി വിദ്യാര്‍ത്ഥികളില്‍ 11 പേര്‍ വിയന്നാ അതിരൂപതയില്‍ നിന്നും ബാക്കി 3 പേര്‍ ഐസന്‍സ്റ്റാറ്റ്, സെന്റ്‌ പോള്‍ട്ടെന്‍ എന്നീ രൂപതകളില്‍ നിന്നുമുള്ളവരാണ്. മൂന്ന്‍ സെമിനാരികളിലുമായി നിലവില്‍ 52 പേരാണ് വൈദിക പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്.

നിലവില്‍ വൈദിക പഠനം നടത്തിക്കൊണ്ടിരിക്കുന്ന സെമിനാരി വിദ്യാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ക്കു 74 വയസുണ്ട്. 20 വയസുള്ള യുവാവാണ് ഏറ്റവും പ്രായം കുറഞ്ഞയാള്‍. സംഗീതജ്ഞര്‍, കെമിസ്റ്റുകള്‍, നേഴ്സുമാര്‍, മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പുറമേ വീഞ്ഞു നിര്‍മ്മാതാക്കളും അടക്കം വിവിധ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ് സെമിനാരിയില്‍ വൈദീക പഠനം നടത്തിക്കൊണ്ടിരിക്കുന്നതെന്നു അതിരൂപത പറയുന്നു. മുന്‍പ് വിശ്വാസം ഉപേക്ഷിച്ചശേഷം വിശ്വാസവഴിയിലേക്ക് തിരികെവന്നവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഹെലിജെന്‍ക്രൂസിലെ പോപ്‌ ബെനഡിക്ട് XVI ഫിലോസഫിക്കല്‍ തിയോളജിക്കല്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്നും സെമിനാരിയില്‍ ചേരുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പുതുതായി ചേര്‍ന്നിരിക്കുന്ന 14 പേരില്‍ 4 പേര്‍ ഈ സര്‍വ്വകലാശാലയില്‍ നിന്നും വന്നവരാണ്.

സെമിനാരി വിദ്യാര്‍ത്ഥികളെ ‘യാഥാസ്ഥിതികര്‍’ അല്ലെങ്കില്‍ ‘പുരോഗമന വാദികള്‍’ എന്ന് മുദ്രകുത്തരുതെന്നും, ദൈവമാണ് എല്ലാത്തിന്റേയും കേന്ദ്രമെന്നും, ദൈവം തന്നെയാണ് ഓരോ വ്യക്തിയുടേയും വ്യക്തിജീവിതം തീരുമാനിക്കുന്നതെന്നും സെമിനാരി വിദ്യാര്‍ത്ഥിയായ മാത്തിയാസ് പറഞ്ഞു. വിയന്നയില്‍ 6 മുതല്‍ 8 വര്‍ഷം വരെയാണ് സെമിനാരി പഠനം. തിയോളജിക്ക് പുറമേ ഒരു വര്‍ഷക്കാലം വിദേശത്ത് പോയി പഠിക്കുന്നത്തിനുള്ള അവസരവും ലഭിക്കാറുണ്ട്. 1995 മുതല്‍ കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് സ്കോണ്‍ബോണ്‍ ആണ് വിയന്നാ അതിരൂപതയെ നയിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »