India - 2024

കാർഷികോൽപന്നങ്ങളും സാധാരണക്കാരുടെ ഉൽപന്നങ്ങളും വിറ്റഴിക്കാന്‍ ജൈവസൂപ്പർമാർക്കറ്റുമായി തൃശൂർ അതിരൂപത

പ്രവാചക ശബ്ദം 15-04-2021 - Thursday

തൃശൂർ: കാർഷികോൽപന്നങ്ങളും സാധാരണക്കാരുടെ ഉൽപന്നങ്ങളും വിറ്റഴിക്കാൻ തൃശൂർ അതിരൂപത ഒരുക്കിയ വിപണി തുറന്നു. അതിരൂപതയുടെ സാമൂഹ്യ പ്രേഷിതത്വ കേന്ദ്രമായ 'സാന്ത്വന'ത്തിന്റെ നേതൃത്വത്തിൽ 'സാന്ത്വനം സ്വിഫ്റ്റ് മാർട്ട' എന്ന ജൈവ സൂപ്പർമാർക്കറ്റിനു തുടക്കമായത്. പ്രകൃതിക്കൊപ്പം സഞ്ചരിച്ച് മാനവികതയുടെ സാന്ത്വനം പകരാനാണ് ഇങ്ങനെയൊരു വിപണി തുറന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. 'സാന്ത്വനം സ്വിഫ്റ്റ് മാർട്ട്' പ്രകൃതിക്കൊപ്പം നിന്നുള്ള സാന്ത്വനം ആണെന്ന് പിതാവ് പറഞ്ഞു.

സാധാരണക്കാരുടെ ഉൽപന്നങ്ങൾക്കുള്ള വിപണിയാണിത്. ബ്രാന്റ്ഡ് ഉൽപന്നങ്ങൾ ഇവിടെ ഉണ്ടാകില്ല. ലാഭം സാമൂഹ്യ ക്ഷേമ പ്രവർത്തനത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനും മാത്രമായി നീക്കിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയെ പ്രോൽസാഹിപ്പിക്കുന്ന തൃശൂർ അതിരൂപത ഉൽപന്നങ്ങൾക്കു വിപണി തുറന്നത് മാതൃകാപരമാണെന്ന് ഉദ്ഘാടനം ചെയ്ത കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഗോഡ്‌സ് ഓൺ ഫാമിലി കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. കാർഷിക വിഭവസമാഹരണം ടി. എൻ. പ്രതാപൻ എംപി നിർവഹിച്ചു. ആദ്യവില്പന മേയർ എം.കെ. വർഗീസ് നിർവഹിച്ചു.

കർഷകരുടേയും സ്വയം സംരംഭകരുടെയും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായ വിലയ്ക്കു വിപണിയിലെത്തിക്കാനാണ് ഈ സ്ഥാപനം ആരംഭിച്ചത്. കൃഷി ചെയ്യുന്നവർക്കും സംരംഭകർക്കും അർഹമായ പ്രതിഫലം ഉറപ്പാക്കുകയും ചെയ്യും. കോവിഡ് കാലഘട്ടത്തിൽ കാർഷികോൽപന്നങ്ങൾക്കു ന്യായവില നൽകി ആർച്ച് ബിഷപ്പ് ഹൗസ് കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് 'സ്വാന്തനം സ്വിഫ്റ്റ് മാർട്ട്' എന്ന പേരിൽ ബിഷപ്‌സ് ഹൗസിനു പിറകിലുള്ള ഫാമിലി അപ്പോസ്‌തോലേറ്റിനു സമീപം കിഴക്കുംപാട്ടുകര റോഡിലേക്കു മാറ്റി പ്രവർത്തനം ആരംഭിച്ചത്.സ്വിഫ്റ്റ് മാർട്ടിൽനിന്നുണ്ടാകുന്ന ആദായം തൃശൂർ അതിരൂപതയിലെ അർഹരായ കുടുംബങ്ങൾക്കു ഭവനനിർമ്മാണം, വിദ്യാഭ്യാസ സഹായം, കുടുംബശാക്തീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണു പരിപാടി.

വികാരി ജനറൽ മോൺ. തോമസ് കാക്കശ്ശേരി, അതിരൂപത ഫിനാൻസ് ഓഫീസർ ഫാ. വർഗ്ഗീസ് കൂത്തൂർ, സാന്ത്വനം ഡയറക്ടർ ഫാ. ജോയ് മൂക്കൻ, ഫാ. ജോസ് വട്ടക്കുഴി, കോർപറേഷൻ കൗൺസിലർ ജോൺ ഡാനിയേൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന, തൃശൂർ ജില്ലാ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. എ.ജെ. വിവൻസി തുടങ്ങിയവർ പ്രസംഗിച്ചു. ആദ്യ ഫാമിലി കാർഡ് അന്തരിച്ച സൈമണിന്റെ കുടുംബത്തിനുവേണ്ടി ഇടവക വികാരി ഫാ. ജോബി പുത്തൂർ ഏറ്റുവാങ്ങി.


Related Articles »