India - 2024

ഇഡബ്ല്യുഎസ് സാമ്പത്തിക സംവരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി

പ്രവാചക ശബ്ദം 08-05-2021 - Saturday

കൊച്ചി: മറാത്ത ജാതി സംവരണക്കേസ് വിധിയുടെ അടിസ്ഥാനത്തില്‍ ഇഡബ്ല്യുഎസ് സാമ്പത്തിക സംവരണം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് വ്യക്തമാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. ജാതിയുടെയും മതത്തിന്റെയും പേരില്‍ സംവരണം ലഭിക്കാത്തവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കുമായുള്ള 103 ഭരണഘടനാ ഭേദഗതി പ്രകാരമുള്ള സംവരണം മൗലിക അവകാശമാണ്. സാമ്പത്തിക സംവരണമാണ് നടപ്പിലാക്കേണ്ടതെന്നു സുപ്രീംകോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.

സാമ്പത്തിക സംവരണത്തെക്കുറിച്ചുള്ള ചര്‍ച്ചതന്നെ ആവശ്യമില്ലാതിരിക്കെ 102 ഭരണഘടനാ ഭേദഗതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചു തെറ്റിദ്ധാരണ പരത്തുന്ന ഗൂഢശ്രമങ്ങള്‍ അപലപനീയമാണ്. ഇഡബ്ല്യുഎസ് സംവരണം ഇപ്പോള്‍ പ്രാബല്യത്തിലായതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചാല്‍ സാമൂഹ്യമായും നിയമപരമായും ശക്തമായി നേരിടുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, രാജീവ് കൊച്ചുപറമ്പില്‍, ഡോ. ജോബി കാക്കശേരി, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, തോമസ് പീടികയില്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »