News - 2024

വിജയത്തിന് പിന്നിൽ ക്രിസ്തു വിശ്വാസവും സഹനവും: വെളിപ്പെടുത്തലുമായി ആൻറി ആന്‍സ് ഉടമ

പ്രവാചകശബ്ദം 22-01-2024 - Monday

ന്യൂയോര്‍ക്ക്: തങ്ങളുടെ ബിസിനസ് വിജയത്തിന് പിന്നിൽ ക്രിസ്തു വിശ്വാസവും, ഏറ്റെടുത്ത സഹനങ്ങളുമാണെന്ന് പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ആൻറി ആന്‍സ് ഉടമ ആന്‍ എഫ് ബയിലർ. 1988ൽ പെൻസിൽവാനിയയിൽ ഒരു ചെറിയ കടയായി ആരംഭിച്ച പ്രസ്ഥാനത്തിന് ഇന്ന് മാളുകളിലും, എയർപോർട്ടുകളിലുമായി ആയിരത്തിലധികം ഫ്രാഞ്ചൈസികളുണ്ട്. തന്റെ മാതാപിതാക്കളാണ് തങ്ങളെ ദൈവവുമായുള്ള ബന്ധത്തില്‍ ആഴപ്പെടുത്തിയതെന്നും സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കി തന്നത് അവരായിരിന്നുവെന്നും ആന്‍ ബയിലർ 'ക്രിസ്ത്യന്‍ പോസ്റ്റിന്' നല്‍കിയ അഭിമുഖത്തില്‍ അനുസ്മരിച്ചു.

ദേവാലയത്തിൽ പോകുന്നതും, മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് മേശയ്ക്ക് ചുറ്റുമിരുന്ന് പ്രാർത്ഥിക്കുന്നതും തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. ജീവിത പ്രതിസന്ധികൾ തരണം ചെയ്യാനുള്ള അടിസ്ഥാനമായിരുന്നു ഇതിലൂടെ മാതാപിതാക്കൾ ഒരുക്കി തന്നതെന്നും ആന്‍ പറയുന്നു. 1975ൽ പത്തൊന്‍പതാമത്തെ വയസ്സിൽവെച്ച് ഉണ്ടായ മകളുടെ ആകസ്മിക വേര്‍പാട് ജീവിതത്തിലെ വലിയൊരു ഞെട്ടൽ ഉളവാക്കുന്ന സംഭവമായിരുന്നു. ഇത് ആത്മീയമായും, മാനസികമായും തന്നെ തളർത്തി. ഇതിനിടയിൽ കൗൺസിലിങ്ങിന് സമീപിച്ച ഒരു വ്യക്തി ലൈംഗികമായി ചൂഷണം ചെയ്തത് മറ്റൊരു വലിയ ആഘാതമായിരിന്നുവെന്നും ആന്‍ ബയിലർ പറയുന്നു.

നിരവധി വർഷങ്ങൾ ആന്‍ ഇത് രഹസ്യമാക്കി തന്നെ സൂക്ഷിച്ചു. ഈ സംഭവ വികാസങ്ങൾ അവരെ ആത്മഹത്യയുടെ വക്കിൽ പോലും എത്തിച്ചു. പാപങ്ങൾ എറ്റുപറയാനും, പ്രാർത്ഥിക്കാനും ആഹ്വാനം ചെയ്യുന്ന യാക്കോബ് ശ്ലീഹായുടെ ലേഖനം അഞ്ചാം അധ്യായം പതിനാറാം വാക്യമാണ് തന്നെ പതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഏഴു പതിറ്റാണ്ടുകളുടെ ജീവിതാനുഭവങ്ങളിലൂടെ ഇന്ന് എനിക്കറിയാവുന്നത്, ഇതാണ് - ജീവിതം കഠിനമാണ്, എന്നാല്‍ ദൈവം നല്ലവനാണ്. ഇക്കാര്യത്തില്‍ തനിക്ക് സംശയമില്ലായെന്നും കോടീശ്വരി കൂടിയായ ആന്‍ പറയുന്നു. 500 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ആൻറി ആന്‍സ് ശൃംഖലയ്ക്കു 1232 ഫ്രാഞ്ചൈസികളാണ് ഇന്നു ലോകമെമ്പാടുമുള്ളത്.


Related Articles »