Social Media - 2024

ഇങ്ങനെയും ദിവ്യബലി അർപ്പിക്കാം....!

ഡോ.ഡെയ്സൻ പാണേങ്ങാടൻ/ പ്രവാചകശബ്ദം 13-07-2021 - Tuesday

ഡൽഹിയിലെ അന്ധേരിയ മോഡിലുള്ള ലിറ്റിൽ ഫ്ലവർ സീറോ മലബാർ കത്തോലിക്കാ പള്ളി ഇന്നലെ പൊളിച്ചുനീക്കിയിടത്ത് നടന്ന ദിവ്യബലിയർപ്പണമാണിത്. മേഖലയിലെ മലയാളികളായ സീറോ മലബാർ വിശ്വാസികൾ കഴിഞ്ഞ 13 വർഷമായി ആരാധന നടത്തിയിരുന്നയിടമാണ്, മൂന്നു ദിവസത്തെ നോട്ടീസ്, അതും പള്ളി സുരക്ഷാജീവനക്കാരന് (അവധി ദിവസങ്ങൾ മുന്നേ കൂട്ടി കണ്ട്, നിയമ നടപടിക്ക് അവസരം നൽകാതെ ) ശനിയാഴ്ച നൽകി, തിങ്കളാഴ്ച പൊളിച്ചുനീക്കിയത്.പഞ്ചായത്ത് സ്ഥലം കയ്യേറിയാണ്, ആരാധനാലയം നിർമ്മിച്ചതെന്നാണ് ആരോപണം.

വെറുതെ കിടന്നിരുന്ന പുറമ്പോക്ക് ഭൂമിയിൽ ഇന്നലെ കയറി പള്ളി പണിത്, ഇന്നു മുതൽ ദിവ്യബലിയർപ്പിച്ചു തുടങ്ങിയതല്ല, അവിടെ. ഇടവകാംഗം, പള്ളിയ്ക്കു ദാനം ചെയ്ത ഭൂമിയിൽ ചെറിയ പള്ളി പണിത്, 2011 മുതൽ ആരാധനയും ദിവ്യബലിയർപ്പണവും നടന്നു വരുന്നയിടമാണ്, സംഘർഷ ബാധിത പ്രദേശമെന്ന രീതിയിൽ പത്തോളം മണ്ണുമാന്തിയന്ത്രങ്ങൾ കൊണ്ട് വന്ന്, ഇന്നലെ മിനിറ്റുകൾ കൊണ്ട് ഇടിച്ചു നിരത്തിയത്.നിയമ നടപടിയ്ക്കു സമയം നൽകിയില്ലെന്നത് പോട്ടെ; സക്രാരിയിലുള്ള പൂജ്യ വസ്തുവായ തിരുവോസ്തിയെടുക്കാൻ പോലും അനുവദിച്ചില്ലെന്നത്, പൊളിക്കാൻ നേത്യത്വം കൊടുത്ത ബി.ഡി.ഒ.യുടേയും പോലീസധികാരികളുടേയും അസഹിഷ്ണുതയ്ക്കു ഉദാത്ത തെളിവാണ്.

ആരെയാണ്, നിങ്ങൾ ഇടിച്ചു നിരത്തുന്നത്? നൂറ്റാണ്ടുകളായി ഈ നാടിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സംസ്കാര രൂപീകരണത്തിലും വിദ്യഭ്യാസ സംസ്കൃതിയിലും അവിഭാജ്യ സംഭാവനകൾ നൽകിയ ഒരു സമൂഹത്തെ ഭൗതികമായ ഇടിച്ചു നിരത്തൽ കൊണ്ട്, അവസാനിപ്പിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്കു തെറ്റി. വിശ്വാസത്തിൻ്റെയും ധാർമ്മികതയുടേയും ആത്മീയതയുടേയും പാത പിന്തുടരുന്ന ഒരു സമൂഹമായതുകൊണ്ടുതന്നെ ഒരു തിരിച്ചടിയോ തീവ്രനിലപാടുകളോ നിങ്ങൾ ഒരിക്കലും ഭയക്കേണ്ടതില്ല. പക്ഷേ ഇതിലും കൊടിയ മതപീഢന കാലത്തും ക്രിസ്തുവെന്ന സഭയിൽ ഒന്നിച്ചു നിന്ന ലോകോത്തര സമൂഹമായതുകൊണ്ടുതന്നെ ഈ വെല്ലുവിളിയും ഈ സമൂഹവും കാലവും അതിജീവിക്കുമെന്ന് തീർച്ച. അത്തരമൊരു സാഹചര്യത്തിൽ തന്നെയാണ്, ക്രിസ്തു ശിഷ്യരുടെ നേതൃത്വത്തിൽ ലോകമെമ്പാടും ഈ സഭ വളർന്നു പന്തലിച്ചതും ഇന്നു കാണുന്ന സാമൂഹ്യ പശ്ചാത്തലത്തിലേയ്ക്ക് ഈ നാടിനെയും ഇവിടുത്തെ സമൂഹത്തേയും വളർത്തിയതും.

അതു കൊണ്ട് തന്നെ, ഇടിച്ചു നിരത്തിയിടത്ത് നടന്ന ഈ ദിവ്യബലിയർപ്പണം, ക്ഷമയുടെയും അതു പ്രസരിപ്പിക്കുന്ന നൻമയുടെയുടെ വലിയ സാധ്യതകളവശേഷിപ്പിക്കുന്നുണ്ട്. കേരള നാടിന്റെ ആരാധനാലയങ്ങളുടെ സുഖശീതളിമയിലല്ല;അങ്ങ് ഡൽഹിയിൽ നടന്ന സംഭവ വികാസങ്ങളെന്ന് നോക്കി കാണേണ്ടതുണ്ട്. അക്കാരണത്താൽ തന്നെ വേദനയനുഭവിക്കുന്ന അവിടുത്തെ സമൂഹത്തിന് അവശ്യം വേണ്ട ധാർമ്മിക പിന്തുണയും സഹായവുമൊക്കെ കൊടുക്കേണ്ടത് നമ്മുടെ ബാധ്യതയും അടിസ്ഥാനപരമായ ഉത്തരവാദിത്വവും കൂടിയാകണം. അപ്പോഴാണ്, വിശ്വാസ പ്രമാണത്തിലെ ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവ്വത്രികവുമായ തിരുസഭയുടെ യഥാർത്ഥ വക്താക്കളാകാൻ നമുക്ക് സാധിക്കുകയുളളൂ. ആരാധനാക്രമങ്ങളിലെ വ്യത്യസ്തതയേക്കാൾ അവയുടെ തനിമയും വ്യതിരിക്തതയും മുറുകെ പിടിച്ച് നമുക്കൊരുമിച്ച് പ്രാർത്ഥനയിൽ കൈകോർക്കാം.

ഡൽഹി -അന്ധേരിയ മോഡിലെ ലിറ്റിൽ ഫ്ലവർ സീറോ മലബാർ കത്തോലിക്കാ ഇടവകയിലെ വിശ്വാസികളുടെ വേദനയിൽ പങ്കുചേരുന്നതോടൊപ്പം, ഈ ദിവ്യബലിയർപ്പണത്തോട് ചേർന്ന് ശരിയായ പ്രശ്ന പരിഹാരം ഇക്കാര്യത്തിനുണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

(ലേഖകനായ ഡോ.ഡെയ്സൻ പാണേങ്ങാടൻ സീറോ മലബാർ കുടുംബ കൂട്ടായ്മ സെക്രട്ടറിയും തൃശ്ശൂർ സെന്റ്. തോമസ് കോളേജിലെ അസിസ്റ്റന്‍റ് പ്രഫസറുമാണ് )

More Archives >>

Page 1 of 27