Seasonal Reflections - 2024

സാന്തൊ അനെല്ലൊ - വിശുദ്ധ യൗസേപ്പിന്റെയും മറിയത്തിന്റെയും വിവാഹ മോതിരം

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 14-02-2021 - Sunday

വിശുദ്ധ യൗസേപ്പിതാവ് പരിശുദ്ധ കന്യകാമറിയത്തിനു നൽകിയ വിവാഹ മോതിരമാണ് സന്തൊ അനെല്ലൊ (Santo Anello) അല്ലെങ്കിൽ വിശുദ്ധ മോതിരം എന്നറിയപ്പെടുന്നത്. ഇറ്റലിയിലെ പെറുജിയിലുള്ള വിശുദ്ധ ലോറൻസിൻ്റെ കത്തീഡ്രൽ ദൈവാലയത്തിൽ (Cathedral of San Lorenzo ) ഈ മോതിരം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നു. പത്തൊമ്പതാം നൂറ്റണ്ടുമുതലാണ് ഈ വിശുദ്ധ മോതിരം പെറുജിയിൽ സൂക്ഷിച്ചു വരുന്നത്. ജർമ്മൻ മിസ്റ്റിക്കായ വാഴ്ത്തപ്പെട്ട അന്നാ കാതറിൻ എമറിച്ചിനു (1774 – 1824) ലഭിച്ച ദർശനങ്ങളാണ് ഈ മോതിരം കണ്ടെത്തുന്നതിനു സഹായകരമായത്.

1821 ജൂലൈ 29 ഉണ്ടായ ആദ്യ ദർശനത്തെപ്പറ്റി അന്നാ കാതറിൻ ഇപ്രകാരം പറയുന്നു: "പരിശുദ്ധ കന്യകയുടെ വിവാഹ മോതിരം ഞാൻ കണ്ടു; അത് സ്വർണ്ണമോ വെള്ളിയോ മറ്റേതെങ്കിലും ലോഹമോ അല്ലായിരുന്നു; അതു കറുത്ത നിറമുള്ളതും വര്‍ണ്ണാജ്ജ്വലമായിരുന്നു. അതു തീർത്തും കനം കുറഞ്ഞതായിരുന്നില്ല ഒരു വിരൽ വീതിയുള്ളതുമായിരുന്നു.

മോതിരത്തിൽ പതിപ്പിച്ചിരിക്കുന്ന അക്ഷരങ്ങൾ ചെറിയ ത്രികോണങ്ങളാൽ പൊതിഞ്ഞിരിരുന്നു. അതു സൂക്ഷിച്ചിരിക്കുന്ന മനോഹരമായ ദൈവാലയത്തിലെ പല പൂട്ടുകളും ഞാൻ കണ്ടു. വിവാഹിതരാകാൻ ആഗ്രഹിക്കുന്ന ഭക്തർ അവരുടെ വിവാഹ മോതിരങ്ങൾ ഈ വിശുദ്ധ മോതിരത്തിൽ സ്പർശിപ്പിക്കുന്നതും ഞാൻ കണ്ടു".

1821 ആഗസ്റ്റ് മൂന്നിനുണ്ടായ രണ്ടാം ദർശനത്തെപ്പറ്റിയുള്ള അന്നാ കാതറിൻ്റെ സാക്ഷ്യം ഇങ്ങനെ: "കഴിഞ്ഞ കുറേ ദിവസങ്ങളിൽ മറിയത്തിൻ്റെ വിവാഹ മോതിരത്തെപ്പറ്റി ധാരാളം ദർശനങ്ങൾ എനിക്കുണ്ടായെങ്കിലും വേദനയും ശാരീരിക അസ്വസ്ഥതകളും നിമിത്തം അവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് എനിക്ക് സാധിച്ചില്ല. ഇന്ന് ഇറ്റലിയിൽ വിശുദ്ധ മോതിരം ഇരിക്കുന്ന ദൈവാലയത്തിൽ നടന്ന ഒരു വിവാഹാഘോഷം ഞാൻ കണ്ടു. സക്രാരിക്കു മുകളിൽ മുകളിൽ നിൽക്കുന്ന അരുളിക്കായിൽ അതു തൂങ്ങിക്കിടക്കുന്നതായി എനിക്ക് തോന്നി. മനോഹരമായി അലങ്കരിച്ച ഒരു വലിയ ബലിപീഠം അവിടെ ഉണ്ടായിരുന്നു; ധാരാളം വെള്ളി കൊണ്ടുള്ള പണികൾ അതിലുണ്ടായിരുന്നു. അരുളിക്കയ്ക്കു മുമ്പിൽ നിരവധി മോതിരങ്ങൾ തൂങ്ങി കിടക്കുന്നത് ഞാൻ കണ്ടു. വിവാഹാഘോഷവേളയിൽ, മറിയവും ജോസഫും അവരുടെ വിവാഹ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും ജോസഫ് പരിശുദ്ധ കന്യകയുടെ വിരലിൽ മോതിരം അണിയിക്കുന്നതും ഞാൻ ദർശിച്ചു".

കാതറിൻ എമിറിച്ചിനു ലഭിച്ച ദർശനങ്ങളിലൂടെ ഈ വിശുദ്ധ വിവാഹമോതിരം ഇറ്റലിയിലാണന്നു മനസ്സിലാക്കിയെങ്കിലും കൃത്യമായദൈവാലയമോ സ്ഥലമോ കാതറിനറിയത്തില്ലായിരുന്നു. പിന്നിടു വിശുദ്ധയുടെ മരണശേഷം ദർശനത്തിലെ സൂചനകൾ മനസ്സിലാക്കിയാണ് ഈ തിരുശേഷിപ്പ് കണ്ടെത്തിയത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു തീർത്ഥാടകർ ഈ വിശുദ്ധ മോതിരം വണങ്ങുന്നതിനായി പെറുജീയായിൽ എത്താറുണ്ട്. 1857 മെയ് മാസം പത്താം തീയതി പിയൂസ് ഒൻപതാം പാപ്പ പെറുജീയിലെ കത്തീഡ്രലിൽ എത്തി വിശുദ്ധ മോതിരത്തെ വണങ്ങിയിരുന്നു.

More Archives >>

Page 1 of 8