Faith And Reason - 2024

തള്ളികളഞ്ഞ ക്രൈസ്തവ വിശ്വാസം വീണ്ടെടുക്കുവാന്‍ സ്പാനിഷ് ദമ്പതികള്‍ക്ക് വഴികാട്ടിയായത് ഇളയമകന്റെ ക്രിസ്താനുഭവം

പ്രവാചക ശബ്ദം 25-11-2020 - Wednesday

വലെന്‍സിയ: ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന്‍ അകന്നു കഴിയുകയും രജിസ്റ്റര്‍ വിവാഹം ചെയ്യുകയും ചെയ്ത മാതാപിതാക്കളെ 40 വര്‍ഷങ്ങള്‍ക്ക് ശേഷം സഭാപാരമ്പര്യമനുസരിച്ചുള്ള കൗദാശിക വിവാഹത്തിന് പ്രേരിപ്പിച്ചത് ഇളയമകന്റെ ക്രിസ്തുവിലുള്ള വിശ്വാസം. സ്പെയിന്‍ സ്വദേശികളായ പാക്കോ റോയിഗും, മാരാ വിദഗാനിയുമാണ്‌ ഇളയമകനായ വിക്ടറിന്റെ യേശുവിലുള്ള വിശ്വാസം കാരണം സഭാപരമായ വിവാഹത്തിലൂടെ കത്തോലിക്ക വിശ്വാസത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്. വലെന്‍സിയ അതിരൂപതയുടെ കീഴിലുള്ള വാര്‍ത്താ പത്രമായ ‘പാരാവുല’യാണ് ഈ അപൂര്‍വ്വവിവാഹത്തിന്റെ കഥ പുറത്തുവിട്ടിരിക്കുന്നത്. വിക്ടറിന്റെ ദൈവവിശ്വാസം മാതാപിതാക്കളുടെ മനപരിവര്‍ത്തനത്തിന് മാത്രമല്ല മുഴുവന്‍ കുടുംബത്തേയും സത്യദൈവമായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ഒന്നിപ്പിക്കുന്നതിനും കാരണമായിരിക്കുകയാണ്.

രണ്ടു കുട്ടികളുടെ മാതാപിതാക്കളായ പാക്കോ, മാരാ ദമ്പതികള്‍ ജ്ഞാനസ്നാനം സ്വീകരിച്ചിരിന്നവരാണെങ്കിലും ദൈവവിശ്വാസത്തില്‍ നിന്നും ദേവാലയത്തില്‍ നിന്നും അകന്ന ജീവിതമായിരുന്നു നയിച്ചിരുന്നത്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരമുള്ള രജിസ്റ്റര്‍ വിവാഹത്തിലൂടെയായിരുന്നു ഇരുവരും ദാമ്പത്യജീവിതം ആരംഭിച്ചത്. എന്നാല്‍ ഇളയമകന്റെ ദൈവവിശ്വാസം തങ്ങളുടെ മനോഭാവത്തെ പൂര്‍ണ്ണമായി മാറ്റിയെന്നാണ് ഇരുവരും പറയുന്നത്. വിക്ടര്‍ ചെറുപ്പത്തില്‍ തന്നെ ഇസ്തിരിയിടുന്ന ബോര്‍ഡില്‍ മേശവിരി വിരിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനെ മനോഹരമായി അനുകരിച്ചിരുന്നു. 10 വയസ്സായപ്പോഴേക്കും വിക്ടര്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുകയും, മാമ്മോദീസ മുങ്ങണമെന്ന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അങ്ങനെ ചെയ്യുവാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് മാതാപിതാക്കള്‍ തന്നെ അവന്റെ ആവശ്യം നിരാകരിച്ചു.

പതിനെട്ടാമത്തെ വയസ്സില്‍ വിക്ടര്‍ ഈ ആവശ്യം വീണ്ടും ഉന്നയിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് നിഷേധിക്കുവാന്‍ കഴിഞ്ഞില്ല. അവന്റെ ആഴമായ വിശ്വാസമാണ് തന്നെ മതപരമായ ജീവിതത്തിലേക്ക് നയിച്ചതെന്നു പാക്കോ പറയുന്നു. മകന്റെ വിശ്വാസം ചെലുത്തിയ സ്വാധീനത്തെ തുടര്‍ന്നു നാല്‍പ്പത്തിയഞ്ചാമത്തെ വയസ്സില്‍ പാക്കോയ്ക്കു ആത്മീയതയോടുള്ള ഉള്‍വിളി ലഭിക്കുകയായിരിന്നു. നവാരയിലെ ലെയ്റെ ആശ്രമത്തിലേക്കുള്ള യാത്ര ഇതിന് ആക്കം കൂട്ടി. അവിടുത്തെ ഒരു വൈദികന്റെ നിര്‍ദ്ദേശപ്രകാരം കുമ്പസാരിച്ച പാക്കോ വീണ്ടും കത്തോലിക്ക സഭയിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് താത്പര്യം പ്രകടിപ്പിക്കുകയായിരിന്നു.

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാക്കോ തിരുസഭയിലേക്ക് തിരികെ വരുന്നത്. തന്റെ ഭാര്യപോലുമറിയാതെയാണ് അദ്ദേഹം മതബോധന പഠനത്തില്‍ പങ്കെടുത്തത്. ആദ്യം അസ്വസ്ഥയായെങ്കിലും പിന്നീട് മാരായും പാക്കോയുടെ തീരുമാനം അംഗീകരിച്ചതിനെ തുടര്‍ന്നാണ്‌ സഭാപരമായി വിവാഹിതരായത്. ഇരുവരും ഇപ്പോള്‍ മുടങ്ങാതെ ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കുന്നുണ്ട് . കാന്‍സര്‍ രോഗിയായ തന്റെ ഭാര്യക്ക് അവളുടെ രോഗത്തോട് പിടിച്ചുനില്‍ക്കുന്നതിന് ദൈവവിശ്വാസം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് പാക്കോ. 'ദി ബസലിക്ക ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്' ദേവാലയത്തില്‍വെച്ചായിരുന്നു ഇരുവരുടേയും വിവാഹം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »