News
കുർദിസ്ഥാൻ പാർലമെൻറിൽ ക്രൈസ്തവർക്ക് നൽകിയിരുന്ന സംവരണ സീറ്റുകൾ റദ്ദാക്കി: പ്രതിഷേധവുമായി ക്രൈസ്തവര്‍
പ്രവാചകശബ്ദം 05-03-2024 - Tuesday
ഇർബില്‍: കുർദിസ്ഥാൻ പാർലമെൻറിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് നൽകിവന്നിരുന്ന ന്യൂനപക്ഷ സംവരണ സീറ്റുകൾ റദ്ദാക്കാൻ തീരുമാനമെടുത്ത ഇറാഖി കോടതിയുടെ വിധിക്കെതിരെ ക്രൈസ്തവ വിശ്വാസികൾ രംഗത്ത്. ഇർബിലിലെ ക്രൈസ്തവ ഭൂരിപക്ഷ ജില്ലയായ ഏൻകാവയില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ പ്രതിഷേധിക്കാനായി നൂറുകണക്കിന് ക്രൈസ്തവരാണ് ഒരുമിച്ച് കൂടിയത്. ഫെബ്രുവരി അവസാനം രാജ്യത്തെ ഫെഡറൽ സുപ്രീംകോടതിയാണ് വംശ മതന്യൂനപക്ഷങ്ങൾക്ക് കുർദിസ്ഥാൻ പ്രവിശ്യാ പാർലമെൻറിൽ നൽകിവരുന്ന സംവരണ സീറ്റുകൾ ഭരണഘടന വിരുദ്ധമാണെന്ന വിധി പ്രസ്താവന നടത്തിയത്.
ഇതിന് പിന്നാലെ ബാഗ്ദാദിലെ കോടതി വിധി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ക്രൈസ്തവ വിശ്വാസികൾ ഏൻകാവയിലെ സെൻറ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിന് മുന്നിൽ ഒരുമിച്ചു ചേരുകയായിരിന്നു. ഫെഡറൽ കോടതിക്ക് ഈ തീരുമാനം പുനഃപരിശോധിക്കുവാൻ സാധിക്കുമെന്നും, എന്നാൽ മറ്റാർക്കും അപ്പീൽ നൽകാനുള്ള അവകാശം ഇല്ലെന്നും അഭിഭാഷകനും, കല്‍ദായന്‍ ലീഗിൻറെ അധ്യക്ഷനുമായ ഗോരാൻ ജബ്ബാർ പറഞ്ഞു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇനി ക്രൈസ്തവ സ്ഥാനാർത്ഥികൾക്ക് ന്യൂനപക്ഷ കോട്ടയിൽ മത്സരിക്കാൻ സാധിക്കില്ല.
അതിനാൽ തന്നെ നിരവധി സാമ്പത്തിക സ്രോതസ്സുകൾ ഉള്ള കുർദിഷ് രാഷ്ട്രീയ പാർട്ടികൾക്കെതിരെ സ്ഥാനാർത്ഥികളെ നിർത്തേണ്ട സാഹചര്യമാണ് ക്രൈസ്തവ രാഷ്ട്രീയ പാർട്ടികൾക്ക് ഇപ്പോൾ ഉള്ളത്. അതേസമയം സംവരണ സീറ്റുകൾ തിരികെ അനുവദിക്കുന്നതിന് വേണ്ടിയുള്ള ശ്രമം തുടരുമെന്ന് കുർദിസ്ഥാൻ പ്രവിശ്യാ സർക്കാരിൽ ഗതാഗത, സമ്പർക്ക വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി അനോ ജവ്ഹർ അബ്ദോക്ക ഉറപ്പുനൽകി. നിലവില്‍ ഒരുലക്ഷത്തോളം ക്രൈസ്തവര്‍ കുര്‍ദ്ദിസ്ഥാനില്‍ ഉണ്ടെന്നാണ് കണക്ക്.
➤ പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ➤
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക