India - 2024

ദരിദ്ര ജനവിഭാഗത്തിനുള്ള സംവരണമാണ് രാജ്യത്ത് നിലനില്‍ക്കേണ്ടത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

10-05-2021 - Monday

കോട്ടയം: കാലഹരണപ്പെട്ട ജാതിസംവരണമല്ല, സാന്പത്തിക ദുര്‍ബല വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്കും ദരിദ്ര ജനവിഭാഗത്തിനുമുള്ള സംവരണമാണ് രാജ്യത്ത് നിലനില്‍ക്കേണ്ടതെന്നും ഇതിനെ ഒരു നീതിന്യായ കോടതിക്കും തള്ളിപ്പറയാനോ അട്ടിമറിക്കാനോ ആവില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. നിലവില്‍ ഒരു സംവരണവുമില്ലാത്ത ദരിദ്രജനവിഭാഗത്തിനുവേണ്ടിയുള്ള ഭരണഘടനാപരമായ സാന്പത്തിക സംവരണം ഉത്തരവാദിത്വപരമായി നിര്‍വഹിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും ഭരണ, ഉദ്യോഗസ്ഥ സംവിധാനങ്ങളും മടിച്ചുനില്‍ക്കുന്നതും ഇതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും ദുഃഖകരമാണ്. ഇന്ത്യയിലെ സാന്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ മുന്നാക്ക സംവരണമെന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് ആക്ഷേപിക്കുന്നത് കേരളത്തില്‍ മാത്രമാണ്. ഭരണഘടനാ ഭേദഗതിയില്‍ ഒരിടത്തുമില്ലാത്ത വാക്കാണ് മുന്നാക്ക സംവരണമെന്നത്. എന്നിട്ടും സര്‍ക്കാര്‍ രേഖകളിലും പൊതുവേദികളിലും മുന്നാക്ക സംവരണമെന്ന് ബോധപൂര്‍വം എഴുതിച്ചേര്‍ക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.


Related Articles »