Youth Zone - 2024

ക്രിസ്തീയ മൂല്യാധിഷ്ടിത പുതുതലമുറയുടെ സൃഷ്ടിക്കായി പോളണ്ടില്‍ പുതിയ സര്‍വ്വകലാശാല ആരംഭിച്ചു

പ്രവാചക ശബ്ദം 30-05-2021 - Sunday

വാര്‍സോ: ക്രൈസ്തവ മൂല്യങ്ങളില്‍ അധിഷ്ടിതമായ യൂറോപ്പ്യന്‍ പാരമ്പര്യത്തിലും സംസ്കാരത്തിലും വേരൂന്നിയ ഒരു അക്കാഡമിക തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പോളണ്ട് തലസ്ഥാനമായ വാര്‍സോയില്‍ പുതിയ സര്‍വ്വകലാശാല നിലവില്‍ വന്നു. മെയ് 28 വെള്ളിയാഴ്ച പോളണ്ടിലെ ‘എജ്യുക്കേഷന്‍, സയന്‍സ് ആന്‍ഡ്‌ ഹയര്‍ എജ്യുക്കേഷന്‍’ മന്ത്രി പ്രസെമിസ്ലോ സാര്‍നെക്കായിരുന്നു ‘കോളേജിയം ഇന്റര്‍മാരിയം’ എന്ന പുതിയ സര്‍വ്വകലാശാലയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. പോളണ്ടില്‍ നിര്‍ണ്ണായക സ്വാധീന ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന കത്തോലിക്കാ അഭിഭാഷക സ്ഥാപനമായ ‘ഒര്‍ഡോ ഇയുരിസ്’ ആണ് പുതിയ സര്‍വ്വകലാശാലയുടെ സ്ഥാപകര്‍. കത്തോലിക്കാ പ്രബോധനങ്ങള്‍ക്കനുസൃതമായി അബോര്‍ഷന്‍, സ്വവര്‍ഗ്ഗരതി പോലെയുള്ള തിന്മകള്‍ക്കെതിരെയും, പാരമ്പര്യ കുടുംബ ഘടനക്കും വേണ്ടി സ്വരമുയര്‍ത്തുന്ന സംഘടനയാണ് ഒര്‍ഡോ ഇയുരിസ്.

ക്രിസ്തീയ പാരമ്പര്യത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട സര്‍വ്വകലാശാലക്ക് പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് പോളിഷ് പ്രധാനമന്ത്രി മതേയൂസ് മൊറാവിയസ്കി അയച്ച കത്ത് ഉദ്ഘാടന ചടങ്ങില്‍ വായിച്ചിരിന്നു. സര്‍ക്കാര്‍ പ്രതിനിധികളും പുതിയ സര്‍വ്വകലാശാലക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പാരമ്പര്യത്തിലൂന്നിയ സാംസ്കാരിക ചിന്തകരെ നിശബ്ദരാക്കുക എന്ന ലക്ഷ്യത്തോടെ പരമ്പരാഗത അക്കാഡമിക സംവിധാനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കോളേജിയം ഇന്റര്‍മാരിയം ധീരരായ അന്വേഷകര്‍ക്ക് വേണ്ടിയുള്ള ഒരു സ്വതന്ത്ര വേദിയായിരിക്കുമെന്ന് ഒര്‍ഡോ ഇയുരിസിന്റെ തലവനും വാഴ്സോയിലെ അഭിഭാഷകനുമായ ജെര്‍സി ക്വാസ്നിയേവ്സ്കി പറഞ്ഞു.

സെന്‍ട്രല്‍ യൂറോപ്പ്യന്‍ സര്‍വ്വകലാശാല പോലെയുള്ള മതനിരപേക്ഷ സ്ഥാപനങ്ങള്‍ക്കുള്ള മറുപടിയാണ് പുതിയ സര്‍വ്വകലാശാല. രാഷ്ട്രത്തില്‍ നിന്നും സഭയെ വേര്‍തിരിക്കുന്ന ഫ്രഞ്ച് മാതൃക പിന്തുടരുവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും, ആത്മീയതയും റിപ്പബ്ലിക്കും തമ്മില്‍ ബന്ധപ്പെടുത്തുന്ന അമേരിക്കന്‍ ശൈലിയാണ് തങ്ങള്‍ക്കിഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിയമം’ ആണ് സര്‍വ്വകലാശാലയുടെ പ്രധാന കോഴ്സ്. നിയമത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ നല്‍കുവാനാണ് സര്‍വ്വകലാശാലയുടെ പദ്ധതി. നിയമ ചരിത്രം, തത്വശാസ്ത്രം തുടങ്ങിയവയും സര്‍വ്വകലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. 4-5 വര്‍ഷത്തെ പി.എച്ച്.ഡി പദ്ധതിക്കും സര്‍വ്വകലാശാല ലക്ഷ്യമിടുന്നുണ്ട്. യൂറോപ്പില്‍ കത്തോലിക്ക മൂല്യങ്ങളെ ഏറ്റവുമധികം മുറുകെ പിടിക്കുന്ന രാജ്യമാണ് പോളണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »