News - 2025

വിശുദ്ധ കെറ്റവൻ രാജ്ഞിയുടെ തിരുശേഷിപ്പ് ഭാരതം ജോർജിയയ്ക്കു കൈമാറി

പ്രവാചകശബ്ദം 11-07-2021 - Sunday

തിബ്‍ലിസി/ ന്യൂഡൽഹി: പതിനേഴാം നൂറ്റാണ്ടിൽ രക്തസാക്ഷിത്വം വരിച്ച ജോർജിയയിലെ വിശുദ്ധ കെറ്റവൻ രാജ്ഞിയുടെ തിരുശേഷിപ്പ് ഇന്ത്യ ജോർജിയയ്ക്കു കൈമാറി. 2 ദിവസത്തെ സന്ദർശനത്തിന് തിബ്‍ലിസിയിലെത്തിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് തിരുശേഷിപ്പ് അടക്കം ചെയ്ത പേടകം ജോർജിയയുടെ വിദേശകാര്യമന്ത്രി ഡേവിഡ് സർക്കാലിയാനിക്കു കൈമാറിയത്. ജോർജിയയിലെ ഓര്‍ത്തഡോക്സ് പാത്രിയർക്കീസ് ഇലിയ രണ്ടാമൻ, പ്രധാനമന്ത്രി ഇരാക്ലി ഗരിബാഷ്‍വ്‌ലി എന്നിവരും സന്നിഹിതരായിരുന്നു. കെറ്റവൻ രാജ്ഞിയുടെ തിരുശേഷിപ്പ് ഓൾഡ് ഗോവയിലെ സെന്റ് അഗസ്റ്റിൻ കോൺവെന്റ് വളപ്പിൽ നിന്ന് 2005 ൽ ഡോ. നിസാമുദ്ദീൻ താഹിറിന്റെ നേതൃത്വത്തിലുളള പര്യവേക്ഷകർ പുരാതന പോർച്ചുഗീസ് രേഖകൾ പ്രകാരമുള്ള വിവരമനുസരിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്.

1624 സെപ്റ്റംബർ 22നാണ് കെറ്റവൻ രാജ്ഞി ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ രക്തസാക്ഷിയായത്. അഗസ്റ്റീനിയൻ പിതാക്കന്മാരായ ഫാ. അംബ്രോസിയോ, ഫാ. മാനുവൽ എന്നിവരുടെ നേതൃത്വത്തിൽ രാഞ്ജിയുടെ ഭൗതികാവശിഷ്ടം 1627 വരെ ഇറാനിലെ ഇസ്ഫഹാനിൽ രഹസ്യമായി സൂക്ഷിച്ചു. ഇതിലൊരു ഭാഗം ഫാ. അംബ്രോസിയോയുടെ നേതൃത്വത്തിൽ 1627ൽ ഇന്ത്യയിൽ കൊണ്ടുവന്ന് ഗോവയിലെ സെന്റ് അഗസ്റ്റിൻ പള്ളി വളപ്പിൽ അടക്കംചെയ്തു. ഒരു ഭാഗം ഫാ. മാനുവൽ രാജ്ഞിയുടെ മകൻ ടെയ്മുറാസിനു നൽകിയതു ജോർജിയയിലെ അൽവേർദി പള്ളിയിലും കബറടക്കി. ശത്രുക്കൾ ഈ ഭൗതികാവശിഷ്ടം നശിപ്പിക്കുമെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന്, അൽവേർദി പള്ളിയിൽനിന്ന് മറ്റൊരിടത്തേക്കു മാറ്റുന്നതിനിടയിൽ അത് അർഗാവി നദിയിൽ നഷ്ടപ്പെട്ടു. അതോടെ രാജ്ഞിയുടെ ഭൗതികാവശിഷ്ടം ഇന്ത്യയിൽ മാത്രമായി.

1989 ൽ ഇന്ത്യയിലെത്തിയ ജോർജിയൻ സംഘം സെന്റ് അഗസ്റ്റിൻ പള്ളി സന്ദർശിച്ചപ്പോൾ എഴുതി -‘ഞങ്ങളുടെ കെറ്റവൻ രാജ്ഞിയുടെ പുണ്യാവശിഷ്ടങ്ങൾ ഇവിടെ എവിടെയോ ഞങ്ങൾ പ്രതീക്ഷിക്കുന്നു’. ഇതിന്റെ പൊരുൾ തേടി 3 വർഷം പര്യവേക്ഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) മുൻ റീജനൽ ഡയറക്ടറും മലയാളിയുമായ കെ.കെ. മുഹമ്മദിന്റെ നേതൃത്വത്തിൽ 1991 മുതൽ 6 വർഷം രണ്ടാം ഘട്ട പര്യവേക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

എന്നാൽ, 2003-2004 ൽ പര്യവേക്ഷണം ഏറ്റെടുത്ത ഡോ. നിസാമുദ്ദീൻ താഹിർ, ഡോ. അഭിജിത് അംബേദ്കർ, ഡോ. രോഹിണി അംബേദ്കർ എന്നിവരുടെ സംഘത്തിന് 2005 ൽ ഇതു കണ്ടെത്താനായി. പിന്നീടു ഏഴു വര്‍ഷം നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ ഭൗതികാവശിഷ്ടം കെറ്റവൻ രാജ്ഞിയുടേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയായിരിന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജിയും നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശാസ്ത്രീയമായി ഉറപ്പുവരുത്തിയശേഷം 2017 ൽ ഇതു ജോർജിയയിൽ പ്രദർശനത്തിനു കൊണ്ടുപോയിരുന്നു. തിരുശേഷിപ്പ് നൽകണമെന്ന ജോർജിയയുടെ അഭ്യർഥന മാനിച്ചാണ് അവയിൽ ഒരുഭാഗം ഇപ്പോൾ കൈമാറിയത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »