News - 2024

തിരുവനന്തപുരത്ത് ക്രൈസ്തവരുടെ ആരാധന സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചുകൊണ്ട് സംഘപരിവാര്‍

പ്രവാചക ശബ്ദം 04-03-2021 - Thursday

തിരുവനന്തപുരം മുള്ളറകോടത്ത് പെന്തക്കൊസ്തു സഹോദരങ്ങള്‍ നടത്തിയ പ്രാര്‍ത്ഥനാകൂട്ടായ്മയ്ക്ക് നേരെ ഭീഷണി മുഴക്കി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ആര്‍‌എസ്‌എസ് താലൂക്ക് ശാഖാപ്രമുഖിന്റെ നേതൃത്വത്തിലാണ് കൂട്ടായ്മയ്ക്കു നേരെ ഭീഷണി മുഴക്കിയത്. ഫെബ്രുവരി അവസാനവാരത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇക്കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയാകുന്നത്. പ്രാര്‍ത്ഥന നടത്താന്‍ പറ്റില്ലായെന്നും അടുത്തയാഴ്ച ആവര്‍ത്തിച്ചാല്‍ പ്രശ്നമുണ്ടാകുമെന്നുമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്നത്.

അതേസമയം കൂട്ടായ്മയ്ക്കു നേതൃത്വം കൊടുത്ത പാസ്റ്റര്‍ ആരാധനയ്ക്കു തങ്ങള്‍ക്ക് ഔദ്യോഗികമായി അനുമതിയുണ്ടെന്നും സര്‍ക്കാര്‍ തലത്തില്‍ അന്വേഷിക്കാമെന്നും വിശദീകരിക്കുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രാര്‍ത്ഥന നടത്താന്‍ പറ്റില്ലായെന്ന ഭീഷണി മുഴക്കുകയാണ് ചെയ്യുന്നത്. എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ ഒരുമിച്ച് കൂടിയിരിക്കുന്നതെന്ന പ്രവര്‍ത്തകരുടെ ചോദ്യത്തിന് വിശ്വാസികള്‍ ശക്തമായ മറുപടി നല്‍കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

നിങ്ങളെ പോലെ തങ്ങളും ഹൈന്ദവരാണെന്നും സ്വന്തം ഇഷ്ട്ടപ്രകാരമാണ് ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്നതെന്നും യേശുവിലുള്ള വ്യക്തിപരമായ വിശ്വാസം കൊണ്ടാണെന്നുമാണ് വിശ്വാസികള്‍ പ്രതികരിച്ചത്. യേശുവിനോട് പ്രാര്‍ത്ഥിച്ചാല്‍ എന്തു ലഭിക്കുമെന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്റെ ജീവിതത്തില്‍ ഉണ്ടായ വ്യക്തിപരമായ അനുഭവം ഒരു യുവതി വിവരിക്കുന്നുണ്ട്.

എന്നാല്‍ പാസ്റ്ററുടെയും വിശ്വാസികളുടെയും യുക്തിഭദ്രമായ ഓരോ പ്രതികരണത്തിലും പ്രവര്‍ത്തകര്‍ അതൃപ്തി പ്രകടിപ്പിച്ചു. അടുത്തയാഴ്ച പ്രാര്‍ത്ഥന നടത്തിയാല്‍ ഗുരുതരമായ പ്രശ്നമുണ്ടാകുമെന്ന ഭീഷണിയോടെയാണ് ഇവര്‍ പിന്‍വാങ്ങുന്നത്. ഉത്തരേന്ത്യൻ മോഡൽ സംഘപരിവാർ ഭീഷണി കേരളത്തിലെ ക്രൈസ്തവര്‍ക്ക് നേരെയും വ്യാപിക്കുമ്പോള്‍ ശക്തമായ നടപടി വേണമെന്നാണ് വിശ്വാസികള്‍ ആവശ്യപ്പെടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »